അർജുന്റെ ലോറിയിലെ കയർ കണ്ടെത്തി? നിർണ്ണായക നിമിഷത്തിലേക്ക്, പരിശോധന കാര്യക്ഷമമെന്ന് എംഎല്‍എ
അങ്കോള: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശിയായ അർജുന് വേണ്ടിയുള്ള തിരച്ചിലില്‍ നിർണ്ണായക വഴിത്തിരിവ്. അർജുൻ ഓടിച്ചിരുന്ന ലോറി ലൊക്കേറ്റ് ചെയ്‌തെന്ന സൂചനയാണ് പുറത്ത് വരുന്നത്. അർജുന്റെ ലോറിയിലെ തടി കെട്ടിയതെന്ന് സംശയിക്കുന്ന കയറിന്റെ ഭാഗങ്ങൾ കണ്ടെടുത്തിട്ടുണ്ട്. ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വരുന്നുണ്ട്. കയർ കണ്ടെത്തിയോ എന്ന ചോദ്യത്തിന് കണ്ടെത്തിയിട്ടുണ്ട് എന്നായിരുന്നു കാർവാർ എം എല്‍ എയുടെ പ്രതികരണം.
അതേസമയം പരിശോധന കാര്യക്ഷമമായ രീതിയില്‍ പുരോഗമിക്കുകയാണെന്ന് ലിന്റോ ജോസഫ് എം എല്‍ എയും വ്യക്തമാക്കി. സൈന്യം, നേവി തുടങ്ങിയ എല്ലാ സേനകളും മികച്ച സംവിധാനങ്ങളുമായിട്ടാണ് ഇന്ന് പരിശോധന നടത്തുന്നത്. തിരച്ചിലുമായി ബന്ധപ്പെട്ട് ഇന്ന് നിർണ്ണായക പുരോഗതിയുണ്ടാകുമെന്നാണ് വിശ്വാസമെന്നും ലിന്റോ ജോസഫ് വണ്‍ഇന്ത്യ മലയാളത്തോട് വ്യക്തമാക്കി.

ബും മണ്ണുമാന്തി യന്ത്രങ്ങള്‍ ഉള്‍പ്പെടേയുള്ളവ എത്തിച്ചാണ് ഇന്നത്തെ പരിശോധന. ഇതോടൊപ്പം തന്നെ മണ്ണ് നീക്കാന്‍ മറ്റ് മണ്ണുമാന്തി യന്ത്രങ്ങളുമുണ്ട്. പുഴയോട് ചേർന്ന് പ്രദേശത്തെ പരിശോധനയാണ് ഇന്ന് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്. മലയാളി സന്നദ്ധ പ്രവർത്തകർ ഇന്നത്തെ പരിശോധനയില്‍ ഭാഗമല്ല. എങ്കിലും തിരച്ചില്‍ മികച്ച രീതിയില്‍ തന്നെ പുരോഗമിക്കുകയാണെന്നും ഷിരൂരില്‍ നിന്നും തിരുവമ്പാടി എം എല്‍ എ ലിന്റോ ജോസഫ് വ്യക്തമാക്കി.
മഞ്ചേശ്വരം എം എല്‍ എ എ കെ എം അഷ്റഫ്, ബാലുശ്ശേരി എം എല്‍ എ സച്ചിന്‍ ദേവ് എന്നിവരും ഷിരൂരില്‍ തുടരുന്നുണ്ട്. പരിശോധനയില്‍ ഇന്ന് ഒരു നിർണ്ണായക വഴിത്തിരിവ് ഉണ്ടാകുമെന്നാണ് എ കെ എം അഷ്റഫ് വ്യക്തമാക്കുന്നത്. കർവാർ എം എല്‍ എ സതീഷ്‍ കൃഷ്ണ സെയിലിന്റെ നേതൃത്വത്തില്‍ കൃത്യമായ രീതിയാലാണ് തിരച്ചിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ലോറിയുടെ സാന്നിധ്യമെന്ന് കരുതുന്ന സിഗ്നല്‍ ലഭിച്ചുവെന്ന് നാവിക സേന വ്യക്തമാക്കി. അഡ്വാൻസ്ഡ് പോർട്ടൽ പോളാർ സിസ്റ്റം ഉപയോഗിച്ചുള്ള സ്കാനിങ്ങിൽ ഗംഗാവാലി നദിയിൽ നിന്നാണ് സിഗ്നൽ ലഭിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ തീരത്തോട് ചേർന്നുള്ള ഭാഗത്ത് ഇപ്പോള്‍ നാവിക സേനയുടെ മുങ്ങല്‍ വിദഗ്ധർ പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്. അർജുന്റെ ലോറി ഇവിടെ ഉണ്ടാകാമെന്നാണ് കരുതുന്നത്. ഇത് സംബന്ധിച്ച ചില വ്യക്തമായ സൂചനകളും ഇപ്പോള്‍ പുറത്ത് വരുന്നുണ്ട്.












Click it and Unblock the Notifications