മാലാ പാര്‍വതി ഒറ്റപ്പെട്ടു!! നിലപാട് വ്യക്തമാക്കി അമ്മ; വിജയ് ബാബുവിനെ ചവിട്ടിപ്പുറത്താക്കില്ല
കൊച്ചി: വിജയ് ബാബു വിഷയത്തില്‍ നിലപാട് വ്യക്തമാക്കി താര സംഘടന അമ്മ. വിജയ് ബാബുവിനെ ചവിട്ടിപ്പുറത്താക്കാന്‍ സാധിക്കില്ലെന്ന് അമ്മയുടെ വൈസ് പ്രസിഡന്റ് മണയന്‍പിള്ള രാജു വ്യക്തമാക്കി. ഇക്കാര്യത്തില്‍ അമ്മ ഒറ്റക്കെട്ടാണെന്നും അദ്ദേഹം പറഞ്ഞു. നടി മാലാ പാര്‍വതി അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സമിതിയില്‍ നിന്ന് രാജിവച്ച വിഷയത്തിലും മണിയന്‍പിള്ള രാജു പ്രതികരിച്ചു.
അവര്‍ക്ക് എന്ത് തീരുമാനവുമെടുക്കാമെന്നും അദ്ദേഹം പറഞ്ഞു. മറ്റു ചില നടിമാരും രാജിവച്ചേക്കാമെന്ന് മാലാ പാര്‍വതി പറഞ്ഞിരുന്നെങ്കിലും മണിയന്‍പിള്ള രാജു പറയുന്നത് മറ്റു ചില കാര്യങ്ങളാണ്. അമ്മയില്‍ തര്‍ക്കം രൂക്ഷമാകുകയാണെന്ന് വ്യക്തമാകുകയാണ്. വിശദാംശങ്ങള്‍ ഇങ്ങനെ....

ദിലീപ് കേസിന് ശേഷം അമ്മയെ വെട്ടിലാക്കി കൊണ്ടാണ് വിജയ് ബാബു വിവാദം. വിജയ് ബാബു തന്നെ ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് കോഴിക്കോട് സ്വദേശിയായ യുവനടിയുടെ പരാതി. വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാനുള്ള എല്ലാ നീക്കങ്ങളും പോലീസ് നടത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് താരസംഘടനയിലെ വിവാദം കത്തുന്നത്.

അമ്മ എക്‌സിക്യൂട്ടീവ് അംഗമാണ് വിജയ് ബാബു. കമ്മിറ്റിയില്‍ നിന്ന് വിജയ് ബാബുവിനെ പുറത്താക്കണം എന്നാണ് ആഭ്യന്തര പരാതി പരിഹാര സമിതി ശുപാര്‍ശ ചെയ്തത്. എന്നാല്‍ അമ്മയുടെ തീരുമാനം മറിച്ചായിരുന്നു. വിജയ് ബാബു മുന്നോട്ട് വച്ച നിര്‍ദേശം അംഗീകരിക്കുകയാണ് അമ്മ ചെയ്തത്. താന്‍ മാറി നില്‍ക്കാമെന്നായിരുന്നു വിജയ് ബാബുവിന്റെ നിര്‍ദേശം.

ഒരു കേസില്‍ പ്രതിയായ വ്യക്തിക്കെതിരെ സംഘടന നടപടിയെടുക്കുന്നതില്‍ പരാജയപ്പെട്ടു എന്ന സൂചനയാണ് മാലാ പാര്‍വതി നല്‍കിയത്. വിജയ് ബാബുവിനെതിരെ സ്വീകരിച്ചത് നടപടിയല്ല. പകരം അദ്ദേഹം ഇങ്ങോട്ട് പറഞ്ഞ കാര്യം അംഗീകരിക്കുകയാണ് ചെയ്തിരിക്കുന്നത്. ഇതില്‍ പ്രതിഷേധിച്ചാണ് മാലാ പാര്‍വതി പരാതി പരിഹാര സമിതിയില്‍ നിന്ന് രാജിവച്ചത്.

അമ്മയില്‍ നിന്ന് വിജയ് ബാബുവിനെ പുറത്താക്കണമെന്ന് പരാതി പരിഹാര സമിതി ആവശ്യപ്പെട്ടിട്ടില്ല. അങ്ങനെ ചെയ്യാന്‍ സംഘടനയുടെ ഭരണഘടന പ്രകാരം തടസമുണ്ട്. ഇരയായ നടിയുടെ പേര് വെളിപ്പെടുത്തിയ വിജയ് ബാബുവിനെ എക്‌സിക്യൂട്ടീവില്‍ നിന്ന് പുറത്താക്കണമെന്നാണ് ആവശ്യപ്പെട്ടത്. അതിന് വിരുദ്ധമായ നടപടി സംഘടനാ നേതൃത്വത്തിന്റെ ഭാഗത്ത് നിന്നുണ്ടായ സാഹചര്യത്തിലാണ് മാലാ പാര്‍വതി സമിതി അംഗത്വം രാജിവച്ചത്.

അമ്മയില്‍ നിന്ന് രാജിവയ്ക്കില്ലെന്ന് മാലാ പാര്‍വതി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, പരാതി പരിഹാര സമിതിയുടെ അധ്യക്ഷ ശ്വേതമേനോന്‍, അംഗം കുക്കു പരമേശ്വരന്‍ എന്നിവര്‍ രാജിവയ്ക്കുമെന്ന് തന്നോട് സൂചിപ്പിച്ചതായി മാലാ പാര്‍വതി പറഞ്ഞിരുന്നു. പക്ഷേ, അവര്‍ രാജി പ്രഖ്യാപിച്ചിട്ടില്ല. ആരും രാജിവയ്ക്കില്ലെന്നും അമ്മയിലെ അംഗങ്ങള്‍ ഒറ്റക്കെട്ടാണെന്നും സംഘടനയുടെ വൈസ് പ്രസിഡന്റ് മണിയന്‍ പിള്ള രാജു പറഞ്ഞു.

വിജയ് ബാബുവിനെ അമ്മയില്‍ നിന്ന് ചവിട്ടി പുറത്താക്കാന്‍ സാധിക്കില്ല എന്ന് മണിയന്‍ പിള്ള രാജു പറഞ്ഞു. സംഘടനയിലെ അംഗങ്ങള്‍ക്കെതിരെ ആരോപണം ഉയര്‍ന്നാല്‍ അവരെ കേള്‍ക്കേണ്ടതുണ്ട്. അതിന് ശേഷമായിരിക്കും തീരുമാനമെന്നും മണിയന്‍പിള്ള രാജു പറഞ്ഞു. ഈ വിവാദത്തില്‍ അമ്മയുടെ ഭാരവാഹികളില്‍ നിന്നുള്ള ആദ്യ പ്രതികരണമാണിത്.

അമ്മയ്ക്ക് അംഗങ്ങളെ കേട്ടേ മതിയാകു. സ്ത്രീകള്‍ക്ക് അവരുടേതായ സംഘടനയുണ്ട്. മാലാ പാര്‍വതിക്ക് എന്തും ചെയ്യാം. ആഭ്യന്തര പരാതി പരിഹാര സമിതിയില്‍ ബാക്കിയുള്ള അംഗങ്ങള്‍ അമ്മയ്‌ക്കൊപ്പമാണ്. തല്‍ക്കാലം ഞാന്‍ മാറി നില്‍ക്കാമെന്നാണ് വിജയ് ബാബു പറഞ്ഞത്. അത് എക്‌സിക്യൂട്ടീവ് യോഗം അംഗീകരിച്ചുവെന്നും മണിയന്‍പിള്ള രാജു പറഞ്ഞു. ദിലീപ് കേസിന് സമാനമായ വിവാദം തന്നെയല്ലേ ഇത് എന്ന ചോദ്യത്തിന് മണിയന്‍പിള്ള രാജു വ്യക്തമായ മറുപടി നല്‍കിയില്ല.












Click it and Unblock the Notifications