'ജീവിതത്തിൽ ആദ്യമാണ് ഇങ്ങനെയൊക്കെ'; പുലർച്ചെ വീട്ടിൽ അതിക്രമിച്ചു കടക്കാൻ ശ്രമമെന്ന് ബാല, വീഡിയോയും
കൊച്ചി: അറസ്‌റ്റിന് ശേഷം വീണ്ടും പുതിയ ആരോപണവുമായി നടൻ ബാല. തന്റെ വീട്ടിലേക്ക് ചിലർ അതിക്രമിച്ചു കടക്കാൻ ശ്രമിച്ചുവെന്നാണ് നടന്റെ ആരോപണം. ഇതിനെ സാധൂകരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ തന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ താരം പങ്കുവച്ചിട്ടുണ്ട്. ഇന്ന് പുലർച്ചെ മൂന്നേമുക്കാലോടെയാണ് വീട്ടിലേക്ക് അതിക്രമിച്ചു കടക്കാൻ ശ്രമിച്ചതെന്ന് ബാല തന്റെ വീഡിയോയിലൂടെ പറയുന്നുണ്ട്.
വീടിന് പുറത്തെ സിസിടിവി ദൃശ്യങ്ങളിലാണ് ഇക്കാര്യങ്ങൾ പതിഞ്ഞിരിക്കുന്നത്. ഒരു സ്ത്രീയും പുരുഷനും കുട്ടിയുമാണ് വീഡിയോയിലുള്ളത്. വീടിന്റെ മുൻപിലുള്ള നെറ്റ് ഡോർ ഉൾപ്പെടെ ഇവർ തുറക്കുന്നത് ദൃശ്യങ്ങളിൽ കാണാമായിരുന്നു. ഇവർ കോളിങ് ബെൽ തുടർച്ചയായി അടിക്കുകയും വാതിൽ തള്ളിത്തുറക്കാൻ ശ്രമിക്കുകയും ചെയ്‌തുവെന്നാണ് നടൻ ആരോപിക്കുന്നത്.

ഇതൊരു കെണിയാണ് എന്നാണ് ബാല വീഡിയോയുടെ ക്യാപ്‌ഷനിൽ കുറിച്ചിരിക്കുന്നത്. ജീവിതത്തിൽ ഇത്തരത്തിലുള്ള കാര്യങ്ങൾ ആദ്യമായാണ് നേരിടേണ്ടി വരുന്നതെന്നും താരം കുറിച്ചു. താനൊരു വാക്ക് പറഞ്ഞാൽ അത് വാക്കാണെന്നും തന്റെ വാക്കുകളിൽ ഉറച്ചു നിൽക്കുന്നുവെന്നുമാണ് ബാല ക്യാപ്‌ഷനിൽ എഴുതിയിരിക്കുന്നത്.
'ഇപ്പോൾ സമയം പുലർച്ചെ 4.10 ആയിട്ടുണ്ട്, ഒരു മുന്നേമുക്കാലിന് സംഭവം. വന്ന് ബെൽ അടിക്കുകയാണ്. അതും ഒരു കൈക്കുഞ്ഞുമായിട്ടാണ് വരുന്നത്. പിന്നെ ഒരു പയ്യനും ഒപ്പം പുറത്ത് കുറേ പേർ നിൽക്കുന്നുമുണ്ട്. എന്തോ ഒരു കെണിയാണിത്. അകത്ത് കയറാൻ ശ്രമിക്കുന്നുണ്ട്, ഡോർ തള്ളിത്തുറക്കുന്നുണ്ട്' സിസിടിവി ദൃശ്യങ്ങൾ പങ്കുവച്ചുകൊണ്ട് നടൻ പറഞ്ഞു.
അതേസമയം, അടുത്തിടെ മുൻ ഭാര്യയുടെ പരാതിയിൽ ബാലയെ പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. പിന്നീട് താരത്തിന് കേസിൽ ഉപാധികളോടെ ജാമ്യം ലഭിച്ചിരുന്നു. മുൻ ഭാര്യയെയും മകളെയും കുറിച്ച് സമൂഹമാധ്യമങ്ങളിൽ സംസാരിക്കാൻ പാടില്ലെന്നും, അവരെ ബന്ധപ്പെടാൻ ശ്രമിക്കരുതെന്നും ഉൾപ്പെടെയുള്ള നിബന്ധനകളിലാണ് താരത്തിന്റെ ജാമ്യം ലഭിച്ചത്.
എന്നാൽ കേസ് കെട്ടിച്ചമച്ചതാണെന്നും ഹൈക്കോടതിയെ സമീപിക്കുമെന്നുമായിരുന്നു ബാലയുടെ അഭിഭാഷകർ അറിയിച്ചത്. ബാലയ്ക്ക് പുറമേ അദ്ദേഹത്തിന്റെ മാനേജർ രാജേഷ്, സുഹൃത്തായ അനന്തകൃഷ്‌ണൻ എന്നിവർക്കെതിരെയും നേരത്തെ പോലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വീഡിയോയുമായി താരം രംഗത്ത് വന്നിരിക്കുന്നത്.
സമൂഹ മാധ്യമങ്ങളിലൂടെ നിരന്തരം വീഡിയോയുമായി രംഗത്ത് വരാറുള്ള ബാലയുടെ നടപടിയിൽ നേരത്തെ മകളും വിമർശനം ഉന്നയിച്ചിരുന്നു. പിതാവ് അമ്മയെ മർദ്ദിക്കുന്നത് താൻ കണ്ടിട്ടുണ്ടെന്നും ഇനിയും ശല്യം ചെയ്യരുതെന്നുമായിരുന്നു ബാലയുടെയും അമൃത സുരേഷിന്റെയും മകൾ വീഡിയോയിൽ പറഞ്ഞിരുന്നത്. തുടർന്ന് ബാലയും മുൻ ഭാര്യയും തമ്മിൽ ആരോപണ പ്രതിരോപണങ്ങൾ പതിവായിരുന്നു. ശേഷമാണ് പരാതിയിൽ കേസെടുത്തത്.












Click it and Unblock the Notifications