കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംഘികള്‍ക്ക് അറിയുമോ, ദേശീയഗാനം ആലപിക്കേണ്ടെന്ന സുപ്രീംകോടതി വിധി നേടിയെടുത്ത ഈ മലയാളിയെ...

സ്കൂളില്‍ ദേശീയ ഗാനം ആലപിച്ചില്ലെന്ന് പറഞ്ഞാണ് ഇമ്മാനുവലിന്‍റെ മക്കളടക്കമുള്ള യഹോവ വിശ്വാസികളായ വിദ്യാര്‍ത്ഥികളെ കിടങ്ങൂര്‍ എന്‍എസ്എസ് സ്കൂളില്‍ നിന്നും പുറത്താക്കിയത്.

  • By Afeef Musthafa
Google Oneindia Malayalam News

കോട്ടയം: സിനിമാ തിയേറ്ററുകളില്‍ ദേശീയഗാനം ആലപിക്കണമെന്ന സുപ്രീംകോടതി വിധിയുടെ ചര്‍ച്ചകള്‍ ചൂടുപിടിക്കുന്ന സമയത്ത് കേരളത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ദേശീയഗാനവുമായി ബന്ധപ്പെട്ട് നടന്ന ഒരു സംഭവത്തെ കുറിച്ച് അധികമാര്‍ക്കും അറിയില്ല. പാലാ കടപ്ലമറ്റം സ്വദേശി ഇമ്മാനുവലാണ് ദേശീയഗാനം ആലപിക്കേണ്ടന്ന വിധി വര്‍ഷങ്ങള്‍ക്ക് മുന്നേ സുപ്രീംകോടതിയില്‍ നിന്ന് നേടിയെടുത്തത്.

1986ലാണ് സുപ്രീംകോടതിയില്‍ നിന്ന് ദേശീയഗാനം യഹോവ വിശ്വാസികളായ തങ്ങള്‍ ആലപിക്കേണ്ടതില്ല എന്ന ഉത്തരവ് ഇമ്മാനുവല്‍ സ്വന്തമാക്കിയത്. ഒരു വര്‍ഷം നീണ്ട നിയമ യുദ്ധത്തിനൊടുവിലാണ് ഇമ്മാനുവല്‍ ഇത് നേടിയെടുത്തത്. 1985 ലായിരുന്നു ഇങ്ങനെയൊരു നിയമപോരാട്ടം നടത്താന്‍ കാരണമായ സംഭവങ്ങളുടെ തുടക്കം.

ഇമ്മാനുവലിന്റെ മക്കളെ പുറത്താക്കി

ഇമ്മാനുവലിന്റെ മക്കളെ പുറത്താക്കി

1985 ലാണ് സംഭവം. അന്ന് കോളേജ് പ്രൊഫസറായ ഇമ്മാനുവലിന്റെയും ലില്ലിക്കുട്ടിയുടെയും മക്കളായ ബിജോയ്, ബിനു, ബിന്ദു എന്നിവര്‍ യഥാക്രമം പത്ത്,ഒന്‍പത്,അഞ്ച് ക്ലാസുകളിലായി കിടങ്ങൂര്‍ എന്‍എസ്എസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പഠിക്കുന്നു. അതിനിടയിലാണ് സ്‌കൂളില്‍ ദേശീയഗാനം ആലപിക്കുന്നില്ലെന്ന കാരണത്താല്‍ ഇമ്മാനുവലിന്റെ മൂന്നു മക്കളെയും മറ്റു ഒന്‍പത് യഹോവ വിശ്വാസികളായ കുട്ടികളെയും സ്‌കൂളില്‍ നിന്ന് പുറത്താക്കുന്നത്.

ദേശീയഗാനം പ്രാര്‍ത്ഥനയാണ്

ദേശീയഗാനം പ്രാര്‍ത്ഥനയാണ്

എന്നാല്‍ ദേശീയഗാനം ആലപിച്ചില്ലെന്ന കാരണം പറഞ്ഞ് ഇമ്മാനുവലിന് നേരെ വാളെടുക്കേണ്ട. ദേശീയഗാനം ആലപിക്കുന്നത് പ്രാര്‍ത്ഥനയ്ക്ക് തുല്യമാണെന്നാണ് ഇമ്മാനുവല്‍ പറയുന്നത്. യഹോവ വിശ്വാസികളായ തങ്ങള്‍ക്ക് ദൈവമായ യഹോവയോടല്ലാതെ മറ്റൊരു പ്രാര്‍ത്ഥനയും അനുവദനീയമല്ല. എന്നാല്‍ സ്‌കൂളിലോ മറ്റോ ദേശീയഗാനം ആലപിക്കുമ്പോള്‍ തങ്ങളും കുട്ടികളും എഴുന്നേറ്റ് നിന്ന് ബഹുമാനിക്കാറുണ്ടെന്നും ഇമ്മാനുവല്‍ പറയുന്നു.

അന്വേഷണത്തിന് ഉത്തരവ്

അന്വേഷണത്തിന് ഉത്തരവ്

ഇമ്മാനുവലിന്റെ കുട്ടികളെയടക്കം മറ്റ് ഒന്‍പത് യഹോവ വിശ്വാസികളായ വിദ്യാര്‍ത്ഥികളെ കിടങ്ങൂര്‍ എന്‍എസ്എസ് സ്‌കൂളില്‍ നിന്നും പുറത്താക്കിയ വിഷയം അന്ന് നിയമസഭയിലുമെത്തി. എംഎല്‍എ ആയിരുന്ന വി സി കബീറാണ് വിഷയം നിയമസഭയില്‍ അവതരിപ്പിച്ചത്. തുടര്‍ന്ന് സംഭവത്തില്‍ അന്വേഷണം നടത്താന്‍ കരുണാകരന്‍ മന്ത്രി സഭയില്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ടി എം ജേക്കബ്ബ് ഉത്തരവിടുകയും ചെയ്തു.

ദേശീയഗാനത്തെ അവഹേളിച്ചിട്ടില്ലെന്ന് കണ്ടെത്തി

ദേശീയഗാനത്തെ അവഹേളിച്ചിട്ടില്ലെന്ന് കണ്ടെത്തി

മന്ത്രിയുടെ ഉത്തരവിന് തുടര്‍ന്ന് കോട്ടയത്തെത്തിയ ഏകാംഗ അന്വേഷണ കമ്മീഷന്‍ ഇ്മ്മാനുവലിന്റെ കുട്ടികള്‍ക്ക് അനുകൂലമായാണ് റിപ്പോര്‍ട്ട് നല്‍കിയത്. ദേശീയഗാനം ആലപിക്കുമ്പോള്‍ കുട്ടികള്‍ എഴുന്നേറ്റ് നിന്ന ബഹുമാനിക്കാറുണ്ടെന്നും, എന്നാല്‍ കുട്ടികള്‍ ദേശീയഗാനം ആലപിക്കാത്തത് ദേശീയഗാനത്തെ അവഹേളിച്ചതായി കണക്കാക്കാന്‍ പറ്റില്ലെന്നുമായിരുന്നു അന്വേഷണ കമ്മീഷന്റെ കണ്ടെത്തല്‍.

സ്‌കൂളില്‍ പ്രവേശിപ്പിച്ചില്ല

സ്‌കൂളില്‍ പ്രവേശിപ്പിച്ചില്ല

അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട് മുഖവിലയ്‌ക്കെടുക്കാന്‍ പോലും വിദ്യാഭ്യാസ വകുപ്പോ സ്‌കൂള്‍ അധികൃരോ തയ്യാറായില്ലെന്ന് ഇമ്മാനുവല്‍ പറഞ്ഞു. സ്‌കൂളില്‍ തുടര്‍ന്ന് പഠിക്കണമെങ്കില്‍ ദേശീയഗാനം ആലപിക്കുമെന്ന് എഴുതി ഒപ്പിട്ട് നല്‍കിയാലേ സ്‌കൂളില്‍ പ്രവേശിപ്പിക്കാനാവൂ എന്നാണ് അന്നത്തെ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പറഞ്ഞതെന്നും ഇമ്മാനുവല്‍ കൂട്ടിച്ചേര്‍ത്തു.

തുടര്‍ന്ന് സുപ്രീംകോടതിയില്‍

തുടര്‍ന്ന് സുപ്രീംകോടതിയില്‍

സ്‌കൂള്‍ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട തന്റെ മക്കള്‍ക്ക് വേണ്ടിയും യഹോവ വിശ്വാസികളായ മറ്റു വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയും ഇമ്മാനുവല്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. എന്നാല്‍ ഇമ്മാനുവലിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. തുടര്‍ന്നാണ് ഇമ്മാനുവല്‍ സുപ്രീംകോടതിയെ സമീപിക്കുന്നത്. നീയമപോരാട്ടതിന് തന്റെ സമുദായത്തിലെ എല്ലാവരുടെയും പിന്തുണ ഉണ്ടായിരുന്നെന്നും ഇമ്മാനുവല്‍ പറയുന്നു.

ഇമ്മാനുവലിന് അനുകൂലം

ഇമ്മാനുവലിന് അനുകൂലം

1986 ഓഗസ്റ്റ് 11നാണ് സുപ്രീംകോടതി ഇമ്മാനുവല്‍ കേരള സര്‍ക്കാരിനെതിരെ നല്‍കിയ കേസില്‍ വിധി പ്രസ്താവിക്കുന്നത്. ദേശീയഗാനം ആലപിക്കാത്തത് ദേശീയഗാനത്തെ അപമാനിച്ചതായി കണക്കാക്കാനാവില്ലെന്നും, യഹോവ വിശ്വാസികളായ കുട്ടികള്‍ ദേശീയഗാനത്തിന്റെ എഴുന്നേറ്റ് നില്‍ക്കുന്നുണ്ടെന്നും, അവര്‍ ദേശീയഗാനം ആലപിക്കണമെന്ന് നിര്‍ബന്ധമില്ലെന്നുമായിരുന്നു സുപ്രീംകോടതിയുടെ വിലയിരുത്തല്‍. കുട്ടികളെ സ്‌കൂളില്‍ പ്രവേശിപ്പിക്കാനും കോടതി ഉത്തരവിട്ടു.

പിന്നീട് പഠിച്ചതെല്ലാം വീട്ടില്‍ നിന്ന്

പിന്നീട് പഠിച്ചതെല്ലാം വീട്ടില്‍ നിന്ന്

കോടതി വിധിക്ക് ശേഷം സ്‌കൂളിലെത്തിയ ബിജോയ്,ബിനു,ബിന്ദു എന്നിവര്‍ക്ക് മറ്റുള്ളവരുടെ കളിയാക്കലുകളും കുറ്റപ്പെടുത്തലുകളുമാണ് നേരിടേണ്ടി വന്നത്. തുടര്‍ന്ന് ഇനി കുട്ടികളെ സ്‌കൂളിലേക്ക് വിടേണ്ട എന്നായിരുന്നു ഇമ്മാനുവലിന്റെ തീരുമാനം. ഇതിനിടയില്‍ യഹോവ വിശ്വാസികളായ മറ്റു കുട്ടികള്‍ വേറെ ചില സ്‌കൂളുകളില്‍ ചേര്‍ന്നിരുന്നു. ഇമ്മാനുവലിന്റെ ഈ മുന്നു മക്കള്‍ പിന്നീട് സ്‌കൂളില്‍ പോയിട്ടില്ല. ഇവര്‍ക്ക് ശേഷം ജനിച്ച മറ്റു രണ്ടു മക്കളും ജീവിതത്തില്‍ സ്‌കൂളിന്റെ പടി കണ്ടിട്ടില്ല. ഇവരും എല്ലാം പഠിച്ചത് ഇമ്മാനുവലിന്റെയും ലില്ലിക്കുട്ടിയുടെയും ഹോം സ്‌കൂളിംഗിലൂടെയായിരുന്നു.

കൊച്ചുമക്കള്‍ പോകുന്നുണ്ട്

കൊച്ചുമക്കള്‍ പോകുന്നുണ്ട്

കുട്ടികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം ലഭിക്കാന്‍ സ്‌കൂളില്‍ പോയി പഠിക്കണമെന്ന് നിര്‍ബന്ധമില്ലെന്നാണ് ഇമ്മാനുവലിന്റെ പക്ഷം. ദൈവത്തിലൂന്നി രക്ഷിതാക്കള്‍ പഠിപ്പിച്ച വിദ്യാഭ്യാസ രീതിയില്‍ തങ്ങളും ഹാപ്പിയാണെന്ന് ഇമ്മാനുവലിന്റെ മക്കളും പറയുന്നു. എന്നാല്‍ ഇമാമനുവലിന്റെ എട്ടു കൊച്ചുമക്കളും സ്‌കൂളില്‍ പോകുന്നുണ്ട്. അവര്‍ക്ക് ദേശീയഗാനത്തിന്റെ പേരില്‍ ബുദ്ധിമുട്ട് ഉണ്ടാവാതിരിക്കാന്‍ സ്‌കൂളില്‍ ചേര്‍ത്തുന്നതിന് മുമ്പ് സുപ്രീംകോടതി വിധിയുടെ പകര്‍പ്പ് കാണിച്ചാണ് അഡ്മിഷന്‍ എടുത്തതെന്നും ഇമ്മാനുവല്‍ പറഞ്ഞു. അതുകൊണ്ട് തന്റെ മക്കള്‍ അനുഭവിച്ച് ബുദ്ധിമുട്ടുകള്‍ കൊട്ടുമക്കള്‍ക്ക് അനുഭവിക്കേണ്ടി വന്നില്ലെന്നുമാണ് ഇമ്മാനുവലിന്റെ അഭിപ്രായം.

English summary
After winning the landmark legal battle upholding their right not to sing the national anthem, the three children belonging to the Jehowah’s Witnesses sect in Kerala went to school for just a day.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X