നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു
കൊല്ലം: പ്രമുഖ നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു. ചികിത്സയിലിരിക്കെയാണ് മരണം. ഏറെ നാളായി അസുഖ ബാധിതനായി ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം. അസുഖത്തെ തുടർന്ന് സിനിമ-സീരിയൽ നാടക രംഗത്ത് നിന്ന് വിട്ട് നിൽക്കുകയായിരുന്നു. നടനും എംഎൽഎയുമായ എം മുകേഷിന്റെ സഹോദരി സന്ധ്യയുടെ ഭർത്താവാണ് ഇഎ രാജേന്ദ്രൻ. സംസ്‌കാരം വെള്ളിയാഴ്‌ച തൃശൂരിൽ വെച്ച് നടക്കും.
കൊല്ലം പട്ടത്താനത്തെ വസതിയിൽ വെച്ച് ഇന്ന് പുലർച്ചെയോടെയായിരുന്നു ഇഎ രാജേന്ദ്രന്റെ അന്ത്യം. ആശുപത്രിയിൽ എത്തിച്ച ശേഷം മരണം സ്ഥിരീകരിക്കുകയായിരുന്നു. ഭാര്യ സന്ധ്യ രാജേന്ദ്രനും അഭിനയ രംഗത്ത് സജീവമായിരുന്നു. അടുത്തിടെ ഏറെ ശ്രദ്ധിക്കപ്പെട്ട ബേസിൽ ജോസഫ് നായകനായ പൊന്മാൻ എന്ന ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്‌തത് സന്ധ്യയായിരുന്നു. മകനും സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

തൃശൂരിൽ ജനിച്ച ഇഎ രാജേന്ദ്രൻ നാടകരംഗത്ത് ഉൾപ്പെടെ സജീവമായിരുന്നു. നിരവധി നാടകങ്ങളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്‌തിരുന്നു. കൂടാതെ അറുപതോളം സിനിമകളിൽ സ്വഭാവനടനായും വില്ലൻ കഥാപാത്രങ്ങളായും വേഷമിട്ടു. നാടകത്തിനും സിനിമയ്ക്കും പുറമേ ടെലിവിഷൻ സീരിയലുകളിലും സജീവമായിരുന്നു. നിരവധി നാടകങ്ങൾ സംവിധാനം ഇഎ രാജേന്ദ്രൻ സംവിധാനം ചെയ്യുകയും ചെയ്‌തിട്ടുണ്ട്.
കളിയാട്ടം, പ്രണയവർണ്ണങ്ങൾ, പട്ടാഭിഷേകം, തച്ചിലേടത്ത് ചുണ്ടൻ, നരസിംഹം, മീശമാധവന്‍ എന്നിവ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ചിത്രങ്ങളാണ്. ഇന്ന് പകൽ ഒമ്പതോടെ ആശുപത്രിയിൽനിന്നും മൃതദേഹം വീട്ടിലെത്തിക്കും. തുടർന്ന് പൊതുദർശനമുണ്ടാകും. ഉച്ചയോടെ കാളിദാസ കലാകേന്ദ്രത്തിലും പൊതുദർശനം നടക്കും. വൈകിട്ടോടെ മൃതദേഹം ജന്മനാടായ തൃശൂർ തൃത്തല്ലൂരിലേക്ക് കൊണ്ടുപോകും.
ഡൽഹിയിലെ നാഷനൽ സ്‌കൂൾ ഓഫ് ഡ്രാമ, പുണെ ഫിലിം ഇൻസ്‌റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലായിരുന്നു കലാ പഠനം. തൃത്തല്ലൂർ യുപി സ്‌കൂളിൽ പഠിക്കുന്ന കാലത്ത് അദ്ദേഹം സ്‌കൂൾ നാടകരംഗത്ത് സജീവമായി ഇടപെട്ടിരുന്നു. കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം, അദ്ദേഹം ഡൽഹിയിലെ പ്രശസ്‌തമായ നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമയിൽ പ്രവേശനം നേടി. അവിടെ ഒന്നാം റാങ്കോടെ ബിരുദം കരസ്ഥമാക്കി. തുടർന്ന്, പൂനെയിലെ ഫിലിം ഇൻസ്‌റ്റിറ്റ്യൂട്ടിൽ നിന്നൊരു ടെലിവിഷൻ കോഴ്‌സും അദ്ദേഹം വിജയകരമായി പൂർത്തിയാക്കി.
ജയരാജ് സംവിധാനം ചെയ്‌ത പെരുങ്കളിയാട്ടമാണ് ഇഎ രാജേന്ദ്രൻ അവസാനമായി അഭിനയിച്ച ചലച്ചിത്രം. തന്റെ കലാപരമായ സംഭാവനകൾക്കപ്പുറം, രാജേന്ദ്രൻ സംസ്ഥാന ഹോർട്ടികൾച്ചർ കോർപ്പറേഷൻ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. 2010-ൽ, 'രാമനൻ' എന്ന നാടകത്തിലെ മികവിന് വെഞ്ഞാറമൂട് രാമചന്ദ്രൻ സ്‌കാരക സംസ്ഥാന പ്രൊഫഷണൽ നാടകമേളയിൽ മികച്ച സംവിധായകനുള്ള അവാർഡും അദ്ദേഹം നേടി.












Click it and Unblock the Notifications