ഇത് കേരളമാണ്, വിഷമിക്കേണ്ട, ഉറപ്പോടെ കൂടെ നില്‍ക്കുന്നവരുണ്ടാകും; നിഖില വിമലിനോട് മാലാ പാര്‍വതി
കൊച്ചി: നടി നിഖില വിമലിനെതിരായ സൈബര്‍ ആക്രമണത്തില്‍ പ്രതികരണവുമായി നടി മാലാ പാര്‍വതി. ഇന്ത്യയില്‍ പശുവിന് മാത്രം പ്രത്യേക പരിഗണനയൊന്നുമില്ലെന്ന പ്രസ്താവനയാണ് അഭിമുഖത്തിനിടെ നിഖില വിമല്‍ നടത്തിയിരുന്നത്. ഇതിന് പിന്നാലെ നിഖില വിമലിനെതിരെ രൂക്ഷമായ സൈബര്‍ ആക്രമണമാണ് ഉണ്ടായത്. ഇതിനെതിരെയാണ് മാലാ പാര്‍വതി രംഗത്തെത്തിയത്. സൈബര്‍ ആക്രമണത്തിന്റെ പേരില്‍ തളരരുതെന്ന് മാലാ പാര്‍വതി നിഖില വിമലിനോട് പറഞ്ഞു. ഫേസ്ബുക്കിലായിരുന്നു മാലാ പാര്‍വതിയുടെ പ്രതികരണം.
'നിഖിലയോടുള്ള ഒരു ചോദ്യത്തിന് നിഖില വ്യക്തമായി മറുപടി പറഞ്ഞു. എല്ലാ ജീവജാലങ്ങളും ഒരു പോലെ. കൊല്ലരുത് എന്നാണ് നിയമം എങ്കില്‍ അത് എല്ലാത്തിനും ബാധകം എന്ന്. ഇതിന് പോലും കുരു പൊട്ടുന്ന, മേലാളന്മാര്‍, സൈബര്‍ അടിമകളെ തുറന്ന് വിട്ട് ആക്രമിക്കും', എന്നായിരുന്നു മാലാ പാര്‍വതി പറഞ്ഞത്. ഇത് കേരളമാണ് എന്നും ഉറപ്പോടെ കൂടെ നില്‍ക്കുന്നവര്‍ കൂടെയുണ്ടാകുമെന്നും നിഖില വിമലിനോടായി മാലാ പാര്‍വതി കൂട്ടിച്ചേര്‍ത്തു.

തന്റെ ഏറ്റവും പുതിയ ചിത്രമായ ജോ ആന്റ് ജോ എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഒരു യൂ ട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു നിഖില വിമലിന്റെ പരാമര്‍ശം. ഒരു തമാശ ചോദ്യത്തിനിടെ പശുവിനെ വെട്ടാന്‍ പറ്റില്ലല്ലോ എന്ന് അഭിമുഖം നടത്തിയ ആള്‍ ചോദിച്ചുപ്പോഴായിരുന്നു നിഖില വിമലിന്റെ മറുപടി. പശുവിന് മാത്രം പ്രത്യേകിച്ച് പരിഗണന നല്‍കേണ്ട ആവശ്യമില്ലെന്നായിരുന്നു നിഖില വിമല്‍ പറഞ്ഞത്. മൃഗങ്ങളെ സംരക്ഷിക്കണമെങ്കില്‍ എല്ലാ മൃഗങ്ങളെയും സംരക്ഷിക്കണം എന്നും നിഖില വിമല്‍ കൂട്ടിച്ചേര്‍ത്തു.

വെട്ടുന്നില്ല എങ്കില്‍ ഒന്നിനെയും വെട്ടരുത്. വെട്ടുകയാണെങ്കില്‍ എല്ലാറ്റിനെയും വെട്ടാം. വന്യജീവികളെ വെട്ടരുത് എന്ന് പറയുന്നത് അവറ്റകള്‍ക്ക് വംശനാശം വരുന്നത് കൊണ്ടാണ്. ഞാനെന്തും കഴിക്കും. നിര്‍ത്തുകയാണ് എങ്കില്‍ എല്ലാം നിര്‍ത്തട്ടെ. അങ്ങനെ ഒന്ന് കഴിക്കില്ല എന്നത് എനിക്ക് പറ്റില്ല. പശുവാണേയും എരുമയാണേലും ഞാന്‍ കഴിക്കും എന്നായിരന്നു നിഖില പറഞ്ഞത്. ചെസ് കളിയില്‍ വിജയിക്കാന്‍ കുതിരയെ മാറ്റി പശുവിനെ വച്ചാല്‍ മതി അപ്പോള്‍ വെട്ടാന്‍ പറ്റില്ലല്ലോ എന്നായിരുന്നു അവതാരകന്‍ പറഞ്ഞത്.

ഇതിനായിരുന്നു കൃത്യമായി രാഷ്ട്രീയം വ്യക്തമാക്കിയുള്ള മറുപടി നിഖില വിമല്‍ കൊടുത്തത്. കുതിരയെ മാറ്റി പശുവിനെ വച്ചാലും താന്‍ വെട്ടുമെന്നും ഇന്ത്യയില്‍ പശുവിനെ വെട്ടാന്‍ പറ്റില്ല എന്ന് പറയുന്ന ഒരു സിസ്റ്റമില്ലെന്നും അത് പിന്നെ കൊണ്ടുവന്നതാണെന്നുപമായിരുന്നു നിഖില വിമല്‍ പറഞ്ഞത്. ഇത് വലിയ ചര്‍ച്ചയായതിന് പിന്നാലെ നിഖില വിമലിനെതിരെ സൈബര്‍ ആക്രമണവും രൂക്ഷമായിരുന്നു.

നിനക്ക് പാല് തന്നു വളര്‍ത്തിയ അമ്മ മരിച്ചാല്‍ നീ വേവിച്ചു തിന്നുമോ? സംസ്‌കാരം അതു പരമ്പര്യമായി കിട്ടുന്നതാണ്. നീ പന്നിയെ കഴിക്കും എന്നു കൂടി പറഞ്ഞാല്‍ ഓക്കേ എന്നൊക്കെയായിരുന്നു നിഖിലയുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ക്ക് താഴെ വന്ന കമന്റുകള്‍. നേരത്തെ തന്നെ തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയിട്ടുള്ള ആളാണ് നിഖില വിമല്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സി പി ഐ എം പ്രചരണ യോഗങ്ങളിലും നിഖില വിമല്‍ പങ്കെടുത്തിരുന്നു.

മാലാ പാര്‍വതിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
പ്രീയപ്പെട്ട നിഖില..@NikhilaVimal
നിഖിലയോടുള്ള ഒരു ചോദ്യത്തിന് നിഖില വ്യക്തമായി മറുപടി പറഞ്ഞു. 'എല്ലാ ജീവജാലങ്ങളും ഒരു പോലെ. കൊല്ലരുത് എന്നാണ് നിയമം എങ്കില്‍ അത് എല്ലാത്തിനും ബാധകം എന്ന്.' ഇതിന് പോലും കുരു പൊട്ടുന്ന, മേലാളന്മാര്‍, സൈബര്‍ അടിമകളെ തുറന്ന് വിട്ട് ആക്രമിക്കും. ലേശം പോലും വിഷമിക്കണ്ട. കാരണം ഇത് കേരളമാണ്.നേരുള്ള സമൂഹം.അശ്ലീലം പറയുന്നവര്, എത്ര ഒച്ച എടുത്താലും.. അതുക്കും മേലെ ആണ് ഉറപ്പോടെ കൂടെ നില്‍ക്കുന്നവര്‍. വിഷമിക്കരുത്.
എന്ന് സൈബര്‍ ആക്രമണം നിരന്തരം നേരിടുന്ന ഒരു അനുഭവസ്ഥ.
ലുക്കും കൊള്ളാം ഡ്രസും കൊള്ളാം; ശിവദയുടെ വൈറല്‍ ചിത്രങ്ങള്‍












Click it and Unblock the Notifications