'ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട്... ഇപ്പോള്‍ അതൊന്നും പറയുന്നില്ല'; ലൈംഗികാരോപണത്തില്‍ സുധീഷ്
കോഴിക്കോട്: തനിക്കെതിരായ ലൈംഗികാരോപണത്തില്‍ പ്രതികരണവുമായി നടന്‍ സുധീഷ്. ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട് എന്നും എന്നാല്‍ ഇപ്പോള്‍ അതൊന്നും പറയുന്നില്ലെന്നും സുധീഷ് പറഞ്ഞു. എന്നാല്‍ അധികം വൈകാതെ തന്നെ എല്ലാ കാര്യങ്ങളും തുറന്ന് സംസാരിക്കുമെന്നും സുധീഷ് കൂട്ടിച്ചേര്‍ത്തു. കോഴിക്കോട് സ്വദേശിനിയായ ജൂനിയര്‍ ആര്‍ട്ടിസ്റ്റാണ് സുധീഷിനെതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നത്.
അതേസമയം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലും അദ്ദേഹം നിലപാട് വ്യക്തമാക്കി. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ആരായാലും അതിനുള്ള ശിക്ഷ ലഭിക്കണം എന്നും അന്വേഷിച്ച് തെളിയിക്കേണ്ട കാര്യമാണ് ഇതെന്നുമായിരുന്നു ഇത് സംബന്ധിച്ച് സുധീഷിന്റെ പ്രതികരണം. സുധീഷ് ലൈംഗിക ചുവയോടെ സംസാരിച്ചു എന്നാണ് ജൂനിയര്‍ ആര്‍ട്ടിസ്റ്റായ നടി പൊലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞിരിക്കുന്നത്.

ഈ പരാതിയില്‍ കോഴിക്കോട് നടക്കാവ് പൊലീസ് 364 (എ) വകുപ്പ് പ്രകാരം ലൈംഗികാധിക്ഷേപത്തിന് കേസ് രിജസ്റ്റര്‍ ചെയ്തിട്ടുണ്ട്. സിനിമാരംഗത്തെ ലൈംഗികാരോപണങ്ങള്‍ അന്വേഷിക്കാനായി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം യുവതിയുടെ മൊഴിയെടുത്തിട്ടുണ്ട്. വരും ദിവസങ്ങളില്‍ സുധീഷിന്റെ മൊഴിയും പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തും എന്നാണ് വിവരം.
ഒരുമിച്ച് യാത്ര ചെയ്യാം ടൂറ് പോകാമെന്ന് പറഞ്ഞ് സുധീഷ് തന്നെ ഫോണില്‍ വിളിച്ചുവെന്നാണ് നടിയുടെ ആരോപണം. ഇടവേള ബാബുവിനെതിരെയും ഇതേ യുവതിയാണ് പരാതി നല്‍കിയിരിക്കുന്നത്. താരസംഘടനയായ 'അമ്മ'യില്‍ അംഗത്വ ഫീസിന് പകരം അഡ്ജസ്റ്റ് ചെയ്യാന്‍ ഇടവേള ബാബു ആവശ്യപ്പെട്ടു എന്നാണ് യുവതിയുടെ ആരോപണം. അതിനിടെ ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി.
യുവനടിയുടെ ആരോപണം അടിസ്ഥാനരഹിതമാണ് എന്നും അഞ്ച് വര്‍ഷം മുന്‍പ് സമൂഹമാധ്യമത്തിലൂടെ ഉന്നയിച്ച ആരോപണമാണ് ഇപ്പോള്‍ വീണ്ടും ഉന്നയിക്കുന്നത് എന്നുമാണ് സിദ്ദീഖ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞിരിക്കുന്നത്. അന്ന് ബലാത്സംഗം ചെയ്‌തെന്ന് പറഞ്ഞിരുന്നില്ലെന്നും ഇപ്പോള്‍ ബലാത്സംഗ പരാതി ഉന്നയിക്കുന്നത് തന്നെ അപമാനിക്കാനാണെന്നും സിദ്ദിഖ് പറയുന്നു.
മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ തീര്‍പ്പാകും അറസ്റ്റ് തടയണമെന്നാണ് സിദ്ദീഖിന്റെ ആവശ്യം. അതേസമയം ഈ കേസില്‍ പരാതിക്കാരിയുമായി പ്രത്യേക അന്വേഷണ സംഘം തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. സിദ്ദിഖ് താമസിച്ച മുറി പരാതിക്കാരി അന്വേഷണ സംഘത്തിനു കാണിച്ചു കൊടുത്തിട്ടുണ്ട്. കേസിനാസ്പദമായ സംഭവം നടന്ന ദിവസം ഈ മുറിയിലാണ് സിദ്ദിഖ് താമസിച്ചതെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു.












Click it and Unblock the Notifications