മലയാള നടന്മാർ പച്ചക്ക് ചതിച്ചെന്ന് ബാല: കുടുംബജീവിതം രണ്ടാമതും തകര്‍ന്നു; മാധ്യമങ്ങള്‍ക്കും വിമർശനം
തിരുവനന്തപുരം: മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമർശനവുമായി നടനും സംവിധായകനുമായ ബാല. തന്റെ കൂടുംബ ജീവിതം രണ്ടാമതും തകർന്നു, ഇതിന് കാരണം മാധ്യമങ്ങളാണെന്നുമാണ് ബാല ആരോപിക്കുന്നത്. ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
കുടുംബ ജീവിതത്തില്‍ രണ്ട് പ്രാവശ്യം തോറ്റു പോയാല്‍ ഇത് എന്റെ കുറ്റമാണോയെന്ന രീതിയില്‍ നമുക്ക് തന്നെ സംശയങ്ങള്‍ തോന്നും. ഇന്ന് എനിക്ക് ചില കാര്യങ്ങള്‍ തുറന്ന് പറയാനുണ്ടെന്നും ബാല ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയിലൂടെ വ്യക്തമാക്കുന്നു.

നിങ്ങള്‍ നിർബന്ധിച്ചാലും അവരെക്കുറിച്ച് സംസാരിക്കില്ല.എന്നെക്കാളും നല്ല വ്യക്തിയാണ് എലിസബത്ത്. ഡോക്ടറാണ്. അവർക്ക് മനസ്സമാധാനം കൊടുക്കണം. ഒരു സ്ത്രീയാണെന്ന പരിഗണനയെങ്കിലും കൊടുക്കണം. ഞാന്‍ മാറിക്കോളാം. എനിക്കും നാവുണ്ട് സംസാരിക്കാന്‍. എന്നാല്‍ ആ രീതിയില്‍ സംസാരിച്ചാല്‍ ശരിയാവില്ല. എല്ലാത്തിനും വളരെ നന്ദിയുണ്ടെന്നും താരം പറയുന്നു.

വല്ലാതെ വേദനിപ്പിക്കുന്ന അവസ്ഥയാണ്. രണ്ടാമതും ഊ അവസ്ഥയിലെത്തിച്ചതിന് മാധ്യമങ്ങൾക്ക് നന്ദിയുണ്ടെന്നും ബാല ഫേസ്ബുക്കില്‍ കുറിച്ചു. ബാലയും രണ്ടാം ഭാര്യ എലിസബത്തും വേർപിരിഞ്ഞെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതിന് മറുപടിയായിട്ടാണ് സോഷ്യല്‍ മീഡിയയിലൂടെ തന്നെ വിശദീകരണവുമായി ബാല തന്നെ രംഗത്ത് എത്തിയത്.

കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് എലിസബത്തുമായി ബാലയുടെ വിവാഹം നടന്നത്. ആദ്യ ഭാര്യയുമായുള്ള വേർപിരിയലിനെചൊല്ലിയുള്ള തർക്കങ്ങള്‍ അപ്പോഴും സോഷ്യല്‍ മീഡിയയിലൂടെ സജീവമായിരുന്നു. ഇതോടൊപ്പം തന്നെയാണ് മോന്‍സണ്‍ മാവുങ്കല്‍ കേസുമായി ബന്ധപ്പെട്ടും ബാലയുടെ പേര് ഉയർന്ന് വരുന്നത്. അതേസമയം പുതിയ സംഭവ വികാസങ്ങളുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ടിവിയോടും താരം പ്രകടിപ്പിക്കുന്നുണ്ട്.

ഞങ്ങള്‍ തമ്മിലുള്ള വിഷയങ്ങള്‍ ഞങ്ങള്‍ തമ്മിലിരിക്കട്ടെ. ഞങ്ങളുടെ കുടുംബ ജീവിതം എങ്ങനെയെങ്കിലും ആയിക്കോട്ടെ, അതിലോട്ട് ആരും കടന്ന് കയറരുത്. അങ്ങനെയെങ്കില്‍ തന്നെ ഞങ്ങളുടെ ജീവിതം സന്തോഷത്തോടെ പോവും. എനിക്ക് ആരോടും ദേഷ്യമില്ലെന്നും അഭിമുഖത്തില്‍ ബാല വ്യക്തമാക്കുന്നു.

ടിനി ടോമും പിഷാരടിയും പറഞ്ഞ ഒരു കോമഡി എനിക്ക് ഇഷ്ടമായില്ലെന്ന് ഞാന്‍ പറഞ്ഞ് സത്യം തന്നെയാണ്. കൊല്ലാനുള്ള ദേഷ്യമുണ്ടായിരുന്നു അപ്പോള്‍. എന്നാല്‍ അടുത്ത നിമിഷം ഞാനത് മറന്നു പോയി. മലയാള സിനിമയിലെ അറിയപ്പെടുന്ന ചില നടന്മാർ ഉള്‍പ്പടെ എന്നെ പച്ചക്ക് ചതിച്ചിട്ടുണ്ട്. അവരുടെ പേരും മറ്റ് കാര്യങ്ങളും ഞാന്‍ പറയുന്നില്ല.

കാശ് വാങ്ങിയിട്ട് ചതിക്കുകയായിരുന്നു. നടന്മാരാണ് ആ ചതി ചെയ്തത്. അവരിപ്പോഴും സന്തോഷത്തോടെ തന്നെ സിനിമയില്‍ നില്‍ക്കുന്നത്. ചതിക്കുക എന്നുള്ളത് അവന്റെ കാര്യമാണ്. ഞാന്‍ അങ്ങനെയല്ല. എത്ര ക്ഷ്ടപ്പെടേണ്ടി വന്നാലും എനിക്കൊരു തറവാടും രക്തബന്ധങ്ങളുമുണ്ട്. എന്റെ അച്ഛന്‍ പറയുന്നതാണ് ഞാന്‍ കേള്‍ക്കേണ്ടത്. അത് ഞാന്‍ പാലിക്കും.

എന്നെ ചതിച്ചവന്റെ തോളില്‍ കയ്യിട്ട് നടക്കാന്‍ എന്നേക്കൊണ്ട് സാധിക്കില്ല. നാളെ മറ്റൊരു അഭിമുഖത്തിനായി നിങ്ങള്‍ അവനെ പോയി കാണുകയും അവനെ തോളിലേറ്റി നടക്കുകയും ചെയ്യുമായിരിക്കും. എന്നാല്‍ ബാലയ്ക്ക് അത് പറ്റില്ല. ഒരു പ്രാവശ്യം മനസ്സ് വെറുത്ത് പോയാല്‍ പിന്നെ കിട്ടില്ലെന്നും ബാല അഭിമുഖത്തില്‍ കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications