അന്‍വറിന്റെ ആരോപണങ്ങളില്‍ പാര്‍ട്ടി പരിശോധന ഇപ്പോഴില്ലെന്ന് ഗോവിന്ദന്‍; അന്വേഷണ റിപ്പോര്‍ട്ടിന് ശേഷം നടപടി
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനും ആഭ്യന്തര വകുപ്പിനും എതിരെ പിവി അന്‍വര്‍ എംഎല്‍എ ഉന്നയിച്ച ആരോപണങ്ങള്‍ ഭരണതലത്തിലുള്ളത് എന്ന് സിപിഎം സംസ്ഥാന സെക്രട്ടി എംവി ഗോവിന്ദന്‍. അത് സംബന്ധിച്ച് ഭരണതലത്തില്‍ തന്നെയാണ് പരിശോധന വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'അന്‍വറിന്റെ പരാതി സിപിഎം ചര്‍ച്ച ചെയ്തു. ഭരണതലത്തില്‍ അന്വേഷണം വേണമെന്നതിനാല്‍ സര്‍ക്കാര്‍ തന്നെ അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. മാധ്യമങ്ങളില്‍ കാണുന്നത് പോലെ ചെറിയ സംഘമല്ല അന്വേഷിക്കുന്നത്. സംസ്ഥാന പൊലീസ് മേധാവി തന്നെയാണ് സംഘത്തെ നയിക്കുന്നത്. അത് ചെറിയ കാര്യമല്ല,' എംവി ഗോവിന്ദന്‍ പറഞ്ഞു. ഒരു മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് ലഭിക്കും.

ആ ഘട്ടത്തില്‍ പാര്‍ട്ടിതലത്തില്‍ പരിശോധിക്കേണ്ട കാര്യമുണ്ടെങ്കില്‍ പരിശോധിക്കും എന്നും തെറ്റായ കാര്യം ആര്‍ക്കെതിരേയും ഉണ്ടെങ്കില്‍ നടപടി സ്വീകരിക്കും എന്നും അദ്ദേഹം പറഞ്ഞു. അന്‍വര്‍ സംസ്ഥാന സര്‍ക്കാരിനും പാര്‍ട്ടിക്കും നല്‍കിയ പരാതി പരിശോധിച്ചു എന്നും പരാതി ഉന്നയിച്ച പ്രകാരം സുജിത് ദാസിനെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സസ്‌പെന്റ് ചെയ്തിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
ഈ വിഷയത്തില്‍ പ്രതിപക്ഷം രാഷ്ട്രീയ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത് എന്നും അതിന് മാധ്യമങ്ങളും പിന്തുണ നല്‍കുകയാണ് എന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ഏത് പ്രശ്‌നം ഉയര്‍ന്നാലും മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കും എതിരെ അതിനെ ഉപയോഗിക്കുന്ന രീതിയാണ് കാണുന്നത്. കെ സുധാകരന്‍ ഉന്നയിച്ച ഭീഷണി ഡിവൈഎഫ്‌ഐ നേതാവാണ് നടത്തിയതെങ്കില്‍ അത് വലിയ തോതില്‍ ചര്‍ച്ച ചെയ്യുന്ന മാധ്യമങ്ങള്‍ സുധാകരന്‍ പറഞ്ഞത് വാര്‍ത്തയാക്കിയില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പരാതി പരിശോധിച്ച് നടപടി സ്വീകരിക്കുന്ന സിപിഎം രീതിയല്ല കോണ്‍ഗ്രസിലുള്ളത്. അതിനാലാണ് സിമി റോസ്‌ബെല്ലിനെ കോണ്‍ഗ്രസ് പുറത്താക്കിയത് എന്നും എന്ത് ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് അത് ചെയ്തത് എന്നും അദ്ദേഹം ചോദിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ നേട്ടമാണ് എന്നും അതിന് ദേശവ്യാപകമായി പിന്തുണ ലഭിക്കുന്നുണ്ട് എന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
രാജ്യത്തെ പല സംസ്ഥാനങ്ങളിലും സമാന ആവശ്യം ഉയര്‍ന്നിട്ടുണ്ട് എന്നും ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ കൈകാര്യം ചെയ്യാന്‍ ഹൈക്കോടതിയില്‍ വനിതാ പ്രാതിനിധ്യത്തോടെ പുതിയ ബെഞ്ച് ഉണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. ഇതിനെ സിപിഎം സ്വാഗതം ചെയ്യുന്നുവെന്നും ഗോവിന്ദന്‍ പറഞ്ഞു.












Click it and Unblock the Notifications