ലീഗ് ജനറൽ സെക്രട്ടറിയായി പിഎംഎ സലാം തന്നെ തുടരും; തീരുമാനം സംസ്ഥാന കൗൺസിൽ യോഗത്തിൽ

കോഴിക്കോട്: ലീഗ് ജനറൽ സെക്രട്ടറിയായി പി എം എ സലാം തന്നെ തുടരും. കടുത്ത എതിർപ്പിനിടെ ഇന്ന് ചേർന്ന സംസ്ഥാന കൗൺസിൽ യോഗത്തിലാണ് തീരുമാനം.അധ്യക്ഷനായി സാദിഖലി ശിഹാബ് തങ്ങളും ട്രഷററായി സി ടി അഹമ്മദ് അലിയും തുടരാനും യോഗത്തിൽ തീരുമാനമായി.
ഡോ എംകെ മുനീറിനെ ജനറൽ സെക്രട്ടറിയാക്കണമെന്നതായിരുന്നു ഒരു വിഭാഗത്തിന്റെ നിലപാട്. എന്നാൽ സലാം തന്നെ തുടരട്ടെ എന്നായിരുന്നു പികെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള മറ്റൊരു വിഭാഗം നിലപാട് എടുത്തത്. ഇതോടെ പാർട്ടിയുടെ മുഴുവൻ ജില്ലാ കമ്മറ്റി ഭാരവാഹികളെയും ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മലപ്പുറത്തേക്ക് വിളിപ്പിക്കുകയും അഭിപ്രായം തേടുകയും ചെയ്തിരുന്നു.
ഇന്ന് യോഗം തുടങ്ങിയപ്പോൾ മുസ്‌ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പി.എം.എ. സലാമിന്റെ പേര് പറഞ്ഞു. എന്നാൽ ഇടി മുഹമ്മദ് ബഷീർ, പിവി അബ്ദുൾ വഹാബ് തുടങ്ങിയവർ എതിർപ്പുയർത്തിയെന്നാണ് റിപ്പോർട്ട്. അതേസമയം സലാമിനായി കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ളവർ ഉറച്ച് നിന്നു. ഇതിന് പിന്നാലെയാണ് തീരുമാനം.
നിലവിൽ ലീഗിന്റെ ആക്ടിങ് ജനറൽ സെക്രട്ടറിയാണ് സലാം. നേരത്തേ ജനറല്‍ സെക്രട്ടറി പദവി വഹിച്ചിരുന്ന കെ.പി.എ. മജീദ് നിയമസഭയിലേക്ക് മത്സരിച്ചതോടെയായിരുന്നു സലാമിനെ ആക്ടിങ് സെക്രട്ടറിയായി നിയമിച്ചത്.












Click it and Unblock the Notifications