ശബരിമല വിവാദം; ഒന്നംപ്രതി മുഖ്യമന്ത്രിയെന്ന് ആന്റണി, ബിജെപിക്ക് വളരാന്‍ വഴിയൊരുക്കുന്നു
കോഴിക്കോട്: ശബരിമലയിലെ കുഴപ്പങ്ങള്‍ക്കെല്ലാം കാരണം മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് മുന്‍ മുഖ്യമന്ത്രി എകെ ആന്റണി. ശബരിമലയില്‍ കലാപമുണ്ടാക്കാന്‍ ബിജെപിക്ക് അവസരമൊരുക്കുകയാണ് പിണറായി വിജയന്‍ ചെയ്തത്. മണ്ഡലകാലം മുഴുവന്‍ സംഘര്‍ഷഭരിതമാക്കാനാണ് ശ്രമം. പ്രളയ ദുരിതാശ്വാസ പരാജയത്തെ മറച്ചുവെക്കാനുള്ള ഉപകരണമായിട്ടാണ് മുഖ്യമന്ത്രി ഇതിനെ കാണുന്നത്.

ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിയാണ് ഒന്നാം പ്രതി. ബിജെപി കൂട്ടുപ്രതിയാണെന്നും ആന്റണി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രളയ ദുരിതത്തിന്റെ അടിയന്തര സഹായമായ 10000 രൂപ പോലും പലര്‍ക്കും കിട്ടിയിട്ടില്ല. ശബരിമല വിവാദത്തിലൂടെ ബിജെപിക്ക് അവസരം നല്‍കി കോണ്‍ഗ്രസിനെ തകര്‍ക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം.
ആചാരങ്ങളില്‍ മാറ്റം വരുത്തുമ്പോള്‍ ഏറെ ചര്‍ച്ച ചെയ്യേണ്ടതുണ്ട്. എടുത്തുചാടി എടുക്കേണ്ട തീരുമാനമല്ല. പോലീസുകാരും സര്‍ക്കാര്‍ പിന്തുണയില്‍ കുഴപ്പമുണ്ടാക്കുകയാണ്. രാജ്യം ബിജെപിയില്‍ നിന്ന് രക്ഷിക്കണമെന്ന് എല്ലാ പാര്‍ട്ടികളും ആഗ്രഹിക്കുന്നു. കോണ്‍ഗ്രസിന്റെ ശത്രുവായ ടിഡിപിക്ക് പോലും അങ്ങനെ ചിന്തവന്നു. എന്നാല്‍ കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അക്കാര്യം മനസിലായിട്ടില്ലെന്നും ആന്റണി കുറ്റപ്പെടുത്തി.
കേരളത്തില്‍ ബിജെപിയെ വളര്‍ത്തി അടുത്ത തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് നേടാന്‍ അവര്‍ക്ക് അവസരമുണ്ടാക്കുകയാണ് സിപിഎം. ബിജെപിയെ വളര്‍ത്തി കോണ്‍ഗ്രസിനെ ഇല്ലാതാക്കാനാണ് ശ്രമം. ആര്‍എസ്എസ് വളരണമെന്ന് ആഗ്രഹിക്കുന്നത് സിപിഎം മാത്രമാണ്. അതിന്റെ പടത്തലവന്‍ മുഖ്യമന്ത്രി പിണറായി വിജയനാണെന്നും ആന്റണി പറഞ്ഞു.
കോണ്‍ഗ്രസ് വിശ്വാസികള്‍ക്കൊപ്പമാണ്. ബിജെപിയുടെ വിശ്വാസം കപടമാണ്. അയ്യപ്പനെ വിശ്വസിക്കുന്നവര്‍ സന്നിധാനത്ത് സമരം ചെയ്യുമോ. പതിനെട്ടാം പടിക്ക് മുകളില്‍ കയറി പ്രസംഗിക്കുമോ എന്നും ആന്റണി ചോദിച്ചു.












Click it and Unblock the Notifications