അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് ശ്രമിച്ചു: എഫ്‌ഐആര്‍ റിപ്പോര്‍ട്ട് പുറത്ത്
തിരുവനന്തപുരം: നടിയെ അക്രമിച്ച സംഭവത്തില്‍ ദിലീപിനെതിരെ എടുത്ത് പുതിയ കേസിന്റെ എഫ്‌ഐആര്‍ വിവരങ്ങള്‍ പുറത്ത്. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്താനത്തിലാണ് പുതിയ കേസ് എടുത്തിരിക്കുന്നത്. ഈ കേസിന്റ എഫ്‌ഐആറാണ് നിലവില്‍ പുറത്ത് വന്നിരിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസാണ് എഫ്‌ഐആര്‍ പകര്‍പ്പ് പുറത്ത് വിട്ടിരിക്കുന്നത്. ദിലീപ് ഉള്‍പ്പെടെ ആറ് പ്രതികളാണ് കേസിലുള്ളത്. എന്നാല്‍ ആറാം പ്രതിയുടെ പേര് എഫ്‌ഐആറില്‍ ഇല്ല.
അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കുമെന്ന് പ്രതികള്‍ ഗൂഡാലോചന നടത്തിയെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസാണ് പരാതിക്കാരന്‍. എ വി ജോര്‍ജിന്റെ ദൃശ്യങ്ങള്‍ യു ട്യൂബില്‍ കണ്ട ദിലീപ് വധഭീഷണി മുഴക്കിയെന്നും തന്റെ ദേഹത്ത് കൈ വച്ച എസ് പി സുദര്‍ശന്റെ കൈ വെട്ടുമെന്ന് ദിലീപ് പറഞ്ഞതായും എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ബി സന്ധ്യ, സോജന്‍, സുദര്‍ശന്‍, ബൈജു, എ വി ജോര്‍ജ് എന്നിവര്‍ക്കെതിരെ പ്രതികള്‍ ഗൂഡാലോചന നടത്തിയെന്നും എഫ്‌ഐആറില്‍ പറയുന്നു.

വധഭീഷണി മുഴക്കല്‍, ഗൂഡാലോചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് ദിലീപിനെതിരെ പുതിയ കേസെടുത്തിരിക്കുന്നത്. നടന്‍ ദിലിപിനെക്കൂടാതെ സഹോദരന്‍ അനൂപ്, സഹോദരീഭര്‍ത്താവ് സൂരജ്, അനൂപിന്റെ ഭാര്യാ സഹോദരന്‍ അപ്പു, ദിലീപിന്റെ സുഹൃത്തായ ബൈജു ചെങ്ങമനാട് എന്നിവരും പ്രതിപട്ടികയിലുണ്ട്. ഇവരെക്കൂടാതെ കണ്ടാലറിയാവുന്ന മറ്റൊരാളെയും പ്രതി ചേര്‍ത്തിട്ടുണ്ടെന്നാണ് വിവരം. അന്വേഷണ മേല്‍നോട്ടച്ചുമതലയുണ്ടായിരുന്ന എഡിജിപി സന്ധ്യ, ഐ ജി എ വി ജോര്‍ജ് അന്വേഷണസംഘത്തെ നയിച്ച എസ് പിമാരായ സോജന്‍, സുദര്‍ശന്‍ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് അടക്കം അഞ്ച് ഉദ്യോഗസ്ഥരെ അപായപ്പെടുത്തുന്നത് സംബന്ധിച്ച് തന്റെ സാന്നിധ്യത്തില്‍ പ്രതികള്‍ ഗൂഡാലോചന നടത്തിയെന്നാണ് ബാലചന്ദ്രുകുമാറിന്റെ മൊഴിയില്‍ പറയുന്നത്. ഇത് പ്രകാരമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഇത് സാധൂകരിക്കുന്ന ഓഡിയോ ക്ലിപ്പുകളും പൊലീസിന് ബാലചന്ദ്രന്‍ കൈമാറിയിട്ടുണ്ട്. ഈ മൊഴിയുടെയും ഓഡിയോ തെളിവുകളുടെയും അടിസ്ഥാനത്തില്‍ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുക്കാന്‍ തടസമില്ലെന്ന് ക്രൈംബ്രാഞ്ചിന് നിയമോപദേശം കിട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.നിലവിലെ സാഹചര്യത്തില്‍ അന്വേഷണ സംഘത്തിന് ആവശ്യമെങ്കില്‍ ദിലീപിനെ കസ്റ്റിഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ നിയമതടസവുമില്ല. ഗൂഡാലോചനക്കുറ്റം പ്രാഥമികമായി ബോധ്യപ്പെട്ടാല്‍ അറസ്റ്റും രേഖപ്പെടുത്താം. വരുന്ന 12 നാണ് വെളിപ്പെടുത്തല്‍ നടത്തിയ ബാലചന്ദ്ര കുമാറിന്റെ രഹസ്യ മൊഴി രേഖപ്പെടുത്തുക. ഇതുകൂടി കിട്ടിയശേഷം ദിലീപിനെ വിളിച്ചുവരുത്താനായിരുന്നു കഴിഞ്ഞ ദിവസത്തെ അന്വേഷണ സംഘം തീരുമാനിച്ചത്. എന്നാല്‍ മുന്‍കൂര്‍ ജാമ്യം തേടിയോ എഫ്‌ഐആര്‍ തന്നെ ചോദ്യം ചെയ്‌തോ കോടതിയെ സമീപിക്കാന്‍ ദിലീപിന് നിയമതടസമില്ല.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെതിരെ കഴിഞ്ഞ ദിവസം പുതിയ കേസ്‌കൂടി രജസ്റ്റര്‍ ചെയ്തിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് ശ്രമിച്ചുവെന്ന് വ്യക്തമാക്കി സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അന്വേഷണസംഘത്തിലുള്ള ചിലരെയും പ്രതിപ്പട്ടികയിലുള്ള ചിലരെയും ദിലീപ് ലോറിയിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചുവെന്നാണ് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയത്. ദിലീപിനെതിരെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കാമെന്ന് പൊലീസിന് നിയമോപദേശം കിട്ടിയിരുന്നു. ദിലീപിനെയും കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി എന്ന് വിളിക്കപ്പെടുന്ന സുനില്‍ കുമാറിനെയും വീണ്ടും അന്വേഷണസംഘം ചോദ്യം ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം. ജയിലിലുള്ള പ്രതികളെ ചോദ്യം ചെയ്യാന്‍ അനുമതി തേടി ഉടന്‍ കോടതിയില്‍ അപേക്ഷ നല്‍കമെന്നും കോടതി നിര്‍ദേശമനുസരിച്ചാകും അന്വേഷണം മുന്നോട്ട് കൊണ്ടുപോകുകയെന്നും ക്രൈംബ്രാഞ്ച് മേധാവി എഡിജിപി എസ്. ശ്രീജിത്ത് വ്യക്തമാക്കി.

ബാലചന്ദ്ര കുമാറിനെ രണ്ട് വട്ടം ചോദ്യം ചെയ്തതതില്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാകും ദിലീപിനെയും സുനിയെയും ചോദ്യം ചെയ്യുക. ബുധനാഴ്ച ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി രേഖപ്പെടുത്തും. ഇതിന് ശേഷമാകും ദിലീപിനെ ചോദ്യം ചെയ്യുക. കേസുമയി ബന്ധപ്പെട്ട് വിജീഷിനെയും മുഖ്യപ്രതി സുനിയെയും ചോദ്യം ചെയ്യാന്‍ ഉടന്‍ കോടതി അനുമതി തേടും. ഈ മാസം 20-ന് മുമ്പ് തുടരന്വേഷണ റിപ്പോര്‍ട്ട് കൈമാറാനാണ് വിചാരണക്കോടതി നിര്‍ദേശം.

നടിയെ ആക്രമിച്ച കേസിലെ മുഖ്യ പ്രതി സുനില്‍ കുമാറുമായി ദിലീപിന് ബന്ധമുണ്ടെന്നും, നടിയുടെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശമുണ്ടെന്നുമുള്ള ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തല്‍ ഗൂഡാലോചനയിലെ മുഖ്യ തെളിവാകുമെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്. ഈ സാഹചര്യത്തിലാണ് തുടര്‍ അന്വേഷണത്തിന് പ്രത്യേക സംഘം തീരുമാനിച്ചത്. ഇക്കാര്യം വിചാരണ കോടതിയെ അറിയിച്ചു കഴിഞ്ഞു. നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡ് കണ്ടെത്താന്‍ ആയിട്ടില്ലെന്നും അതില്‍ അന്വേഷണം തുടരുകയാണെന്നും രണ്ടാം ഘട്ട കുറ്റപത്രത്തില്‍ തന്നെ പോലീസ് വ്യക്തമാക്കിയിരുന്നു. ഈ സഹാചര്യത്തില്‍ ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിക്കുകയാണെന്നാണ് പുതുതായി കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പോലീസ് വ്യക്തമാക്കിയത്. ഇതോടൊപ്പം കേസില്‍ അന്തിമ കുറ്റപത്രം നല്‍കുന്നത് വരെ വിചാരണ നിര്‍ത്തി വെക്കണമെന്ന അപേക്ഷയും പൊലീസ് കോടതിയില്‍ നല്‍കിയിരുന്നു.
Recommended Video

തുടരന്വേഷണ റിപ്പോര്‍ട്ട് ഈ മാസം 20-ന് നല്‍കാനാണ് വിചാരണക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. തുടരന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ വിചാരണ ആറ് മാസം കൂടി നീട്ടണമെന്ന സര്‍ക്കാരിന്റെ ആവശ്യം സുപ്രീം കോടതി പരിഗണിനിരിക്കുകയാണ്. കേസിലെ രണ്ടാമത്തെ പ്രോസിക്യൂട്ടറും രാജി വെച്ച സാഹചര്യത്തില്‍ ഉദ്യോഗസ്ഥന്റെ വിസ്താരം നടക്കുന്നത് സംബന്ധിച്ച് അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. വിചാരണക്കോടതി നടപടികള്‍ ചോദ്യം ചെയ്ത് പ്രോസിക്യൂഷന്‍ നല്‍കിയ മറ്റൊരു ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.












Click it and Unblock the Notifications