യുവതി നല്‍കി കേസില്‍ പുതിയ ആവശ്യവുമായി ഉണ്ണി മുകുന്ദന്‍; കൂടുതല്‍ സങ്കീര്‍ണമാകുമെന്ന് സൂചന
കേസിന്റെ സ്റ്റേ ഹൈക്കോടതി കഴിഞ്ഞാഴ്ച നീക്കിയിരുന്നു

കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് കാണിച്ച് യുവതി നല്‍കിയ കേസില്‍ പുതിയ ആവശ്യവുമായി നടന്‍ ഉണ്ണി മുകുന്ദന്‍. കേസിന്റെ സ്റ്റേ ഹൈക്കോടതി കഴിഞ്ഞാഴ്ച നീക്കിയിരുന്നു. തുടര്‍ന്നാണ് മജിസ്‌ട്രേറ്റ് കോടതി നടപടികളിലേക്ക് കടക്കുന്നത്. ഈ സാഹചര്യത്തില്‍ ഉണ്ണി മുകുന്ദന്‍ കോടതിയില്‍ ഹാജരാകേണ്ടി വരും. നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഇളവ് തേടിയാണ് നടന്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. കേസില്‍ നാളെ വിശദമായ വാദം തുടങ്ങാനിരിക്കവെയാണ് നടന്റെ നീക്കം.
2017ലാണ് കേസിന് ആസ്പദമായ സംഭവം. വിദേശ മലയാളിയായ യുവതി തയ്യാറാക്കിയ കഥ പറയാനാണ് കൊച്ചിയിലെ താമസസ്ഥലത്തെത്തിയത്. ഇവിടെ വച്ച് ഉണ്ണി മുകുന്ദന്‍ മോശമായി പെരുമാറി എന്നാണ് കേസ്. യുവതി കോടതിയെ സമീപിക്കുകയായിരുന്നു. കോടതി നടപടികള്‍ തുടങ്ങിയതോടെ കേസ് കെട്ടിച്ചമച്ചതാണെന്നും തന്നെ ഒഴിവാക്കണമെന്നും ഉണ്ണി മുകുന്ദന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മജിസ്‌ട്രേറ്റ് കോടതിയും സെഷന്‍സ് കോടതിയും നടന്റെ ആവശ്യം തള്ളി.
2021ല്‍ കേസ് ഒത്തുതീര്‍പ്പായി എന്ന് കോടതിയെ അറിയിച്ചാണ് സ്‌റ്റേ വാങ്ങിയത്. ഒത്തുതീര്‍പ്പായില്ലെന്ന് പരാതിക്കാരി കഴിഞ്ഞാഴ്ച കോടതിയെ അറിയിച്ചു. പിന്നെ എങ്ങനെ ഒത്തുതീര്‍പ്പായ രേഖ വന്നു എന്ന് ഉണ്ണി മുകുന്ദന്റെ അഭിഭാഷകര്‍ വിശദീകരിക്കേണ്ടിവരും. ഇതോടെ കേസ് കൂടുതല്‍ സങ്കീര്‍ണായ സാഹചര്യത്തിലേക്ക് നീങ്ങുകയാണ്.
ജസ്റ്റിസ് കെ ബാബുവാണ് കേസിലെ സ്‌റ്റേ നീക്കിയത്. ഈ സാഹചര്യത്തിലാണ് നടപടികള്‍ പുനരാരംഭിക്കുന്നതും ഉണ്ണി മുകുന്ദന്‍ ഇളവ് തേടി കോടതിയെ സമീപിച്ചിരിക്കുന്നതും. വ്യാജ രേഖയാണ് കാണിച്ചത് എന്ന് ബോധ്യപ്പെട്ടാല്‍ കോടതി ശക്തമായ നടപടിയെടുക്കാന്‍ സാധ്യതയുണ്ട്.












Click it and Unblock the Notifications