നോണ്‍വെജ് വേണ്ടവര്‍ക്ക് അത് നല്‍കാം എന്ന ഉത്തരത്തോടെ തീരേണ്ട വിവാദം; ഭക്ഷണവിവാദത്തില്‍ കാമ്പില്ലെന്ന് മുകേഷ്
കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ ഭക്ഷണ വിതരണത്തിലെ നോണ്‍വെജ് വിവാദത്തില്‍ പ്രതികരണവുമായി നടനും എം എല്‍ എയുമായ മുകേഷ്. ഭക്ഷണ വിവാദം ചിലര്‍ കരുതി കൂട്ടി ഉണ്ടാക്കിയതാണ് എന്ന് മുകേഷ് പ്രതികരിച്ചു. കോഴിക്കോട് ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ( കെ എല്‍ എഫ് ) പങ്കെടുക്കാന്‍ കോഴിക്കോടെത്തിയ മുകേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കവെ ആയിരുന്നു വിവാദത്തില്‍ പ്രതികരിച്ചത്.
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കുട്ടികളുടെ കഴിവുകളെ കുറിച്ചാണ് ചര്‍ച്ചകള്‍ നടക്കേണ്ടിയിരുന്നത് എന്നും മുകേഷ് കൂട്ടിച്ചേര്‍ത്തു. കലോത്സവം കഴിഞ്ഞതിന് ശേഷം വന്ന ഭക്ഷണത്തിന്റെ കാര്യത്തിലുള്ള ചര്‍ച്ചയില്‍ എന്ത് കാമ്പാണുള്ളത് എന്ന് മുകേഷ് ചോദിച്ചു.

കേരളത്തിലെ സാക്ഷരതയും ബുദ്ധിയുമുള്ള മനുഷ്യര്‍ വിചാരിക്കുന്നത് കലോത്സവത്തില്‍ മോശമായി ഒന്നും നടന്നിട്ടില്ല എന്ന് തന്നെയാണ്. എന്തെങ്കിലും ഒക്കെ പറയണം എന്ന് വിചാരിക്കുന്നവരാണ് ഭക്ഷണ വിവാദത്തിന് പിന്നില്‍ എന്നും മുകേഷ് തുറന്നടിച്ചു. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അടുത്ത തവണ നോണ്‍വെജ് വേണ്ടവര്‍ക്ക് അത് നല്‍കാം എന്ന ഉത്തരത്തോടെ തീരാവുന്ന വിവാദം മാത്രമായിരുന്നു അവിടെയുണ്ടായത് എന്നും മുകേഷ് ചൂണ്ടിക്കാട്ടി.

കുട്ടികള്‍ക്ക് നോണ്‍ വെജ് വേണം എന്ന് പറഞ്ഞാല്‍ അക്കാര്യം ആലോചിക്കാവുന്നതല്ലേ ഉള്ളൂ എന്നും മുകേഷ് വ്യക്തമാക്കി. നോണ്‍ വെജ് വേണം എന്ന് കുട്ടികള്‍ പറഞ്ഞാല്‍ ആലോചിക്കാം, അല്ലെങ്കില്‍ വേണ്ട. അത്രയുള്ളു കാര്യങ്ങള്‍ എന്നും മുകേഷ് പറഞ്ഞു. കോഴിക്കോട് കഴിഞ്ഞ ആഴ്ച നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ആണ് ഭക്ഷണ വിവാദം ഉരുത്തിരിഞ്ഞ് വന്നത്. വര്‍ഷങ്ങളായി കലോത്സവങ്ങളില്‍ പഴയിടം മോഹനന്‍ നമ്പൂതിരിയാണ് പാചകം ചെയ്യുന്നത്.

അദ്ദേഹം സവര്‍ണനായതിനാലാണ് വെജിറ്റേറിയന്‍ ഭക്ഷണം നല്‍കുന്നത് എന്നായിരുന്നു ഉയര്‍ന്ന വിമര്‍ശനം. ഇതോടെ താന്‍ ഇനി കലോത്സവത്തില്‍ ഭക്ഷണം ഉണ്ടാക്കാനില്ല എന്നും ഭയം പിടികൂടിയിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ ഇടത് ആക്ടിവിസ്റ്റുകളും കോണ്‍ഗ്രസ് നേതാക്കളായ വി ടി ബല്‍റാം, രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നിവരും കലോത്സവത്തില്‍ നോണ്‍ വെജ് വിളമ്പണം എന്ന ആവശ്യവുമായി എത്തിയിരുന്നു.

അതേസമയം പഴയിടത്തിന് പിന്തുണ നല്‍കുന്ന നിലപാടായിരുന്നു സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്. കഴിഞ്ഞ ദിവസം പഴയിടത്തെ മന്ത്രി വി എന്‍ വാസവന്‍ വീട്ടിലെത്തി കാണുകയും ചെയ്തിരുന്നു. പഴയിടം നന്മ നിറഞ്ഞ മനുഷ്യനാണ് എന്നും തങ്ങളുമായി പലപ്പോഴും സഹകരിച്ചിരുന്നു എന്നുമാണ് വാസവന്‍ പറഞ്ഞിരുന്നത്.












Click it and Unblock the Notifications