അമ്മയില്‍ കടുത്ത മല്‍സരം; പത്രിക പിന്‍വലിക്കാതെ മണിയന്‍പിള്ള രാജു, ജഗദീഷും മുകേഷും പിന്മാറി
കൊച്ചി: മലയാള സിനിമാ താരസംഘടനയായ അമ്മയുടെ പുതിയ ഭാരവാഹികളെ കണ്ടെത്തുന്നതിനുള്ള തിരഞ്ഞെടുപ്പില്‍ ഇത്തണവ കടുത്ത മല്‍സരം. ഔദ്യോഗിക പാനലിനെതിരെ മല്‍സരിക്കാന്‍ മണിയന്‍പിള്ള രാജു രംഗത്ത്. ജഗദീഷും മുകേഷും പിന്‍മാറിയെങ്കിലും മണിയന്‍പിള്ള രാജു മല്‍സരിക്കാന്‍ തീരുമാനിച്ചു. വൈസ് പ്രസിഡന്റ് പദവിയിലേക്കാണ് അദ്ദേഹം മല്‍സരിക്കുന്നത്.
പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ജോയന്റ് സെക്രട്ടറി എന്നീ പദവികളിലേക്ക് എതിരില്ലാതെ തിരഞ്ഞെടുപ്പ് കഴിഞ്ഞു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്രദ്ധേയമായ മല്‍സരമാണ് നടക്കുന്നത്. ഔദ്യോഗിക പാനലില്‍ രണ്ടു വനിതകളാണ് മല്‍സരിക്കുന്നത്. ശ്വേത മേനോനും ആശാ ശരത്തും. കൂടാതെ മൂന്ന് പേര്‍ പത്രിക നല്‍കിയിരുന്നു. മുകേഷും ജഗദീഷും മണിയന്‍പിള്ള രാജുവും. മറ്റു രണ്ടുപേര്‍ പിന്‍മാറിയെങ്കിലും രാജു മല്‍സരിക്കാന്‍ തീരുമാനിച്ചു.

അതേസമയം, പ്രസിഡന്റായി വീണ്ടും മോഹന്‍ലാല്‍ തിരഞ്ഞെടുക്കപ്പെട്ടു. ജനറല്‍ സെക്രട്ടറിയായി ഇടവേള ബാബു തുടരും. കഴിഞ്ഞ 21 വര്‍ഷമായി സെക്രട്ടറിയായും ജനറല്‍ സെക്രട്ടറിയായും അമ്മയുടെ നേതൃ പദവിയിലുള്ള വ്യക്തിയാണ് ഇടവേള ബാബു. ജയസൂര്യയാണ് ജോയന്റ് സെക്രട്ടറി. സിദ്ദിഖ് ട്രഷറര്‍ ആകും. തിരഞ്ഞെടുപ്പ് 19നാണ്. ഷമ്മി തിലകന്‍ മൂന്ന് പദവിയിലേക്ക് മല്‍സരിക്കാന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. എന്നാല്‍ പത്രിക തള്ളി. പത്രിക സമര്‍പ്പിക്കുന്ന വേളയില്‍ ഒപ്പുവച്ചിട്ടുണ്ടായിരുന്നില്ല എന്ന് സൂക്ഷ്മ പരിശോധനയില്‍ കണ്ടെത്തി.
സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കണമെന്നാണ് ഔദ്യോഗിക പാനലിന്റെ തീരുമാനം. മോഹന്‍ലാലും ഇടവേള ബാബുവുമാണ് ഈ നിര്‍ദേശം മുന്നോട്ട് വച്ചത്. ഔദ്യോഗിക പാനലിന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റി ലിസ്റ്റില്‍ ഹണി റോസ്, ലെന, മഞ്ജു പിള്ള, രചന നാരായണന്‍ കുട്ടി എന്നിവരെല്ലാം മല്‍സരിക്കുന്നുണ്ട്. ജോയന്റ് സെക്രട്ടറി സ്ഥാനത്തേക്ക് സിദ്ദിഖും ജയസൂര്യയും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. സിദ്ദിഖ് ട്രഷറര്‍ ആയി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തില്‍ ജയസൂര്യ ജോയന്റ് സെക്രട്ടറിയായി.
നിലവിലുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ 11 അംഗങ്ങളാണുള്ളത്. ഇത്തവണ 15 പേര്‍ മല്‍സര രംഗത്തുണ്ടായിരുന്നു. ഔദ്യോഗിക പാനലിനെതിരെ നാല് പേരാണ് പത്രിക സമര്‍പ്പിച്ചത്. ലാല്‍, വിജയ് ബാബു, സുരേഷ് കൃഷ്ണ, നാസര്‍ ലത്തീഫ് എന്നിവരാണവര്‍. സുരേഷ് കൃഷ്ണയും വിജയ് ബാബുവും പിന്‍മാറി. ബാബു രാജ്, നിവിന്‍ പോളി, സുധീര്‍ കരമന, ടിനി ടോം, ടൊവിനോ തോമസ്, ഉണ്ണി മുകുന്ദന്‍ എന്നിവരെല്ലാം തിരഞ്ഞെടുക്കപ്പെട്ടേക്കും.












Click it and Unblock the Notifications