കോഴിക്കോട് സ്വദേശിയുമായി വിവാഹം ഉറപ്പിച്ചെന്ന് നടി; ചടങ്ങ് ഈ മാസം; ജയില്‍ മോചനം വേണം
കൊച്ചി: ഇടുക്കിയിലെ റിസോര്‍ട്ടില്‍ നിശാപാര്‍ട്ടിക്കിടെ നടന്ന റെയ്ഡില്‍ അറസ്റ്റിലായ നടിയും മോഡലുമായ ബ്രിസ്റ്റി ബിശ്വാസ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. തൃപ്പൂണിത്തുറയില്‍ താമസിക്കുന്ന നടിയുടെ മാതാപിതാക്കളും ബന്ധുക്കളും ബംഗാള്‍ സ്വദേശികളാണ്. നിശാ പാര്‍ട്ടിക്കിടെ അറസ്റ്റിലായ നടിയില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്തു എന്നാണ് കേസ്.
ഡിസംബര്‍ 21 മുതല്‍ ജയിലില്‍ കഴിയുന്ന നടിയെ കസ്റ്റഡിയില്‍ വാങ്ങി വിശദമായ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് അന്വേഷണ സംഘം പറയുന്നു. സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കിടയില്‍ മയക്കുമുന്ന് വില്‍ക്കുന്ന ശൃംഖലയെ കുറിച്ച് സൂചന ലഭിച്ചു എന്നും പോലീസ് പറയുന്നു. ഈ വേളയിലാണ് നടി ജാമ്യ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ....

മലയാളം അറിയില്ല
നടി ബ്രിസ്റ്റി ബിശ്വാസും കൂട്ടുകാരും വാഗമണിലേക്ക് വിനോദ യാത്ര പോയിരുന്നു. റിസോര്‍ട്ടിലെ മൂന്ന് കെട്ടിടങ്ങളില്‍ ഒന്നിലാണ് താമസിച്ചത്. ഈ റിസോര്‍ട്ടില്‍ നിശാപാര്‍ട്ടി നടക്കുന്നതിനെ കുറിച്ച് തങ്ങള്‍ക്ക് അറിയില്ലായിരുന്നു. കൊല്‍ക്കത്ത സ്വദേശിയായ തനിക്ക് മലയാളം നന്നായി അറിയില്ലെന്നും താന്‍ പറഞ്ഞത് പോലീസുകാര്‍ക്ക് മനസിലാത്തതിനാലാണ് പ്രതി ചേര്‍ത്തതെന്നും നടി ജാമ്യ ഹര്‍ജിയില്‍ പറയുന്നു.

വിവാഹം ഉറപ്പിച്ചു
കോഴിക്കോട് സ്വദേശിയുമായി തന്റെ വിവാഹം ഉറപ്പിച്ചിട്ടുണ്ട്. ചടങ്ങുകള്‍ ഈ മാസം നടക്കാന്‍ പോകുകയാണ്. ഈ സാഹചര്യത്തില്‍ ജയില്‍മോചിതയാക്കണം. ജാമ്യം അനുവദിക്കണം. മയക്കുമരുന്ന് സംഘവുമായി ബന്ധമില്ല. റിസോര്‍ട്ടില്‍ നിന്ന് പിടിച്ച മയക്കുമരുന്ന് തന്റെ കൈവശമായിരുന്നില്ലെന്നും നടി ബ്രിസ്റ്റി ബിശ്വാസ് പറയുന്നു.

കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ്
പഠനവും മോഡലിങുമാണ് തന്റെ മേഖല. മയക്കുമരുന്ന് സംഘങ്ങളുമായി ബന്ധമില്ല. ബിടെക് വിദ്യാര്‍ഥിയാണെന്നും നടി ജാമ്യാപേക്ഷയില്‍ പറയുന്നു. എന്നാല്‍ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ക്കുമെന്ന് പോലീസ് അറിയിച്ചു. സിനിമാ മേഖലയില്‍ മയക്കുമരുന്ന് വിതരണം ചെയ്യുന്ന സംഘത്തെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും ബ്രിസ്റ്റി ബിശ്വാസിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പോലീസ് കോടതിയെ അറിയിക്കും.

ഒമ്പതാം പ്രതി
വാഗമണിലെ പ്രാദേശിക രാഷ്ട്രീയ നേതാവിന്റെ റിസോര്‍ട്ടില്‍ നിന്നാണ് ബ്രിസ്റ്റി ബിശ്വാസും സംഘവും കഴിഞ്ഞ മാസം 19ന് അറസ്റ്റിലായത്. 21 മുതല്‍ നടി റിമാന്റിലാണ്. 60ഓളം പേരെ റിസോര്‍ട്ടില്‍ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും എല്ലാ യുവതികളെയും രക്ഷിതാക്കളെ വിളിച്ചുവരുത്തി കൂടെ പറഞ്ഞയച്ചു. മയക്ക് മരുന്ന് വിതരണം ചെയ്തു എന്ന കേസില്‍ ഒമ്പതാം പ്രതിയാണ് ബ്രിസ്റ്റി ബിശ്വാസ്.

രക്ഷിക്കാന്‍ നടന്റെ ശ്രമം
തൊടുപുഴ, മലപ്പുറം, കോഴിക്കോട് സ്വദേശികള്‍ കേസില്‍ അറസ്റ്റിലായിട്ടുണ്ട്. പോലീസ് പറയുന്നവരുമായി തനിക്ക് ബന്ധമില്ലെന്നും മലയാളം അറിയാത്തത് കാരണമാണ് തനിക്ക് പോലീസിനെ കാര്യങ്ങള്‍ ബോധിപ്പാക്കാന്‍ കഴിയാതെ വന്നതെന്നും നടി പറയുന്നു. നടിയെ രക്ഷിക്കാന്‍ ഒരു നടനും സംവിധായകനും ശ്രമിച്ചു എന്നും വാര്‍ത്തകള്‍ വന്നിരുന്നു.

ദേശീയ തലത്തില്‍ ബന്ധം
രണ്ട് നടിമാര്‍ അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലാണ് എന്നാണ് വിവരം. ഇടുക്കി ക്രൈംബ്രാഞ്ച് എസ്പി മധുവിനാണ് അന്വേഷണ ചുമതല. മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിലും സിനിമാ മേഖലയിലുള്ളവര്‍ മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ എന്‍സിബി ഉദ്യോഗസ്ഥര്‍ കേരളത്തില്‍ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്.












Click it and Unblock the Notifications