മാസ് ഡയലോഗുമായി വീണ്ടും ബാല; ഒരുക്കിയത് വന്‍കെണി, 2 ലക്ഷ്യങ്ങള്‍, എല്ലാം ബോധ്യമായി
കൊച്ചി: യുട്യൂബര്‍ അജു അലക്‌സിനെ വീട്ടില്‍ കയറി തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന കേസില്‍ പോലീസ് നടന്‍ ബാലയുടെ വീട്ടിലെത്തി. ബാലയുടെ മൊഴി എടുത്ത പോലീസ് വീട്ടില്‍ പരിശോധന നടത്തുകയും ചെയ്തു. തോക്ക് കണ്ടെത്തിയില്ല. പരാതിക്കാരന്റെയും മറ്റൊരു യുട്യൂബര്‍ സന്തോഷ് വര്‍ക്കിയുടെയും മൊഴികളും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
ചെകുത്താന്‍ എന്ന പേരില്‍ വീഡിയോകള്‍ ചെയ്യുന്ന യുട്യൂബറാണ് അജു അലക്‌സ്. ഇയാളും സന്തോഷ് വര്‍ക്കിയും ചേര്‍ന്ന് തന്നെ കുടുക്കിയതാണ് എന്നാണ് ബാല പറയുന്നത്. പോലീസുമായി സംസാരിച്ചപ്പോള്‍ ഒട്ടെറെ പുതിയ വിവരങ്ങള്‍ ലഭിച്ചുവെന്നും ബാല പറഞ്ഞു. രണ്ട് ലക്ഷ്യങ്ങളാണ് അവര്‍ക്കുണ്ടായിരുന്നതെന്നും ബാല വ്യക്തമാക്കി.

ബാലക്കെതിരെ തൃക്കാക്കര പോലീസാണ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നത്. ഭീഷണിപ്പെടുത്തി, വീട്ടില്‍ അതിക്രമിച്ചുകയറി തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്. ഫേസ്ബുക്കിലൂടെ അപകീര്‍ത്തിപ്പെടുത്തിയതില്‍ പ്രതിഷേധിക്കാനാണ് ഫ്‌ളാറ്റില്‍ പോയതെന്ന് ബാല പറയുന്നു. അജു അലക്‌സിന്റെ വീട്ടിലെത്തിയ ശേഷമുള്ള വീഡിയോയും ബാല പങ്കുവച്ചിരുന്നു.
ഇന്ന് രാവിലെ മുതല്‍ പോലീസ് കേസുമായി ബന്ധപ്പെട്ട നടപടികള്‍ വേഗത്തിലാക്കി. പരാതിക്കാരന്റെയും സന്തോഷ് വര്‍ക്കിയുടെയും മൊഴി എടുത്ത ശേഷം ബാലയുടെ മൊഴി എടുക്കാന്‍ തീരുമാനിച്ചു. ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് പാലാരിവട്ടത്തെ ബാലയുടെ ഫ്‌ളാറ്റിലെത്തി മൊഴി രേഖപ്പെടുത്തുകയായിരുന്നു. ഈ വേളയില്‍ വീട് പരിശോധിക്കുകയും ചെയ്തു.
സന്തോഷ് വര്‍ക്കിയും അജു അലക്‌സും ചേര്‍ന്ന് തന്നെ കുടുക്കിയതാണെന്ന് ബോധ്യമായി എന്ന് ബാല ട്വന്റിഫോറിനോട് പറഞ്ഞു. സന്തോഷ് വര്‍ക്കിയാണ് അജുവിന്റെ ഫ്‌ളാറ്റിലേക്ക് കൊണ്ടുപോയത്. രണ്ട് ലക്ഷ്യങ്ങളാണ് അവര്‍ക്കുണ്ടായിരുന്നത്. ഒന്ന് പണമാണ്. മറ്റൊന്ന് യുട്യൂബ് കാഴ്ചക്കാരാണെന്നും പോലീസുമായി സംസാരിച്ചപ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ ബോധ്യമായി എന്നും ബാല വിശദീകരിച്ചു.
വിശ്വസിച്ച് സ്‌നേഹിച്ച് പോയി. അതിലാണ് ഞാന്‍ പെട്ടുപോയത്. അവര്‍ ഇങ്ങനെ കുടുക്കുമെന്ന് കരുതിയില്ല. ഇതൊരു ട്രാപ്പായിരുന്നു. ആ വീട്ടിലേക്ക് എന്നെ കൊണ്ടുപോയതേ ഒരു ട്രാപ്പായിരുന്നു. സന്തോഷ് വര്‍ക്കിയാണോ ഇതിന് പിന്നില്‍ എന്ന ചോദ്യത്തിന് ഇപ്പോള്‍ ചിന്തിക്കുമ്പോള്‍ തോന്നുന്നുവെന്നും ബാല പറഞ്ഞു. ഇപ്പോള്‍ പൈസ ഉണ്ടാക്കിക്കോ, നീ മോതിയത് എലിയെയോ പൂനെയോ അല്ലൈ, ആനക്കിട്ട് നീ വിളയാടിട്ടേന്‍ എന്നും ബാല പറഞ്ഞു.
സത്യം പുറത്തുവരേണ്ടത് ആവശ്യമാണ് എന്ന് ബാലയുടെ അഭിഭാഷക പ്രതികരിച്ചു. നിയമപരമായി മുന്നോട്ട് പോകും. ആരാണ് ഇതിന് പിറകില്‍ കളിച്ചത്, അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും അഭിഭാഷക പറഞ്ഞു. ശക്തമായ നിയമനടപടിയിലേക്ക് കടക്കുമെന്നാണ് ബാലയും പറയുന്നത്. കേസില്‍ കൂടുതല്‍ പേരുടെ മൊഴി രേഖപ്പെടുത്തുമെന്ന് തൃക്കാക്കര പോലീസ് അറിയിച്ചു.












Click it and Unblock the Notifications