Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്താണ് അമീബിക് മസ്തിഷ്ക ജ്വരം? രോഗത്തെ എത്രമാത്രം ഭയക്കണം?; ഡോ സുൽഫി നൂഹു പറയുന്നു

സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് വീണ്ടുമൊരു മരണം കൂടി സ്ഥിരീകരിച്ചിരിക്കുകയാണ്. കോഴിക്കോട് ഫറോഖ് സ്വദേശി മൃദുൽ (14) ആണ് മരിച്ചത്. ഇതോടെ കഴിഞ്ഞ രണ്ട് മാസത്തിനിടെ സംസ്ഥാനത്ത് രോഗം ബാധിച്ച് മരിക്കുന്ന കുട്ടികളുടെ എണ്ണം മൂന്നായി.

നേഗ്ലെറിയ ഫൗലേറി എന്ന അമീബയാണ് അമീബിക് മസ്തിഷ്ക ജ്വരത്തിനു കാരണമാകുന്നത്. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ജീവിക്കുന്ന അമീബ മൂക്കിലെ നേര്‍ത്ത തൊലിയിലൂടെ മനുഷ്യശരീരത്തില്‍ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുകയും ചെയ്യുന്നു. എന്നാൽ കെട്ടികിടക്കുന്ന വെള്ളത്തിലോ അല്ലെങ്കിൽ രോഗം സ്ഥിരീകരിച്ച ജലാശയത്തിൽ കുളിച്ചെന്ന് കരുതിയോ എല്ലാവരും ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് പറയുകയാണ് പ്രമുഖ ഇഎൻടി സർജനും ഇന്ത്യൻ മെഡിക്കൽ അസോയിയേഷൻ മുൻ സംസ്ഥാന പ്രസിഡന്റുമായ ഡോ സുൽഫി നൂഹു. വൺ ഇന്ത്യ മലയാളത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രോഗലക്ഷണങ്ങൾ, പ്രതിരോധം, സ്വീകരിക്കേണ്ട മുൻകരുതലുകൾ എന്നിവയെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു.

sulfi-

'രോഗത്തിന് കാരണമാകുന്ന അമീബ വെള്ളത്തിന്റെ ഏറ്റവും അടിത്തട്ടിലാണ് ഉണ്ടാകുക. കെട്ടികിടക്കുന്ന ജലാശയത്തിന്റെ ഏറ്റവും താഴെ തട്ടിലെ വെള്ളം കലക്കുമ്പോഴാണ് അമീബ പുറത്തേക്ക് വരുന്നത്. അത് ഒഴിവാക്കണം. രോഗം സ്ഥിരീകരിച്ച കുളങ്ങളിൽ പോയി കുളിക്കുന്നത് പരാമവധി ഒഴിവാക്കണം. മുങ്ങിത്താഴുമ്പോൾ മൂക്കിലേക്ക് വെള്ളം കയറുന്ന അവസ്ഥയും ഉണ്ടാകരുത്. ഈ രോഗത്തിന് മരണനിരക്ക് വളരെ കൂടുതലാണ്. രോഗനിർണയം പലപ്പോഴും വൈകിയാണ് നടക്കാറുള്ളത്. സാധാരണ ഒരാഴ്ചയൊക്കെ കഴിഞ്ഞായിരിക്കും രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുക. അതുകൊണ്ട് തന്നെ നേരിയ ലക്ഷണങ്ങൾ പ്രകടിപ്പിക്കുമ്പോൾ തന്നെ ഡോക്ടറെ സമീപിക്കുക. പനി ഉൾപ്പെടെ ഉണ്ടാകുന്ന സാഹചര്യത്തിൽ സ്വയം ചികിത്സ നടത്താതിരിക്കുക. ശക്തമായ തലവേദന, പനി ഛർദ്ദി, തല കുനിക്കാനും നിവർത്താനും കഴിയാത്ത സാഹചര്യങ്ങളൊക്കെ ഉണ്ടാകുമ്പോൾ നിർബന്ധമായി ചികിത്സ തേടണം.

മസ്തിഷ്ക ജ്വരം കണ്ടുപിടിക്കുന്നത് സെറിബ്രോ സ്പൈനൽ ഫ്ലൂയിഡ് (മസ്തിഷ്കത്തിന്റെ ആവരണമായ അരക്കിനോയിഡിനും പയക്കും ഇടയിലുള്ള വെള്ളം) കുത്തിയെടുത്ത് പരിശോധിച്ചാണ്. ആവശ്യമെങ്കിൽ സിടി സ്കാൻ, എംആർഐ സ്കാൻ പോലുള്ള പരിശോധനകളും നടത്തും. മരുന്നുകൾ ഉണ്ടെങ്കിലും രോഗനിർണയം വളരെ വൈകിയായിരിക്കും നടക്കുകയെന്നതിനാൽ പലരിലും മരുന്ന് ഫലിച്ചേക്കണമെന്നില്ല. ലോകത്ത് വളരെ കുറച്ച് പേർക്ക് മാത്രമാണ് ആദ്യ ഘട്ടത്തിൽ തന്നെ രോഗം കണ്ടുപിടിച്ചിട്ടുള്ളത്. രോഗം സ്ഥിരീകരിച്ച സ്ഥലത്ത് തന്നെ മുങ്ങിക്കുളിച്ച ചരിത്രമുള്ളവർക്കാണ് ആദ്യ ഘട്ടത്തിൽ തന്നെ ചികിത്സ ലഭിച്ചിട്ടുള്ളത്.

ചെറിയ കുട്ടികളിലും യുവാക്കളിലുമാണ് പ്രധാനമായും രോഗം കണ്ടുവരുന്നത്.
മൂക്കിനകത്തേക്ക് വെള്ളം കയറുമ്പോൾ തലച്ചോറും മൂക്കും തമ്മിൽ ചേരുന്നൊരു പ്രതലമുണ്ട്. ചെറിയ പ്രായക്കാരിൽ ഇതിന് കട്ടി കുറവായിരിക്കും . അതുകൊണ്ട് തന്നെ അമീബ പെട്ടെന്ന് കയറിപോകാനുള്ള സാധ്യത ഉണ്ട്. ‌ പ്രതിരോധ ശേഷി എല്ലാവരിലും ഒരുപോലെ അല്ലെന്നത് മറ്റൊരു കാര്യം. മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർക്ക് രോഗം ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. അതേസമയം ഈ രോഗം ഒരാളിൽ നിന്നും വേറൊരാളിലേക്ക് പകരില്ല.

വെള്ളക്കെട്ടുകളിൽ കുളിക്കാതിരിക്കുക, ചെറിയ കുളങ്ങൾ, കിണറുകൾ എന്നിവിടങ്ങളിൽ ക്ലോറിനേഷൻ നടത്തുക, വെള്ളം കലക്കി മറിച്ച് കുളിക്കുന്നത് ഒഴിവാക്കുക, മൂക്കിൽ ശക്തമായി വെള്ളം കയറാതിരിക്കുക തുടങ്ങിയ മുൻകരുതലുകൾ സ്വീകരിക്കാം. സർക്കാരിന്റെ ഭാഗത്ത് നിന്ന് കൃത്യമായ ശ്രദ്ധ പതിയേണ്ടൊരു വിഷയമാണിത്. ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും സർക്കാർ ഇത് സംബന്ധിച്ച് കൃത്യമായ നിർദ്ദേശം നൽകുന്നുണ്ടെന്നാണ് മനസിലാക്കാൻ സാധിച്ചത്. തീർച്ചയായും എല്ലാ മേഖലയിൽ ഉള്ളവരും കൃത്യമായ ജാഗ്രത ഇക്കാര്യത്തിൽ പുലർത്തേണ്ടതുണ്ട്', അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+