പ്രിയസഖാവിന്റെ വിയോഗത്തില്‍ കണ്ണീരണിഞ്ഞ് കേരളം; ധീരത, പോരാട്ടവീര്യം, സൗമ്യം... അനുശോചന പ്രവാഹം
തിരുവനന്തപുരം: സിപിഎം ജില്ലാ കമ്മിറ്റിയംഗവും യുവജന ക്ഷേമ ബോര്‍ഡ് ഉപാധ്യക്ഷനും എസ്എഫ്ഐ മുന്‍ സംസ്ഥാന സെക്രട്ടറിയും ആയ പി ബിജുവിന്റെ അകാലവിയോഗത്തില്‍ കണ്ണീരണിഞ്ഞ് കേരളം. കൊവിഡ് ബാധിതനായിരുന്ന പി ബിജു പിന്നീട് രോഗമുക്തി നേടിയെങ്കിലും കടുത്ത ആരോഗ്യപ്രശ്നങ്ങളിലേക്ക് വീഴുകയായിരുന്നു. ഒടുവില്‍ ഹൃദാഘാതം അദ്ദേഹത്തിന്റെ ജീവനെടുത്തു.
എസ്എഫ്ഐ മുന്‍ സംസ്ഥാന സെക്രട്ടറി പി ബിജു അന്തരിച്ചു; മരണം യുവജനക്ഷേമ ബോർഡ് ഉപാധ്യക്ഷനായിരിക്കെ
കരുത്തുറ്റ പോരാളി; നന്മകള് അടയാളപ്പെടുത്തി വിടപറഞ്ഞു- ഇപി ജയരാജന്
മുഖ്യമന്ത്രി പിണറായി വിജയന്, സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം തുടങ്ങി ഒട്ടേറെപേര്‍ പി ബിജുവിന് അന്ത്യാഞ്ജലി അര്‍പ്പിച്ചുകൊണ്ട് ഹൃദയത്തില്‍ തൊടുന്നു കുറിപ്പുകളുമായി ഫേസ്ബുക്കിലെത്തി. ഫേസ്ബുക്ക് സ്ട്രീമില്‍ ബിജുവിന്റെ ചിരിക്കുന്ന ചിത്രങ്ങള്‍ നിറഞ്ഞുനില്ക്കുന്നു...

സഖാക്കളുടെ ബിജു അണ്ണന്
തിരുവനന്തപുരത്തെ പഴയ എസ്എഫ്ഐ പ്രവര്‍ത്തകരുടെ പ്രിയപ്പെട്ട ബിജു അണ്ണന് ആയിരുന്നു പിബിജു. ഇടപെഴകുന്ന ഓരോരുത്തരോടും ഉള്ള കരുതല്‍ തന്നെ ആയിരുന്നു 'ബിജു അണ്ണാ' എന്ന ആ വിളിയുടെ കാതല്‍. ആ കരുതലും സ്നേഹവും നഷ്ടമായതിന്റെ വേദനകളാണ് ഫേസ്ബുക്ക് സ്ട്രീമില്‍ നിറയുന്നത്.

സമരതീക്ഷ്ണം
കേരളത്തില്‍ വിദ്യാര്‍ത്ഥിസമരങ്ങളുടെ തീക്ഷ്ണകാലമായിരുന്നു 2003 മുതല്‍ 2006 വരെയുള്ള സമയം. ഇക്കാലത്ത് എസ്എഫ്ഐയുടെ തിരുവനന്തപുരത്തെ സംഘാടകനും പി ബിജു തന്നെ ആയിരുന്നു. കടുത്ത പോലീസ് മര്‍ദ്ദനങ്ങളാണ് അക്കാലത്ത് പി ബിജുവിന് ഏറ്റുവാങ്ങേണ്ടി വന്നിരുന്നത്.

ധീരതയും നേതൃപാടവവും
വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനകാലം മുതല്ക്കേ അസാമാന്യ ധീരതയും മികച്ച നേതൃപാടവവും കൊണ്ട് ശ്രദ്ധേയനായിരുന്നു ബിജു എന്ന് മുഖ്യമന്ത്രി പിണറായി വിജയന് അനുസ്മരിച്ചു. ബിജുവിന്റെ അകാലവിയോഗം വേദനാജനകമാണെന്നും കമ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്കും കേരള സമൂഹത്തിനും വലിയ നഷ്ടമാണ് അത് സൃഷ്ടിക്കുന്നത് എന്നും പിണറായി വിജയന് ഫേസ്ബുക്കില്‍ കുറിച്ചു.

നിഷ്കളങ്കതയും പോരാട്ടവീറും
നിഷ്കളങ്കതയുടേയും പോരാട്ടവീറിന്റേയും പ്രതീകമാണ് സഖാവ് പി ബിജു എന്നാണ് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് ഫേസ്ബുക്കില്‍ കുറിച്ചത്. ഏല്പിക്കുന്ന ജോലികളോടുള്ള ആത്മസമര്‍പ്പണം ബിജുവിന്റെ പ്രത്യേകതയാണെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളില്‍ ശരീരത്തിന്റെ അവശതകള്‍ പരിഗണിക്കാതെയുള്ള ബിജുവിന്റെ സമര്‍പ്പണം ഏവര്‍ക്കും പ്രചോദനവും മാതൃകയും ആണെന്ന് പി ശ്രീരാമകൃഷ്ണന് കുറിയ്ക്കുന്നു.

സൗമ്യവും ധീരവും
കരുത്തനായ യുവജന നേതാവിന്റെ വിയഗത്തിലൂടെ തീരാനഷ്ടമാണ് സംഭവിച്ചത് എന്നാണ് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം ഫേസ്ബുക്കില്‍ കുറിച്ചത്. പി ബിജുവിന്റെ സൗമ്യവും ധീരവും ആയ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തിന് യുവജനങ്ങള്‍ക്കിടയില്‍ വലിയ അംഗീകാരം നേടിക്കൊടുത്തു എന്നും റഹീം കുറിയ്ക്കുന്നു.

ശാരീരിക പ്രശ്നങ്ങള്‍
തിരുവനന്തപുരം ആര്‍ട്സ് കോളേജിലെ സംഘടനാ പ്രവര്‍ത്തനങ്ങളിലൂടെയാണ് ബിജു നേതൃത്വത്തിലേക്ക് ഉയരുന്നത്. ശാരീരികാനസ്ഥയുടെ പേരില്‍ ഒരു പോരാട്ടത്തില്‍ നിന്നും മാറി നില്ക്കാന് ബിജു തയ്യാറായിട്ടില്ല. സഹപ്രവര്‍ത്തകരെ എന്നും കൂടെ ചേര്‍ത്തുനിര്‍ത്തിയ നേതാവായിരുന്നു പി ബിജു.
സമരനിലങ്ങളിലെ പോരാട്ട വീര്യം; പി ബിജുവിനെ അനുസ്മരിച്ച് കൊടിയേരി ബാലകൃഷ്ണന്