പുതിയ ക്രൈസ്തവ പാർട്ടി വരുന്നു: പിന്നില്‍ ബിജെപി, നേതൃ നിരയില്‍ മുന്‍ കേരള കോണ്‍ഗ്രസ് എംഎല്‍എമാരും
കോട്ടയം: കേരളത്തില്‍ ചുവടുറുപ്പിക്കല്‍ ഭൂരിപക്ഷ സമുദായത്തിന്റെ മാത്രം പിന്തുണ കൊണ്ട് സാധ്യമാവില്ലെന്ന് തിരിച്ചറിഞ്ഞ ബി ജെ പി നേതൃത്വം നേരത്തെ മുതല്‍ തന്നെ ക്രൈസ്തവ വിഭാഗത്തെ തങ്ങളോട് അടുപ്പിക്കാനുള്ള ശ്രമം ആരംഭിച്ചിരുന്നു. ഈ ശ്രമത്തിന്റെ ഭാഗമായി ചില ചലനങ്ങള്‍ ഉണ്ടായെങ്കിലും അത് വലിയൊരു മുന്നേറ്റമായി മാറിയില്ല. ക്രിസ്ത്യന്‍ വിഭാഗം നേരിട്ട് ബി ജെ പിയിലേക്ക് എത്താന്‍ മടിക്കുന്നതാണ് പ്രധാന തടസ്സമായി നില്‍ക്കുന്നത്.
ഇതോടെയാണ് ബി ജെ പിയുടെ ആശീർവാദത്തില്‍ പുതിയ പാർട്ടിക്ക് രൂപം കൊടുത്ത് അതിലൂടെ ക്രിസ്ത്യന്‍ വോട്ടുകള്‍ മുന്നണിയിലേക്ക് എത്തിക്കാനുള്ള പദ്ധതി ആവിഷ്കരിച്ചത്. ഇതിന്റെ ആദ്യപടിയെന്നോണമാണ് സെപ്റ്റംബർ 17 ന് ഭാരതീയ ക്രൈസ്തവ സംഗമത്തിന് ബി ജെ പി ഒരുങ്ങുന്നത്.

കേരളത്തിലെ ക്രൈസ്തവ സഭകളെ മുഴുവന്‍ ഒരുകുടക്കീഴില്‍ കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെയാണ് ബി ജെ പി മുന്‍കൈയെടുത്ത് ക്രൈസ്തവ സംഗമം നടത്തുന്നത്. ഇതിലൂടെ ക്രൈസ്തവ സഭകളെ ബി ജെ പിക്കൊപ്പം നിർത്തുകയും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ അത് ഗുണകരമാക്കി മാറ്റുക എന്നുള്ളതുമാണ് ലക്ഷ്യം.
അരയന്നപ്പിടപോല്‍ അഴകീ..: തൂവെള്ളയില്‍ നിറഞ്ഞാടി അപർണ്ണ ബാലമുരളി, വൈറല്‍ ചിത്രങ്ങള്‍

മുന്‍ കേരള കോണ്‍ഗ്രസ് നേതാവും എം എല്‍ എയുമായ ജോർജ് ജെ മാത്യുവാണ് സംഘടനയ്ക്ക് ചുക്കാന്‍ പിടിക്കുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. സംഘടന രൂപീകരണത്തിന്റെ മുന്നോടിയായി വിവിധ ക്രൈസ്തവ മേലധികാരികളുമായി ബി ജെ പി ദേശീയ നേതാക്കള്‍ തന്നെ കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് കേരള കോണ്‍ഗ്രസിന്റെ ചില മുതിർന്ന നേതാക്കളും മുന്‍ എം എല്‍ എമാരും എംപിമാരും ചില പ്രമുഖ ക്രിസ്ത്യന്‍ ബിഷപ്പുമാരും കഴിഞ്ഞ ദിവസം കളമശ്ശേരിയില്‍ യോഗം ചേർന്ന് സംഗമത്തിന്റെ നടത്തിപ്പിനെക്കുറിച്ച് കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

പാലാ ബിഷപ് കഴിഞ്ഞവര്‍ഷം ഉയര്‍ത്തിയ നാര്‍ക്കോട്ടി ജിഹാദ് വിഷയത്തിലും കഴിഞ്ഞദിവസം തലശേരി ബിഷപ് ഉയര്‍ത്തിയ ലൗ ജിഹാദ് വിവാദത്തിലും വലിയ പിന്തുണയായിരുന്നു ബി ജെ പി നേതൃത്വം നല്‍കിയിരുന്നത്. ക്രിസ്ത്യന്‍ പിന്തുണയുണ്ടെങ്കില്‍ മധ്യകേരളത്തില്‍ നിർണ്ണായക ശക്തിയായി മാറാന്‍ സാധിക്കുമെന്ന കണക്ക് കൂട്ടലിലാണ് ബി ജെ പി നീക്കം.

2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ പാർട്ടിയായി മാറുന്ന നിലയിലായിരിക്കും പുതിയ ക്രൈസ്തവ സംഘടന രൂപീകരിക്കുക. പാർട്ടി രൂപീകരിച്ച് കഴിഞ്ഞാല്‍ ഉടന്‍ തന്നെ ഇത് എന്‍ ഡി എയുടെ ഭാഗമായി മാറുകയും ചെയ്യും. കോട്ടയം, പത്തനംതിട്ട, എറണാകുളം, തൃശ്ശൂർ തുടങ്ങിയ ക്രൈസ്തവ ബെല്‍റ്റില്‍ എന്‍ ഡി എയുടെ ഭാഗമായി പുതിയ പാർട്ടി മത്സരിക്കുന്ന രീതിയിലാണ് ചർച്ചകള്‍ മുന്നോട്ട് പോവുന്നത്.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പയറ്റി തെളിഞ്ഞ തന്ത്രമാണ് ബി ജെ പി കേരളത്തിലും നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. കേന്ദ്രസർക്കാർ പദ്ധതികളുടെ ക്ഷേമ നടപടികൾ ഉയർത്തിക്കാട്ടി കേരളത്തിലെ ക്രിസ്ത്യാനികളിലേക്ക് കൂടുതല്‍ അടുക്കാനും ബി ജെ പി പദ്ധതിയുണ്ട്. ഇതിനായി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ക്രിസ്ത്യൻ നിയമസഭാംഗങ്ങളെ കേരളത്തിലേക്ക് അയക്കാനും ബി ജെ പി തീരുമാനിച്ചിട്ടുണ്ട്.

അടുത്തിടെ ഹൈദരാബാദിൽ ചേർന്ന ബി ജെ പി ദേശീയ നിർവാഹക സമിതി (എൻഇസി) യോഗത്തിൽ, ന്യൂനപക്ഷ സമുദായങ്ങൾക്കുള്ളിൽ പുതിയ സാമൂഹിക സമവാക്യങ്ങൾ പരീക്ഷിച്ച് നടപ്പിലാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പാർട്ടി നേതാക്കളോട് ആവശ്യപ്പെട്ടിരുന്നു. കേരളത്തിലെ ക്രിസ്ത്യൻ സമൂഹത്തോടൊപ്പം പരിപാടികൾ സംഘടിപ്പിക്കാൻ പ്രധാനമന്ത്രി പാർട്ടി നേതാക്കളോട് ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.












Click it and Unblock the Notifications