'വിഎസ് നിങ്ങള്‍ക്ക് മാത്രം അറിയുന്ന ആളല്ല,പോപ്പുലര്‍ ഫ്രണ്ടിനെ ഉദ്ധരിച്ച് പറഞ്ഞതിനെ അടര്‍ത്തിയെടുത്തതാണ്';റഹീം
തിരുവനന്തപുരം: ജെ എൻ യു സർവ്വകലാശാലയിൽ 'ദ കേരള സ്റ്റോറി' സിനിമ പ്രദര്‍ശപ്പിച്ചതിനെതിരെ രാജ്യസഭ എംപിയും ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റുമായ എ എ റഹീം. കേന്ദ്ര സർവകലാശാലയിൽ സിനിമ പ്രദർശനം നടത്തിയത് ഗൗരവകരമായ വിഷയമാണ്. അതിന് വേണ്ടി അധികൃതർ സൗകര്യം ഒരുക്കിയത് ജനാതിപത്യ വിരുദ്ധതയാണെന്നും റഹീം കുറ്റപ്പെടുത്തി.കേരളത്തിനെതിരായ വിദ്വേഷ പ്രചാരണത്തിന്റെ ഭാഗമാണ് സിനിമ എന്നും റഹീം പറഞ്ഞു.
കേരളത്തിൽ മതപരിവർത്തനം നടക്കുന്നുവെന്നത് ബി ജെ പിയുടെ നറേഷൻ മാത്രം ആണ്. ശശികലയുടെ പ്രസംഗത്തിൽ പറഞ്ഞത് മദർ തെരേസ മുതൽ ഇങ്ങോട്ടുള്ള ക്രൈസ്തവ പുരോഹിതരെല്ലാം മതം മാറ്റാൻ വന്നവരാണെന്നാണ്. ക്രിസ്ത്യാനികൾ ആതുര ശുശ്രൂഷയുടെ വഴിയിലൂടെയാണ് ഇത്തരത്തിൽ മതം മാറ്റുന്നതെന്നാണ് പറഞ്ഞത്. മുസ്ലീങ്ങളെ സംബന്ധിച്ച് അവർ പ്രണയം നടിച്ച് മതം മാറ്റുന്നുവെന്നാണ്. ഇത് രണ്ടും ഒരേ കാറ്റഗറിയിൽ പെടുന്ന ആരോപണങ്ങളാണ്.

ബി ജെ പിയുടെ ഈ ആരോപണങ്ങൾ എല്ലാം കേരളത്തിലെ ജനം തള്ളിക്കളഞ്ഞതാണ്. കേരളത്തിനെ സംബന്ധിച്ച് ഇത്തരം അനുഭവങ്ങൾ ഉണ്ടായിരുന്നുവെങ്കിൽ കേരളത്തിൽ എന്നേ ബി ജെ പി രാഷ്ട്രീയ നേട്ടം ഉണ്ടാക്കിയേനെ. ബി ജെ പിക്ക് രാഷ്ട്രീയ നേട്ടം ഉണ്ടാക്കാനാകില്ലെന്ന് വ്യക്തമാക്കിയ സംഭവമല്ലേ തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ കെട്ടിവെച്ച കാശ പോലും ലഭിക്കാതിരുന്നത്.
മതപരിവർത്തനം എന്നത് ഇന്ത്യയിൽ കുറ്റകരമായ ഒന്നല്ല. ഇവിടെ ആർ എസ് എസ് പറയുന്നത് ആളുകളെ പ്രകോപിപ്പിച്ച് ക്രൈസ്തവ സഭകൾ ഹിന്ദുക്കളെ ക്രിസ്തുമതത്തിലേക്ക് മാറ്റുന്നുവെന്നതാണ് അവരുടെ ഒരു ആരോപണം. അതാണ് മദർ തെരേസ പോലും മതം മാറ്റാൻ വന്ന കാട്ടുകള്ളിയാണെന്ന് ശശികല പ്രസംഗിച്ചത്.
പ്രണയം നടിച്ച് മുസ്ലീങ്ങൾ ഹിന്ദു-ക്രിസ്ത്യൻ പെൺകുട്ടികളെ മതം മാറ്റുന്നുവെന്നത് ആർ എസ് എസ് ആരോപണം മാത്രമാണ്, റഹീം പറഞ്ഞു.
ലവ് ജിഹാദ് വ്യാജമാണെന്ന് ഡി വൈ എഫ് ഐ പ്രത്യേകം പറയണ്ടല്ലോ, കേന്ദ്രം തന്നെ പാര്‍ലമെന്‍റില്‍ പറഞ്ഞിട്ടുണ്ട്, ഇന്ത്യയിലെ എല്ലാ ഏജന്‍സികളും ലവ് ജിഹാദ് ഇല്ലെന്ന് പറഞ്ഞിട്ടുണ്ട്', റഹീം പറഞ്ഞു.
കേരളത്തെ ഇസ്ലാമിക രാജ്യമാക്കാന്‍ വേണ്ടി ഒരു സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഹിന്ദു പെണ്‍കുട്ടികളെ മതം മാറ്റാനായി അവരിലെ ചെറുപ്പക്കാര്‍ പണിയെടുക്കുന്നുണ്ടെന്നുമുള്ള വിഎസിന്റെ പരാമർശം സംബന്ധിച്ച ചോദ്യത്തിന് അത്തരമൊരു കാര്യം വിഎസ് പറഞ്ഞിട്ടില്ലെന്നും ചോദ്യങ്ങൾ വെറും അസംബന്ധമാണെന്നും റഹീം പറഞ്ഞു.പോപ്പുലര്‍ ഫ്രണ്ടിനെ ഉദ്ധരിച്ച് പറഞ്ഞതിനെ അടര്‍ത്തിയെടുത്തതാണെന്നും റഹീം വിമർശിച്ചു.












Click it and Unblock the Notifications