ആലുവ കൊലപാതകം: പ്രതി അസ്ഫാക്കിനെ 10 ദിവസം പോലീസ് കസ്റ്റഡിയിൽ വിട്ട് കോടതി
കൊച്ചി: ആലുവയില്‍ അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്ഫാക്ക് ആലം അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പോലീസ് കോടതിയില്‍. അസ്ഫാക്ക് ആലത്തിനെ എറണാകുളം പോക്‌സോ കോടതി പത്ത് ദിവസം പോലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രതി അന്വേഷണത്തോട് സഹകരിക്കാത്ത സാഹചര്യത്തില്‍ കസ്റ്റഡി വേണമെന്ന പോലീസിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.
ആഗസ്റ്റ് 10 വരെയാണ് അസ്ഫാക്കിനെ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. ഇയാള്‍ നേരത്തെയും പോക്‌സോ കേസില്‍ പ്രതിയാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. 2018ല്‍ ഡല്‍ഹിയില്‍ വെച്ച് പത്ത് വയസ്സുകാരിയെ പീഡിപ്പിച്ച കേസിലാണ് അസ്ഫാക് പ്രതിയായിട്ടുളളത്. ഈ കേസില്‍ ഇയാള്‍ ഒരു മാസം ജയിലില്‍ കഴിഞ്ഞിട്ടുണ്ട്. തുടര്‍ന്ന് ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു.

ബീഹാര്‍ സ്വദേശിയാണ് അസ്ഫാക് ആലം. ഇയാളെ കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ അന്വേഷിക്കാനായി പോലീസ് സംഘം ബീഹാറിലേക്ക് പോകും. കേസിലെ അന്വേഷണം നേര്‍വഴിക്കാണെന്ന് റൂറല്‍ എസ്പി വിവേക് കുമാര്‍ വ്യക്തമാക്കി. ആലുവയില്‍ താമസിക്കുന്ന ബീഹാര്‍ സ്വദേശികളുടെ മകളായ അഞ്ചുവയസ്സുകാരിയാണ് ക്രൂരമായ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടത്.
വെള്ളിയാഴ്ചയാണ് പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് കാണാതാകുന്നത്. ഇതേത്തുടര്‍ന്ന് കുടുംബം പോലീസില്‍ പരാതി നല്‍കി. പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുട്ടിയുമായി നടന്ന് പോകുന്ന സിസിടിവി ദൃശ്യം ലഭിച്ചത്. പിന്നാലെ തന്നെ അസ്ഫാക്കിനെ പോലീസ് പിടികൂടി. പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ക്രൂരമായ പീഡനത്തിന് കുട്ടി ഇരയായിട്ടുണ്ടെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പീഡിപ്പിച്ച ശേഷം പ്രതി കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.












Click it and Unblock the Notifications