അരിക്കൊമ്പന്‍ വനാതിര്‍ത്തി മേഖലയിലേക്ക്; കമ്പം വിട്ടു, സഞ്ചാരം നിരീക്ഷിച്ച് തമിഴ്‌നാട്
കമ്പം: അരിക്കൊമ്പന്റെ സഞ്ചാര പദം നിരീക്ഷിച്ച് തമിഴ്‌നാട്. കമ്പം ടൗണിലിറങ്ങി പരാക്രമം നടത്തിയ അരിക്കൊമ്പന്‍, അവിടെ നിന്ന് ഇപ്പോള്‍ വനാതിര്‍ത്തി മേഖലയിലേക്കാണ് നീങ്ങുന്നത്. കമ്പത്ത് ഇപ്പോള്‍ നിരോധനാജ്ഞയും ഏര്‍പ്പെടുത്തിയിരിക്കുകയാണ്. കമ്പത്തെ വാഴത്തോട്ടത്തില്‍ നിന്ന് ബൈപ്പാസിലേക്കാണ് ആന നീങ്ങിയിരിക്കുന്നത്. തമിഴ്‌നാട് വനംവകുപ്പാണ് സഞ്ചാരം നിരീക്ഷിക്കുന്നത്. മേഘമല സിസിഎഫിനാണ് ചുമതലയുള്ളത്.
നാളെ രാവിലെ അരിക്കൊമ്പന്‍ ദൗത്യം ആരംഭിക്കാം. അതിരാവിലെയായിരിക്കും ദൗത്യം. സംഘത്തില്‍ മൂന്ന് കുങ്കിയാനകളും, ഡോക്ടര്‍മാരുമെല്ലാം ഉണ്ട്. അരിക്കൊമ്പന്‍ പ്രശ്‌നക്കാരനാണെന്ന നിലപാടിലാണ് തമിഴ്‌നാട്. മയക്കുവെടി വെച്ച് പിടിക്കാനാണ് നീക്കം. ഇന്ന് എന്തായാലും മയക്കുവെടി വെക്കില്ലെന്നും തീരുമാനിച്ചിരുന്നു.

ലോവര്‍ ക്യാമ്പ് ഭാഗത്തേക്കോ കമ്പംമേട്ട് പരിസരത്തേക്കോ നീങ്ങിയേക്കാനാണ് സാധ്യത. കമ്പംമേട്ട് മലനിരകള്‍ക്ക് അപ്പുറം കേരളമാണ്. അതേസമയം പെരിയാര്‍ വന്യജീവി സങ്കേതത്തിനുള്ളില്‍ തുറന്നുവിട്ട അരിക്കൊമ്പന്‍ കാടിന്റെയും, നാടിന്റെയും പലഭാഗങ്ങളിലായി കറങ്ങി നടക്കുകയാണ്. നേരത്തെ മുല്ലക്കൊടി മേദകാനം ഭാഗത്തായിരുന്നു അരിക്കൊമ്പനെ തുറന്നുവിട്ടത്.
ഇവിടെ നിന്ന് മംഗളദേവി വഴി തമിഴ്‌നാടിന്റെ അതിര്‍ത്തി മേഖലയില്‍ ആനയെത്തുകയായിരുന്നു. അതേസമയം കേരളത്തിലെ അരിക്കൊമ്പന്‍ ദൗത്യത്തിന് ചെലവായത് 80 ലക്ഷം രൂപയാണ്. രണ്ട് മാസം നീണ്ട ശ്രമത്തിനൊടുവിലാണ് ചിന്നക്കനാലില്‍ നിന്ന് അരിക്കൊമ്പനെ പെരിയാര്‍ കടുവാ സങ്കേതത്തിലേക്ക് മാറ്റിയത്.
നേരത്തെ മേഘമലയിലെ ഹൈവേസ് ഡാം, മണലാര്‍ എസ്റ്റേറ്റ്, തമിഴന്‍കാട് വനം, എന്നിവിടങ്ങളിലായിരുന്നു ഇത്രയും നാള്‍ അരിക്കൊമ്പന്‍ അലഞ്ഞുനടന്നു. പിന്നീട് പെരിയാര്‍ മുല്ലക്കൊടിയില്‍ മടങ്ങിയെത്തി. തേക്കടി വനമേഖല അടക്കം പിന്നിട് ലോവര്‍ ക്യാമ്പിലെത്തുകയായിരുന്നു. അവിടെ നിന്നാണ് കമ്പം ടൗണിലേക്ക് എത്തിയത്. അതേസമയം തമിഴ്‌നാട് കടുത്ത ജാഗ്രതയിലാണ്.
ആനയെ മേഘമല കടുവാ സങ്കേതത്തിനുള്ളില്‍ വിടാനാണ് സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുകയാണ്. നാളെയാണ് മയക്കുവെടി വെക്കുക. ദൗത്യത്തിനായി ആനമലയില്‍ നിന്നു മൂന്ന് കുങ്കിയാനകളെ എത്തിക്കും. കമ്പം മേഖലയിലാണ് ജാഗ്രതാ നിര്‍ദേശമുള്ളത്.
നിരോധനാജഞ ലംഘിച്ച ഇരുപത് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ആനയെ പിടിക്കാന്‍ എല്ലാ വകുപ്പുകളും സഹകരിക്കണമെന്നും, ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ ആനയെ മാറ്റണമെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ആവശ്യപ്പെട്ടു. അരിക്കൊമ്പന്‍ പ്രശ്‌നക്കാരനാണെന്നും, ഇനിയും ജനവാസ മേഖലയില്‍ ഇറങ്ങിയാല്‍ മനുഷ്യജീവന് ഭീഷണിയാകുമെന്നാണ് തമിഴ്‌നാട് വനംവകുപ്പിന്റെ ഉത്തരവില്‍ പറയുന്നത്.
വെറ്ററിനറി ഡോക്ടര്‍മാരുടെ സംഘമായിരിക്കും അരിക്കൊമ്പനെ മയക്കുവെടി വെക്കുക. ടൈഗര്‍ റിസര്‍വിന്റെ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററിനാണ് ദൗത്യ ചുമതല. ദൗത്യസംഘത്തില്‍ പാപ്പാന്മാരും, ഡോക്ടമാരുടെ സംഘവും, കുങ്കിയാനകളെ കൂടാതെ ഉണ്ടാവും.












Click it and Unblock the Notifications