ആപ്പിന്റെ അടുത്ത ലക്ഷ്യവും കോണ്‍ഗ്രസ് തട്ടകം: രാജസ്ഥാന്‍ പിടിക്കാന്‍ തന്ത്രമൊരുങ്ങുന്നു
ന്യൂഡൽഹി: പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് ദിവസങ്ങൾക്ക് ശേഷം അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടി കൂടുതല്‍ സംസ്ഥാനത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടിരിക്കുകയാണ്. അതില്‍ തന്നെ ഏറ്റവും പ്രധാനപ്പെട്ടത് അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത് രാജസ്ഥാനാണ്.
പഞ്ചാബിലേത് എന്നത് പോലെ തന്നെ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനമാണ് രാജസ്ഥാന്‍. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളെ മാത്രം എ എ പി ലക്ഷ്യം വെക്കുന്നുവെന്ന വിമർശനങ്ങളെ ബലപ്പെടുത്തുന്നത് കൂടിയാണ് ഈ നീക്കം.

നിയമസഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാനത്ത് പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനായി ജയ്പൂരിൽ ദ്വിദിന സമ്മേളനവും എ എ പി വിളിച്ച് ചേർത്തിട്ടുണ്ട്. മാർച്ച് 26നും 27നും നടക്കുന്ന പരിപാടിയിൽ പാർട്ടിയുടെ ക്ഷേമ നയങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാനുള്ള വഴികൾ ചർച്ച ചെയ്യുമെന്നാണ് രാജസ്ഥാന്റെ ചുമതലയുള്ള എ എ പി നേതാവും രാജ്യസഭ എംപിയുമായ സഞ്ജയ് സിങ് വ്യക്തമാക്കിയിരിക്കുന്നത്.

ദ്വാരകയിൽ നിന്നുള്ള എ എ പി നിയമസഭാംഗവും മുൻ എംപിയുമായ മഹാബൽ മിശ്രയുടെ മകനുമായ വിനയ് മിശ്രയ്ക്ക് രാജസ്ഥാന്റെ പുതിയ ചുമതല നൽകാമെന്നും പാർട്ടി നേതാക്കൾ പറഞ്ഞു. " 'വിജയ് ഉത്സവ്' എന്ന പേരില്‍ എ എ പി രണ്ട് ദിവസത്തെ കൺവെൻഷൻ നടത്താൻ പോകുന്നു - രാജസ്ഥാനിലെ സംഘടനയെ ശക്തിപ്പെടുത്തുന്നതിന് എല്ലാ പാർട്ടി നേതാക്കളും പ്രവർത്തകരും അതിൽ പങ്കെടുക്കും," എ എ പിയുടെ സംസ്ഥാന സഹ-ഇൻചാർജ് ഖേംചന്ദ് ജാഗിർദാർ പറഞ്ഞു.

"പാർട്ടി ഹിമാചൽ പ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പ് ആരംഭിച്ചു. പഞ്ചാബിന്റെ അയൽ സംസ്ഥാനമാണ് രാജസ്ഥാൻ, ന്യൂഡൽഹിയോട് അടുത്താണ്. അതിനാൽ സംസ്ഥാനത്ത് സംഘടനയെ ശക്തിപ്പെടുത്തുന്നതിനായി പാർട്ടി രണ്ട് ദിവസത്തെ കൺവെൻഷൻ സംഘടിപ്പിക്കുന്നു. അടുത്തവർഷം നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിനെ സംബന്ധിച്ച് തങ്ങള്‍ക്ക് വലിയ പ്രതീക്ഷയാണുള്ളത്," ജാഗിർദാർ പറഞ്ഞു.

രാജസ്ഥാനിൽ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷന്റെ പേര് ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്തെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾക്ക് ബദൽ ജനങ്ങൾക്ക് നൽകുന്നതിനായി ആം ആദ്മി പാർട്ടി അംഗത്വ വിതരണം ഉടൻ നടത്തും. 2018 ലെ രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പിൽ 200 സീറ്റുകളിൽ 142 സ്ഥാനാർത്ഥികളെ എഎപി നിർത്തിയിരുന്നെങ്കിലും ഒരു സീറ്റിൽ പോലും വിജയിക്കാനായില്ല എന്നത് ശ്രദ്ധേയമാണ്. 0.4 ശതമാനം വോട്ടുകളായിരുന്നു അന്ന് പാർട്ടിക്ക് ലഭിച്ചത്.

അതേസമയം, രാജസ്ഥാന് പിന്നാലെ ഗുജറത്ത് ലക്ഷ്യമാക്കി ആംആദ്മി പാർട്ടിയും നീങ്ങുന്നുണ്ട്. മികച്ച പ്രവർത്തനത്തിലൂടെ കോണ്‍ഗ്രസിനെ പിന്തുള്ളി സംസ്ഥാനത്ത് ബി ജെ പി - എ എ പി നേർക്കുനേർ പോരാട്ട സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ അരവിന്ദ് കെജ്രിവാളും കൂട്ടരും നീങ്ങുന്നത്. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഏപ്രിലിൽ ഗുജറാത്തിൽ എഎപി 'തിരംഗ യാത്ര' ആരംഭിക്കുന്നുണ്ട്. ഗുജറാത്തിലെ എല്ലാ ജില്ലകളിലെയും ഗ്രാമപഞ്ചായത്തുകളിലൂടെ സഞ്ചരിക്കുന്ന രീതിയിലാണ് യാത്ര പ്ലാന്‍ ചെയ്തിരിക്കുന്നത്.

യാത്രയുടെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി എഎപി അധ്യക്ഷൻ അരവിന്ദ് കെജ്‌രിവാളും പഞ്ചാബിലെ പുതിയ മുഖ്യമന്ത്രിയായ ഭഗവത് മാനും ഉടൻ ഗുജറാത്ത് സന്ദർശിക്കും. പഞ്ചാബ് തിരഞ്ഞെടുപ്പിലെ അലയൊലികള്‍ ഗുജറാത്തിലും മറ്റൊരു സമീപ സംസ്ഥാനമായ ഹിമാചലിലും ഉണ്ടാവുമെന്നാണ് എ എ പി പ്രതീക്ഷിക്കുന്നത്.












Click it and Unblock the Notifications