നടിയെ ആക്രമിച്ച കേസില്‍ കുഞ്ചാക്കോ ബോബനും മുകേഷും കോടതിയില്‍ എത്തില്ല; അവധി തേടി
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ വിസ്താരത്തിന് ഹാജരാകാന്‍ സാധിക്കില്ലെന്ന് നടന്‍മാരായ കുഞ്ചാക്കോ ബോബനും മുകേഷും. ചില തടസങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇരുവരും അവധി അപേക്ഷ സമര്‍പ്പിച്ചത്. കുഞ്ചാക്കോ ബോബന്‍ നേരത്തെ കോടതി അനുവദിച്ച സമയത്ത് ഹാജരായിരുന്നില്ല. തുടര്‍ന്ന് കോടതി വാറണ്ട് പുറപ്പെടുവിച്ചു. ഈ സാഹചര്യത്തിലാണ് ഹാജരാകുന്നതില്‍ തടസമുണ്ടെന്ന് കാണിച്ച് അവധി അപേക്ഷ നല്‍കിയത്.

അതേസമയം, നിയമസഭാ സമ്മേളനം നടക്കുന്ന കാര്യമാണ് മുകേഷ് അവധി അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയത്. ഏപ്രില്‍ ഏഴ് വരെയാണ് സാക്ഷി വിസ്താരത്തിന് കോടതി അനുവദിച്ച സമയം. അതുകൊണ്ടുതന്നെ ഈ തിയ്യതിക്കകം ഇരുവരും ഹാജരാകേണ്ടി വരും. നടി ആക്രമിക്കപ്പെട്ട കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്. ഇദ്ദേഹത്തിനെതിരെയുള്ള ഗൂഢാലോചന കുറ്റം തെളിയിക്കണമെങ്കില്‍ സിനിമാ മേഖലയില്‍ നിന്നുള്ളവരുടെ മൊഴി നിര്‍ണായകമാണ്.
നേരത്തെ ഒട്ടേറെ നടീ-നടന്‍മാരെ കോടതി വിസ്തരിച്ചിരുന്നു. ആക്രമിക്കപ്പെട്ട നടി, മഞ്ജുവാര്യര്‍, ഗീതു മോഹന്‍ദാസ്, ബിന്ദു പണിക്കര്‍, സിദ്ദീഖ്, രമ്യ നമ്പീശന്‍ തുടങ്ങിയവരുടെ വിസ്താരം പൂര്‍ത്തിയായിരുന്നു. സംയുക്ത വര്‍മയെ സാക്ഷി വിസ്താരത്തില്‍ നിന്ന് ഒഴിവാക്കി.
ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കി വിധി പ്രഖ്യാപിക്കാനാണ് സുപ്രീംകോടതി നല്‍കിയിരിക്കുന്ന നിര്‍ദേശം. 2017ലാണ് കേസിന് ആസ്പദമായ സംഭവം. ആദ്യം ക്വട്ടേഷന്‍ സംഘങ്ങള്‍ അറസ്റ്റിലായ കേസില്‍ പിന്നീടാണ് ദിലീപ് പിടിയിലായത്. 85 ദിവസം കഴിഞ്ഞ ശേഷമാണ് ദിലീപിന് കേസില്‍ ജാമ്യം ലഭിച്ചത്. രഹസ്യവിചാരണയാണ് നടക്കുന്നത്.












Click it and Unblock the Notifications