'സ്വന്തം ചോര തന്നെ എതിരെ നിൽക്കുമ്പോൾ വേദനയുണ്ട്'; മുൻ ഭാര്യയുടെ പരാതിയിൽ അറസ്‌റ്റിലായ ബാലയ്ക്ക് ജാമ്യം
കൊച്ചി: മുൻ ഭാര്യയുടെ പരാതിയിൽ പോലീസ് അറസ്‌റ്റ് ചെയ്‌ത പ്രമുഖ നടൻ ബാലയ്ക്ക് ഉപാധികളോടെ ജാമ്യം. പരാതിക്കാരിയെയും മകളെയും കുറിച്ച് സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പെടെ പരാമർശം നടത്താൻ പാടില്ലെന്ന കർശന നിർദ്ദേശത്തോടെയാണ് നടന് ജാമ്യം അനുവദിച്ചത്. എറണാകുളം ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ബാലയ്ക്ക് ജാമ്യം നൽകിയത്. മുൻ ഭാര്യയേയും മകളെയും ബന്ധപ്പെടാൻ പാടില്ലെന്നും നിബന്ധനകളിലുണ്ട്.
കേസ് റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിക്കുമെന്നാണ് ബാലയുടെ അഭിഭാഷക അറിയിച്ചത്. എന്നാൽ മൂന്ന് ആഴ്ച്ചയിൽ കൂടുതലായി മുൻ ഭാര്യയെ കുറിച്ചും മകളെ കുറിച്ചും സംസാരിക്കാത്തതെന്നും പിന്നെ എന്തിനാണ് അറസ്‌റ്റ് ചെയ്‌തത് എന്ന് അറിയില്ലെന്നുമായിരുന്നു ബാല മാധ്യമങ്ങളോട് പ്രതികരിച്ചത്. ഇതിന് പിന്നാലെയാണ് താരത്തിന് ഉപാധികളോടെ ജാമ്യം ലഭിച്ചിരിക്കുന്നത്.

ഇന്ന് പുലര്‍ച്ചെയാണ് നടൻ ബാലയെ ഇടപ്പള്ളിയിലെ ഫ്‌ളാറ്റില്‍ നിന്ന് പോലീസ് അറസ്‌റ്റ് ചെയ്‌തത്. കടവന്ത്ര പോലീസാണ് ബാലയെ അറസ്‌റ്റ് ചെയ്‌തത്. ജുവനൈല്‍ ജസ്‌റ്റിസ് ആക്‌ട് പ്രകാരം ജാമ്യമില്ലാ കുറ്റമാണ് ബാലക്കെതിരെ ചുമത്തിയിരുന്നത്. ഇതിന് പിന്നാലെ താരത്തിന് ജാമ്യം ലഭിക്കുന്നതിനായി അഭിഭാഷകർ ശ്രമം തുടങ്ങിയിരുന്നു.
തന്നെ അറസ്‌റ്റ് ചെയ്‌തതിൽ വേദനായില്ലെന്നും പക്ഷേ സ്വന്തം ചോര തന്നെ എതിരെ നിൽക്കുന്നതിൽ മാത്രമേ വേദനയുള്ളൂ എന്നുമാണ് ബാല മാധ്യമങ്ങളോട് പ്രതികരിച്ചത്. എന്നാൽ കേസുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങളിൽ പ്രതികരിക്കാൻ താരം തയ്യാറായിരുന്നില്ല. ജാമ്യ വ്യവസ്ഥകൾ പാലിക്കേണ്ടത് കൊണ്ട് തന്നെ താരം മുൻ ഭാര്യയുടെ ആരോപണങ്ങളിൽ കൂടുതൽ പ്രതികരണം നടത്താനിടയില്ല.
അതേസമയം, കേസെടുത്ത് പരാതിക്കാരിയുടെ രാഷ്ട്രീയ സ്വാധീനവും പണവും ഉപയോഗിച്ചാണ് എന്നായിരുന്നു ബാല കോടതിയിൽ വാദിച്ചത്. മുൻ ഭാര്യയെയോ മകളെയോ താൻ പിന്തുടർന്നിട്ടില്ലെന്നും നടൻ പറഞ്ഞു. ഇതിന് പുറമേ ബാലയുടെ ആരോഗ്യ പ്രശ്‌നങ്ങൾ ഉൾപ്പെടെ അദ്ദേഹത്തിന്റെ അഭിഭാഷകർ കോടതിയിൽ ചൂണ്ടിക്കാട്ടുകയുണ്ടായി. ഇതിന് ഒടുവിലാണ് താരത്തിന് ജാമ്യം ലഭിച്ചത്.
ബാലയെ കൂടാതെ അദ്ദേഹത്തിന്റെ മാനേജർ രാജേഷ്, സുഹൃത്ത് അനന്തകൃഷ്‌ണൻ എന്നിവരെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. നേരത്തെ തന്റെ കണ്ണീരിന് ദൈവം പകരം ചോദിക്കുമെന്ന് നടൻ പറഞ്ഞിരുന്നു. വെറുതെയിരിക്കില്ലെന്നും കണ്ണീര് കുടിപ്പിച്ചവര്‍ക്കുള്ള ഫലം ദൈവം കൊടുക്കുമെന്നും താരം മാധ്യമങ്ങളോട് പറയുകയുണ്ടായി.
നേരത്തെ ബാലയുടെ മകൾ തന്നെ പിതാവിനെതിരെ ഗുരുതര ആരോപണവുമായി വീഡിയോ പങ്കുവച്ചിരുന്നു. അമ്മയെ മർദിക്കുന്നത് കണ്ടിരുന്നുവെന്നും ഇനിയും ഉപദ്രവിക്കാൻ വരരുതെന്നും ബാലയുടെയും അമൃതയുടെയും മകളായ പാപ്പു പങ്കുവച്ച വീഡിയോയിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ബാല മുൻ ഭാര്യക്ക് എതിരെ രംഗത്ത് വന്നത്. ഇതുമായി ബന്ധപ്പെട്ട നൽകിയ പരാതിയിലാണ് ഇപ്പോൾ പോലീസ് നടപടി എടുത്തിരിക്കുന്നത്.












Click it and Unblock the Notifications