വിനായകന്റെ ഉമ്മന്‍ ചാണ്ടി അധിക്ഷേപത്തില്‍ മറുപടിയുമായി ബാല; 'മരിച്ചവര്‍ നല്ല രീതിയില്‍ ദൈവസമക്ഷം പോകട്ടെ'
കൊച്ചി: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടിയെ നടന്‍ വിനായകന്‍ അധിക്ഷേപിച്ച സംഭവത്തില്‍ പ്രതികരണവുമായി നടന്‍ ബാല. ഒരാള്‍ മരിച്ച് കഴിഞ്ഞാല്‍ അയാള്‍ നല്ല രീതിയില്‍ ദൈവത്തിന്റെ അടുത്തേക്ക് പോകട്ടെ എന്നാണ് പ്രാര്‍ത്ഥിക്കേണ്ടത് എന്ന് ബാല പറഞ്ഞു. അയാള്‍ നല്ലവനായാലും മോശപ്പെട്ട ആളായാലും അങ്ങനെയാണ് ചെയ്യേണ്ടത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിനായകന്‍ പറഞ്ഞ കാര്യത്തിന് എന്നതിലുപരി പൊതുവായാണ് തനിക്ക് ഈ വിഷയത്തില്‍ പറയാനുള്ളതെന്ന് ബാല പറഞ്ഞു. ഉമ്മന്‍ ചാണ്ടിയുമായി തനിക്ക് വളരെ അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത് എന്നും ബാല കൂട്ടിച്ചേര്‍ത്തു. അദ്ദേഹം മുഖ്യമന്ത്രിയായിരുന്ന സമയത്താണ് താന്‍ സംവിധാനം ചെയ്ത ഹിറ്റ്‌ലിസ്റ്റ് എന്ന സിനിമ പുറത്തിറങ്ങിയത് എന്നും അതിന്റെ ഓഡിയോ ലോഞ്ചിന് ഉമ്മന്‍ ചാണ്ടി നേരിട്ട് വന്നിരുന്നു എന്നും ബാല അനുസ്മരിച്ചു. ആ സംഭവത്തെ കുറിച്ച് ബാല പറയുന്നത് ഇങ്ങനെയാണ്...

'ഉമ്മന്‍ ചാണ്ടി സാറുമായി എനിക്ക് ഉണ്ടായിരുന്നത് വ്യക്തിപരമായ ബന്ധമാണ്. അദ്ദേഹം മുഖ്യമന്ത്രി ആയിരിക്കുന്ന സമയത്ത് ഞാനൊരിക്കല്‍ കാണാന്‍ പോയി. അന്ന് അദ്ദേഹത്തിന്റെ കാലിന് എന്തോ അസുഖമുണ്ട്. കാണണം എന്ന എന്റെ ആഗ്രഹം പറഞ്ഞപ്പോള്‍ അനുമതി തന്നു. ഞാന്‍ ചെല്ലുമ്പോള്‍ അദ്ദേഹം കാല് ഒരു സ്റ്റൂളില്‍ കയറ്റി വെച്ച് ഇരിക്കുകയാണ്,' ബാല പറയുന്നു.
തന്നെ കണ്ടപ്പോള്‍ കാല്‍ താഴ്ത്തി വെച്ച് കെട്ടിപിടിച്ച് കൊണ്ടാണ് സ്വീകരിച്ചത് എന്നും ബാല കൂട്ടിച്ചേര്‍ത്തു. താന്‍ ഹിറ്റ്‌ലിസ്റ്റ് എന്ന സിനിമ നിര്‍മിച്ച് സംവിധാനം ചെയ്തിട്ടുണ്ടെന്നും അതിന്റെ ഓഡിയോ ലോഞ്ചിന് വരണം എന്നും ഞാന്‍ പറഞ്ഞു. അപ്പോള്‍ അദ്ദേഹം യാതൊരു മടിയും കൂടാതെ വരാമെന്നേല്‍ക്കുകയും പിന്നീട് ഓഡിയോ ലോഞ്ചിന് വന്നെന്നും ബാല പറഞ്ഞു.
ഉമ്മന്‍ ചാണ്ടി തനിക്ക് പിതാവിനെ പോലെയാണെന്നും എപ്പോഴും മരിച്ചവര്‍ ചെയ്ത നന്മയെ ഓര്‍ക്കുകയും അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യണമെന്നും ബാല ഓര്‍മിപ്പിച്ചു. അതേസമയം ഉമ്മന്‍ ചാണ്ടിയെ അധിക്ഷേപിച്ച സംഭവത്തില്‍ വിനായകനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെ താരത്തിന്റെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. വിനായകന്റെ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പ്രകോപനപരമായി സംസാരിക്കല്‍, മൃതദേഹത്തോട് അനാദരവ് തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് വിനായകനെതിരെ കേസെടുത്തിരിക്കുന്നത്. അതേസമയം, പെട്ടെന്നുണ്ടായ പ്രകോപനം മൂലമാണ് പരാമര്‍ശം നടത്തിയത് എന്നാണ് വിനായകന്റെ പ്രതികരണം. വിനായകനില്‍ നിന്ന് പിടിച്ചെടുത്ത ഫോണ്‍ പൊലീസ് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.












Click it and Unblock the Notifications