പൊലീസില്‍ അഴിച്ചുപണി; വിനോദ് കുമാര്‍ വിജിലന്‍സ് ഡയറക്ടര്‍, മനോജ് എബ്രഹാം ഇന്റലിജന്‍സ് എഡിജിപി
തിരുവനന്തപുരം: സംസ്ഥാന പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി. എ ഡി ജി പിയായിരുന്ന ടി കെ വിനോദ് കുമാറിനെ ഡി ജി പിയായി സ്ഥാനക്കയറ്റം നല്‍കി വിജിലന്‍സ് ഡയറക്ടറായി നിയമിച്ചു. വിജിലന്‍സ് ഡയറക്ടറായിരുന്ന മനോജ് എബ്രഹാം ഇന്റലിജന്‍സ് എ ഡി ജി പിയാകും. ഇതടക്കം പൊലീസിലെ നിര്‍ണായക പദവികളില്‍ മാറ്റം വന്നിട്ടുണ്ട്. ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി.
ജയില്‍ മേധാവിയായിരുന്ന കെ പത്മകുമാറിനെ ഫയര്‍ ഫോഴ്‌സിലേക്ക് മാറ്റി. ബല്‍റാം കുമാര്‍ ഉപാധ്യായ പുതിയ ജയില്‍ മേധാവിയാകും. ക്രമസമാധാന ചുമതലയുള്ള എ ഡി ജി പി എം ആര്‍ അജിത് കുമാറിന് സായുധ പൊലീസ് മേധാവിയുടെ അധിക ചുമതല കൂടി നല്‍കിയിട്ടുണ്ട്. ഫയര്‍ ഫോഴ്‌സ് മേധാവിയായിരുന്ന ഡോ. സന്‍ജീബ് കുമാര്‍ പത്ജോഷി പൊലീസ് ഹൗസിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്റെ അധ്യക്ഷനാകും.

ക്രൈം എ ഡി ജി പി എച്ച് വെങ്കടേഷ് സൈബര്‍ ഓപറേഷന്റെയും ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെയും ചുമതല നിര്‍വഹിക്കും. ഇന്റലിജന്‍സ് ഐ ജി പി പ്രകാശ് ആണ് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ ഐ ജി. കൊച്ചി കമ്മീഷണര്‍ സേതുരാമന് പകരം ട്രാഫിക്, റോഡ് സുരക്ഷാ വിഭാഗം ഐ ജിയായിരുന്ന എ അക്ബര്‍ കൊച്ചി കമ്മീഷണറാകും. സേതുരാമന് ഉത്തര മേഖല ഐ ജിയുടെ ചുമതലയാണ് നല്‍കിയിരിക്കുന്നത്.
ഉത്തര മേഖല ഐ ജിയായിരുന്ന നീരജ് കുമാര്‍ ഗുപ്ത പൊലീസ് ആസ്ഥാനത്തെ ചുമതല നിര്‍വഹിക്കും. കണ്ണൂര്‍ റെയ്ഞ്ച് ഡി ഐ ജിയായിരുന്ന പുട്ട വിമലാദിത്യയെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ ഡി ഐ ജിയാകതും. പൊലീസ് ജനറല്‍ ഡി ഐ ജിയായിരുന്ന തോംസണ്‍ ജോസ് ആണ് പുതിയ കണ്ണൂര്‍ റെയ്ഞ്ച് ഡി ഐ ജി.












Click it and Unblock the Notifications