• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പൊലീസ് ആവശ്യപ്പെട്ടിട്ടും അഡിഷണല്‍ പ്രോസിക്യൂട്ടര്‍ ഹാജരായില്ല; ഒത്തുകളിയാണെന്ന് ആക്ഷേപം

Google Oneindia Malayalam News

തിരുവനന്തപുരം: അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തില്‍ വിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ അറസ്റ്റിലായ പി സി ജോര്‍ജിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെ പൊലീസ് ആവശ്യപ്പെട്ടിട്ടും അഡിഷണല്‍ പ്രോസിക്യൂട്ടര്‍ ഹാജരായില്ലെന്ന് റിപ്പോര്‍ട്ട്. ജഡ്ജിയുടെ വീട്ടില്‍ നടക്കുന്ന കോടതി നടപടികളില്‍ ഹാജരാകാറില്ലെന്ന് വിശദീകരണം നല്‍കിയാണ് പ്രോസിക്യൂട്ടര്‍ വിട്ടുനിന്നത്. പ്രോസിക്യൂട്ടറുടെ അഭാവത്തെ തുടര്‍ന്ന് പൊലീസ് തന്നെയാണ് വാദങ്ങള്‍ ഉന്നയിച്ചത്.

ഇതിന് പിന്നാലെയാണ് പി സി ജോര്‍ജിന് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റക്ലാസ് മജിസ്‌ട്രേറ്റ് കോടതി പി സി ജോര്‍ജിന് ഇടക്കാല ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കരുത്, സാക്ഷിയെ സ്വാധീനിക്കരുത്, അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കണം തുടങ്ങിയ ഉപാധികളോടെയാണ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്.

കേസില്‍ 153 എ, 295 എ എന്നീ വകുപ്പുകളാണ് അന്വേഷണ സംഘം ചുമത്തിയത്. എന്നാല്‍ ഈ വകുപ്പുകള്‍ നിലനില്‍ക്കില്ലെന്നും ഹിന്ദുക്കള്‍ മാത്രമുള്ള അടച്ചമുറിയില്‍ ചില പ്രവണതകളെ പറ്റി മുന്നറിയിപ്പ് നല്‍കുകയായിരുന്നു പി സി ജോര്‍ജെന്നാണ് അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്. ആരോടും ആയുധം എടുത്ത് പോരാടാന്‍ വിവാദ വേദിയില്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

അറിയപ്പെടുന്ന പൊതു പ്രവര്‍ത്തകനായ താന്‍ കടുത്ത പ്രമേഹരോഗിയാണെന്നും ഒളിച്ചോടുന്ന ആളല്ലെന്നും പി സി. ജോര്‍ജ് കോടതിയില്‍ വ്യക്തമാക്കി. ഈ വാദങ്ങള്‍ അംഗീകരിച്ചാണ് കോടതി ജാമ്യം നല്‍കിയത്. സ്വതന്ത്രനാക്കിയാല്‍ സമാനകുറ്റം ആവര്‍ത്തിക്കുമെന്ന പൊലീസ് വാദം കോടതി തള്ളുകയായിരുന്നു.

അതേസമയം, പി സി ജോര്‍ജിന്റെ അറസ്റ്റ് വെറും നാടകമാണെന്ന വിമര്‍ശനമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. ഏറെ നാളായി വിദ്വേഷ പ്രസംഗം നടത്തുന്ന പി സി ജോര്‍ജിനെതിരേ മുഖ്യമന്ത്രി പിണറായി വിജയന്‍ അര്‍ധമനസോടെയാണ് നടപടി സ്വീകരിച്ചതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു.

29നു നടന്ന വിദ്വേഷ പ്രസംഗത്തില്‍ കേസെടുത്തത് മൂന്നു ദിവസം കഴിഞ്ഞു മാത്രമാണ്. കോടതിയില്‍ നിന്ന് തിരിച്ചടി കിട്ടുമോ എന്ന ഭയത്താല്‍ ജോര്‍ജിനെതിരേ നടപടി എടുക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി. ബി ജെ പിയെ പിണക്കാതിരിക്കാനുള്ള എല്ലാ കരുതലും സ്വീകരിച്ചുകൊണ്ടാണ് ജോര്‍ജിനെ സ്വന്തം വാഹനത്തില്‍ പോലീസ് സംരക്ഷണത്തോടെ ഈരാറ്റുപേട്ടയില്‍ നിന്ന് തിരുവവന്തപുരത്തേക്കു കൊണ്ടുവന്നത്.

പിണറായി വിജയന്റെയും ആര്‍ എസ് എസിന്റെയും കണ്ണിലുണ്ണിയാകാനാണ് പി സി ജോര്‍ജ് കുറെക്കാലമായി ശ്രമിക്കുന്നത്. അറസ്റ്റിലായ ജോര്‍ജിനെ അഭിവാദ്യം ചെയ്യാന്‍ ബി ജെ പി നേതാക്കളും അണികളും കൂട്ടത്തോടെ ഇറങ്ങിയെന്നും സുധാകരന്‍ പറഞ്ഞു. പി.സി ജോര്‍ജിന്റെ കസ്റ്റഡിയും സ്വന്തം കാറില്‍ ആഘോഷപൂര്‍വ്വം കൊണ്ടു നടന്നതും അറസ്റ്റ് ചെയ്തതുമൊക്കെ വെറും നാടകമായിരുന്നോ എന്ന് സംശയിക്കുന്നതാണ് ഇപ്പോഴത്തെ സംഭവങ്ങളെന്ന് യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് പറഞ്ഞു.

ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കോടതിയില്‍ ഹാജരാക്കിയ ജോര്‍ജിന് ജാമ്യം ലഭിച്ചിരിക്കുന്നു. കോടതിയില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ ഒരക്ഷരം മിണ്ടിയില്ല എന്നാണ് പി.സി ജോര്‍ജ് തന്നെ പറയുന്നത്. ഇത് ഒത്ത് കളിയാണോ എന്ന് സംശയത്തിനിട നല്‍കുന്നതാണ്.
ജാമ്യം കിട്ടിയ ജോര്‍ജ് പറഞ്ഞത് താന്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നു എന്നാണ്. ഇത് നല്‍കുന്ന സന്ദേശമെന്താണ്? ജാമ്യം നല്‍കുമ്പോള്‍ കോടതി പറഞ്ഞത് ഇത്തരം വിദ്വേഷ പ്രസംഗങ്ങള്‍ വീണ്ടും നടത്തരുതെന്നാണ്. എന്നാല്‍ ജാമ്യം കിട്ടി മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ പി.സി ജോര്‍ജ് ഉപാധി ലംഘിച്ചിരിക്കുന്നു. സര്‍ക്കാറിന് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ജാമ്യം റദ്ദ് ചെയ്യാനാവശ്യപ്പെട്ട് കോടതിയെ സമീപിക്കണം. അല്ലെങ്കില്‍ ക്ലിഫ് ഹൗസില്‍ ഒരു വാഴ നട്ട് ഡി വൈ എഫ് ഐ പ്രതിഷേധിക്കണമെന്ന് പി കെ ഫിറോസ് ആവശ്യപ്പെട്ടു.

English summary
Additional prosecutor did not appear while PC George's bail application was being considered
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X