സംസ്ഥാന പൊലീസ് മേധാവിയായി അനിൽകാന്ത് ചുമതലയേറ്റു
തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയായി അനിൽകാന്ത് ചുമതലയേറ്റു.പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ വിരമിച്ച ഡിജിപി ലോക്നാഥ് ബഹ്റയിൽ നിന്ന് ബാറ്റൺ ഏറ്റുവാങ്ങിയാണ് അനിൽകാന്ത് സ്ഥാനമേറ്റത്. അനിൽകാന്ത് ഇന്ന് മുതൽ ഔദ്യോഗികമായി പൊലീസ് മേധാവിയുടെ സേവനം ആരംഭിച്ചു.

ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് സംസ്ഥാന പൊലീസ് മേധാവിയായി അനിൽകാന്തിനെ തിരഞ്ഞെടുത്തത്.സർവീസ് കാലാവധി നിശ്ചയിക്കാതെയാണ് അദ്ദേഹത്തിന് ഡിജിപിയുടെ ചുമതല നൽകിയത്. 36 വർഷത്തെ സ്ത്യുതർഹ സേവനത്തിന് ശേഷം ലോക്നാഥ് ബെഹ്റ വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം.
ഡിജിപിയായി അനിൽകാന്ത് ചുമതലയേറ്റു- ചിത്രങ്ങൾ കാണാം
ദളിത് വിഭാഗത്തിൽ നിന്ന് സംസ്ഥാന പൊലീസ് മേധാവിയാകുന്ന ആദ്യത്തെ ഉദ്യോഗസ്ഥനാണ് അനിൽകാന്ത്. ഇദ്ദേഹം ദില്ലി സ്വദേശിയാണ്.എഡിജിപി കസേരയിൽ നിന്നും നേരിട്ട് പൊലീസ് മേധാവിയാകുന്നുവെന്ന പ്രത്യേകത കൂടി അനിൽകാന്തിനുണ്ട്.അപ്രതീക്ഷിതമായാണ് യുപിഎസ്സിയുടെ മൂന്നംഗ ചുരുക്കപ്പട്ടികയിൽ അനിൽകാന്ത് ഇടംപിടിച്ചത്.

ദില്ലി സർവ്വകലാശാലയിൽ നിന്നും പൊളിറ്റിക്കൽ സയൻസിൽ എം എ പൂർത്തിയാക്കിയ ശേഷമാണ് അനിൽകാന്ത് സിവിൽ സർവ്വീസ് നേടുന്നത്.1988 ബാച്ചിലെ ഐപിഎസ് കേഡർ ഉദ്യോഗസ്ഥനാണ് അദ്ദേഹം.
പുതിയ പൊലീസ് മേധാവിയുടെ സ്ഥാനമേൽക്കൽ ചടങ്ങിന് മുന്നോടിയായി പൊലീസ് സ്മൃതി മണ്ഡപത്തിന് മുന്നിൽ ലോക്നാഥ് ബഹ്റ പുഷ്പചക്രം അർപ്പിച്ചു. ഇതിനു ശേഷം വിരമിച്ച ഡിജിപിയും പൊലീസ് മേധാവി അനിൽകാന്തും ചേർന്ന് ഗാർഡ് ഓഫ് ഓണർ പരിശോധിച്ചു. ശേഷം, ലോക്നാഥ് ബഹ്റയിൽ നിന്ന് അനിൽകാന്ത് പൊലീസ് അധികാരദണ്ഡ് ഏറ്റുവാങ്ങി.

തുടർന്നാണ്, അനിൽകാന്ത് ഔദ്യോഗികമായി ചുമതല ഏറ്റെടുത്തത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം പങ്കെടുത്ത ലഘുസ്വീകരണ യോഗത്തിന് ശേഷം ലോക്നാഥ് ബഹ്റ ഔദ്യോഗിക വാഹനത്തിൽ തൻ്റെ വസതിയിലേക്ക് മടങ്ങി. എഡിജിപിമാർ, ഐജിമാർ, കമ്മീഷണർമാർ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ ആചാരപരമായ ചടങ്ങുകളിൽ പങ്കെടുത്തു.
മലയാളിയുടെ കോമഡിയുല്‍സവത്തിന് ഇന്ന് പിറന്നാള്‍; ഒരിക്കലും മറക്കാത്ത ചിത്രങ്ങളിലൂടെ












Click it and Unblock the Notifications