'കോണോത്തിലെ ആവിഷ്കാര സ്വാതന്ത്രം': ആടു ജീവിതത്തിനെതിരെ ഹരീഷ് പേരടി, നജീബിന് കോടികള്‍ക്ക് അർഹതയുണ്ട്
ആടുജീവിതം നോവലിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് നടന്‍ ഹരീഷ് പേരടി. നോവലിനും സിനിമക്കുവേണ്ടി ഒരു മനുഷ്യന്റെ ജീവിതത്തെ നടന്ന കഥയെന്ന പിൻബലത്തോടെ മാർക്കറ്റ് ചെയ്ത് ആളുകളെ വഞ്ചിക്കുകയാണ് ആടുജീവിതത്തിലുണ്ടായതെന്ന ആരോപണമാണ് അദ്ദേഹം ഉന്നയിക്കുന്നത്. നോവലിസ്റ്റ് ബെന്യാമിനെതിരേയും അദ്ദേഹം നിശിതമായ വിമർശനം ഉന്നയിക്കുന്നു.
'ഷൂക്കൂർ ഇക്കാ നിങ്ങളുടെ ആദ്യത്തെ കഫീൽ ഒരു അറബിയായിരുന്നെങ്കിൽ ഇന്നത്തെ നിങ്ങളുടെ കഫീൽ ഒരു മലയാള സാഹിത്യകാരനാണ്.' എന്നാണ് നജീബിനെ അഭിസംബോധന ചെയ്തുകൊണ്ട് ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിക്കുന്നത്.

ഹരീഷ് പേരടിയുടെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
നോവലിനും സിനിമക്കുവേണ്ടി ഒരു മനുഷ്യന്റെ ജീവിതത്തെ നടന്ന കഥയെന്ന പിൻബലത്തോടെ മാർക്കറ്റ് ചെയ്യുക. എല്ലാം കഴിഞ്ഞ് അയാളുടെ ജീവിതത്തിന്റെ 30% മേയുള്ളു ബാക്കിയൊക്കെ കലാകാരന്റെ കോണോത്തിലെ ആവിഷ്ക്കാര സ്വാതന്ത്ര്യമാണെന്നും. ആ നോവലിന്റെ പിൻകുറിപ്പിൽ വ്യക്തമായി എഴുതിയ "കഥയുടെ പൊടിപ്പും തൊങ്ങലും" വളരെ കുറച്ച് മാത്രമേയുള്ളു(10%) എന്ന് വായിച്ച് അത് വിശ്വസിച്ച പൊതുസമൂഹത്തെയും ആ മനുഷ്യനെയും ഒരു ഉളുപ്പുമില്ലാതെ കളിയാക്കുക.
ഈ സാഹിത്യ സർക്കസ്സ് കമ്പനി ഒരു മനുഷ്യന്റെ ജീവിതത്തിൽ ഒരിക്കലും നടക്കാത്ത മനുഷ്യവിരുദ്ധവും മൃഗവിരുദ്ധവുമായ ഒരു കാര്യം വെച്ചാണ് വിൽപ്പനയുടെ ഈ ഊഞ്ഞാലാട്ടം നടത്തിയെതെന്ന് അറിയുമ്പോൾ ഈ നോവൽ വായിച്ച് സമയം കളഞ്ഞതിൽ ഞാൻ ലജ്ജിക്കുന്നു. ഷൂക്കൂർ ഇക്കാ നിങ്ങളുടെ ആദ്യത്തെ കഫീൽ ഒരു അറബിയായിരുന്നെങ്കിൽ ഇന്നത്തെ നിങ്ങളുടെ കഫീൽ ഒരു മലയാള സാഹിത്യകാരനാണ്.
നിങ്ങളുടെ ആട് ജീവിതം ഇപ്പോഴും തുടരുകയാണെന്ന് പറയാൻ സങ്കടമുണ്ട്...ക്ഷമിക്കുക.. ഈ വൃത്തികേടിന് പരിഹാരമായി ഈ മനുഷ്യൻ കോടികളുടെ പ്രതിഫലം അർഹിക്കുന്നുണ്ട് എന്ന് തന്നെയാണ് എന്റെ പക്ഷം. ഒരു മനുഷ്യന്റെയും ജീവിതം വെച്ച് ഇനി ഒരുത്തനും സാഹിത്യം കളിക്കാതിരിക്കാൻ അത് ഒരു മാതൃകയാവണം...ഷുക്കൂറിനോടൊപ്പം..












Click it and Unblock the Notifications