2018 സിനിമ സൂപ്പര്‍ഹിറ്റായിട്ടും ഹീറോയായത് പെപ്പെ.. സിനിമയിലേത് ജൂഡിന്റെ രാഷ്ട്രീയ ആഭിമുഖ്യമെന്ന് റഹീം
തിരുവനന്തപുരം: ആന്റണി വര്‍ഗീസ് - ജൂഡ് ആന്തണി ജോസഫ് തര്‍ക്കത്തിലും 2018 സിനിമയുടെ രാഷ്ട്രീയ ആഖ്യാനത്തിലും പ്രതികരണവുമായി എ എ റഹീം എംപി. യുവധാര യൂത്ത് ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ സംസാരിക്കവെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സിനിമയുടെ സാങ്കേതികവിദ്യയോ വരുമാനമോ അല്ല, യഥാര്‍ഥ മനുഷ്യരാണ് ചരിത്രത്തിലെ നായകന്മാരെന്ന് റഹീം അഭിപ്രായപ്പെട്ടു.
2018 എന്ന സിനിമ ജൂഡ് ആന്തണിയുടെ രാഷ്ട്രീയ ആഭിമുഖ്യത്തിന്റെ പ്രകടനമാണെന്നും അത് യാഥാര്‍ത്ഥ്യ ബോധവുമായി പൊരുത്തപ്പെടുന്നതല്ല എന്നും റഹീം പറഞ്ഞു. 2018 എന്ന സിനിമ താന്‍ കണ്ടിട്ടില്ലെന്നും അതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ മാത്രമാണ് ശ്രദ്ധയില്‍പ്പെട്ടത് എന്നും റഹീം കൂട്ടിച്ചേര്‍ത്തു. സിനിമയില്‍ തിരക്കഥാകൃത്തിനും സംവിധായകനും അവരുടേതായ രീതികളും കഥപറച്ചിലും അവലംബിക്കാന്‍ സ്വാതന്ത്ര്യമുണ്ട്.

2018-നെ ഒരു സിനിമയായി മാത്രമാണ് താന്‍ കാണുന്നത് എന്നും അദ്ദേഹം പറഞ്ഞു. കഥപറച്ചിലില്‍ രാഷ്ട്രീയം പ്രതിഫലിക്കാം എന്നും കലാകാരനെന്നെ നിലയില്‍ ജൂഡിന്റെ സര്‍ഗാത്മകതയെ താന്‍ ചോദ്യം ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ജൂഡ് ആന്തണി ജോസഫിനെ ഞാന്‍ അഭിനന്ദിക്കുന്നു. എന്നാല്‍ സിനിമയിലേത് ജൂഡിന്റെ രാഷ്ട്രീയ ആഭിമുഖ്യത്തിന്റെ പ്രകടനമാണ് എന്നും റഹീം വ്യക്തമാക്കി.
2018 ന്റെ സംവിധായകനാണോ ആന്റണി പെപ്പെയാണോ ഹീറോ എന്ന് ചോദിച്ചാല്‍ ആന്റണി പെപ്പെ എന്നാണ് ഇപ്പോള്‍ ആളുകള്‍ പറയുന്നത് എന്നും അദ്ദേഹം പറഞ്ഞു. സിനിമയുടെ സാങ്കേതികവിദ്യയോ കളക്ഷന്‍ റെക്കോഡുകളോ അല്ല യഥാര്‍ത്ഥ മനുഷ്യരാണ് ചരിത്രത്തില്‍ നായകന്മാരാകുന്നത്. അതാണ് സിനിമ ഹിറ്റായപ്പോഴും ആന്റണി പെപ്പെ എന്ന ഒറ്റയാന്‍ നായകനായി മാറുന്നത്.
കേരളത്തിന്റെ ജനാധിപത്യവും സംസ്‌കാരവും അതാണ് എന്നും എ എ റഹീം വ്യക്തമാക്കി. 2018 സിനിമക്ക് പിന്നാലെ ജൂഡ് ആന്തണി ജോസഫ് നല്‍കിയ ഒരു അഭിമുഖത്തില്‍ ആന്റണി വര്‍ഗീസിന് എതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചതാണ് നിലവിലെ വിവാദത്തിന് ആധാരം.
ആന്റണി വര്‍ഗീസ് ഒരു സിനിമയ്ക്ക് വേണ്ടി അഡ്വാന്‍സായി 10 ലക്ഷം വാങ്ങി സഹോദരിയുടെ വിവാഹം നടത്തിയെന്നും അതിനുശേഷം സിനിമയില്‍ നിന്ന് ഒഴിഞ്ഞുമാറി എന്നുമായിരുന്നു ആരോപണം. ഇതിന് പിന്നാലെ വിശദീകരണവുമായി ആന്റണി വര്‍ീസ് രംഗത്തെത്തിയിരുന്നു. അഡ്വാന്‍സ് വാങ്ങിയ തുക താന്‍ മടക്കി നല്‍കിയതിന് ശേഷം ഒരു വര്‍ഷം കഴിഞ്ഞാണ് സഹോദരിയുടെ വിവാഹം നടന്നത് എന്ന് ആന്റണി വര്‍ഗീസ് പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ ജൂഡ് ആന്തണി ജോസഫ് മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരുന്നു. അതിനിടെ ആന്റണി വര്‍ഗീസിന്റെ കുടുംബം ജൂഡ് ആന്തണിയ്ക്കെതിരേ പരാതി നല്‍കിയിട്ടുണ്ട്. അതേസമയം ആന്റണി വര്‍ഗീസ് സഹോദരിയുടെ വിവാഹ ആവശ്യത്തിന് എന്ന് പറഞ്ഞ് തന്നെയാണ് 10 ലക്ഷം രൂപ മുന്‍കൂറായി വാങ്ങിയത് എന്ന് പറഞ്ഞ് സിനിമയുടെ നിര്‍മാതാക്കള്‍ രംഗത്തെത്തിയിരുന്നു.












Click it and Unblock the Notifications