ടാലന്റ് മാത്രം പോര, മലയാള സിനിമയില്‍ കാസ്റ്റിംഗ് കൗച്ചുണ്ടെന്ന് തുറന്നുപറഞ്ഞ് ഹണി റോസ്, ' നോ പറഞ്ഞാല്‍..'
മലയാള സിനിമയില്‍ കാസ്റ്റിംഗ് കൗച്ച് ഉണ്ട് എന്ന് നടി ഹണി റോസ്. പുതുമുഖങ്ങള്‍ക്കാണ് ചൂഷണം ഏറ്റവും കൂടുതല്‍ നേരിടേണ്ടി വരിക എന്നും ഹണി റോസ് വ്യക്തമാക്കി. ന്യൂസ് 18 കേരളയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഹണി റോസ്. താന്‍ വെര്‍ബലി പലതരത്തിലുള്ള മോശം സംസാരങ്ങളും കേള്‍ക്കേണ്ടതായി വന്നിട്ടുണ്ട് എന്നും ഹണി റോസ് വെളിപ്പെടുത്തി.
അതേസമയം സ്ത്രീകള്‍ക്ക് പേടിക്കേണ്ടതായ സാഹചര്യം ഒരു മേഖലയും ഇല്ല എന്നാണ് താന്‍ വിശ്വസിക്കുന്നത് എന്നും അവര്‍ പറഞ്ഞു. ശാരീരികമായി ആക്രമിക്കപ്പെടുന്ന അവസ്ഥയിലാണ് പേടിക്കേണ്ടി വരുന്നത്. അത് നമ്മുടെ നാട്ടില്‍ വളരെ വിരളമാണ് എന്നും ഹണി റോസ് കൂട്ടിച്ചേര്‍ത്തു. ഹണി റോസിന്റെ വാക്കുകള്‍ ഇങ്ങനെയാണ്...

'ഞാന്‍ നേരിട്ടത് വെര്‍ബലി, ഫോണിലെ സംസാരം വഴിയുള്ള ബുദ്ധിമുട്ടുകളായിരുന്നു. നമ്മള്‍ അതിന് മറുപടി പറയുമ്പോള്‍ അത് അവിടെ നില്‍ക്കുകയും ചെയ്യും. പിന്നീട് ആ പടത്തിലേക്ക് നമ്മളെ വിളിക്കില്ല. അല്ലെങ്കില്‍ ആ വ്യക്തിയുടെ പടങ്ങളിലേക്ക് നമ്മളെ വിളിക്കില്ല. അതൊരു യഥാര്‍ത്ഥ്യം തന്നെയാണ്. അതിനുള്ള പ്രതികരണം കൊടുക്കാം എന്നുള്ളതല്ലാതെ വേറൊന്നും അതിന് ചെയ്യാനില്ല.
കാസ്റ്റിംഗ് കൗച്ചിന്റെ ഏറ്റവും വലിയ ബുദ്ധിമുട്ടും ഏറ്റവും വൃത്തികെട്ടതുമായ കാര്യവും നമ്മള്‍ ടാലന്റഡായിട്ടുള്ള ആളാണെങ്കിലും നിങ്ങള്‍ക്ക് ഇങ്ങനെയുള്ള കാര്യങ്ങള്‍ ഉണ്ടെങ്കിലെ ജോലിയുള്ളൂ എന്നൊരു സംഭവം അവിടെയുണ്ട്. എതിര്‍ത്ത് നില്‍ക്കുമ്പോള്‍ ആ വര്‍ക്കിലേക്ക് നിങ്ങളെ വിളിക്കാത്ത സാഹചര്യം ഉണ്ടാകും. ഒരു മെയില്‍ ആക്ടറിന് അത്തരമൊരു ബുദ്ധിമുട്ട് അവിടെ വരുന്നില്ല.
അവര്‍ക്ക് കമ്മിറ്റ് ചെയ്ത പടം തീര്‍ത്തുപോകാം. ഇങ്ങനെയൊരു ചൂഷണം അവര്‍ നേരിടേണ്ടി വരുന്നില്ല. പേടിക്കേണ്ടതായിട്ടുള്ള ഒരു സാഹചര്യം എവിടേയുമില്ല. സിനിമ ഇന്‍ഡസ്ട്രിയിലുമില്ല. അത് അങ്ങനെ തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. ഫിസിക്കലി നിങ്ങളെ അറ്റാക്ക് ചെയ്യുന്ന സിറ്റുവേഷനിലേക്ക് വന്നാലെ അതുള്ളൂ. അങ്ങനെയൊരു സാഹചര്യം നമ്മള്‍ വളരെ വിരളമായിട്ടേ കേട്ടിട്ടുള്ളൂ.
കാസ്റ്റിംഗ് കൗച്ച് ഉണ്ടായിരുന്നു. കാരണം പുതുതായിട്ട് ഇന്‍ഡസ്ട്രിയിലേക്ക് വരുന്ന ആള്‍ക്കാര്‍ക്കാണ് അത് നേരിടേണ്ടി വരുന്നത്. എസ്റ്റാബ്ലിഷ് ആയ ഒരു ആളെ സംബന്ധിച്ചിടത്തോളം ഇതൊന്നും വേണ്ടി വരില്ല. ആ സമയം തന്നെ പ്രതികരിക്കുക എന്നതാണ് ചെയ്യേണ്ടത്. എന്നാല്‍ ആ ഒരു അവസരം എല്ലാവര്‍ക്കും കിട്ടണം എന്നില്ല,' ഹണി റോസ് വ്യക്തമാക്കി.












Click it and Unblock the Notifications