'ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കണം'; ജമ്മു കാശ്മീർ നിയമസഭയിൽ മൂന്നാം ദിവസവും പ്രതിഷേധം, തമ്മിലടി
ശ്രീനഗർ: ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുളള നാഷ്ണൽ കോൺഫറൻസ് പ്രമേയത്തെ ചൊല്ലി ജമ്മു കാശ്മീർ നിയമസഭ തുടർച്ചയായ മൂന്നാം ദിവസവും പ്രക്ഷുബ്ധം. പ്രമേയം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി എം എൽ എമാർ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ഭരണപ്രതിപക്ഷ നേതാക്കൾ തമ്മിൽ കയ്യാങ്കളിയും നടന്നു.
ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്ന ആവശ്യത്തെ പിന്തുണച്ച് പി ഡി പി എം എൽ എ ബാനർ ഉയർത്തിപിടിച്ചിരുന്നു. ഇതോടെ ബി ജെ പി അംഗങ്ങൾ ഭാരത് മാതാ കി ജയ് എന്ന് മുദ്രാവാക്യം വിളിച്ച് നടുത്തളത്തിലേക്ക് ഇറങ്ങി. പ്രതിേഷധത്തിനിടെ ഭരണ-പ്രതിപക്ഷ എം എൽ എമാർ തമ്മിൽ ഏറ്റുമുട്ടി.

ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ബുധനാഴ്ചായണ് ഭരണകക്ഷിയായ നാഷ്ണൽ കോൺഫറൻസ് സഭയിൽ പ്രമേയം അവതരിപ്പിച്ചത്. എന്നാൽ പ്രമേയം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ബി ജെ പി പ്രതിഷേധം തീർത്തു. പ്രമേയം പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു.
പ്രതിപക്ഷ നേതാവും ബി ജെ പി എംഎൽഎയുമായ സുനിൽ ശർമ പ്രമേയത്തിന് മേൽ സംസാരിച്ചുകൊണ്ടിരിക്കെ അവാമി ഇത്തേഹാദ് പാര്‍ട്ടി എം എല്‍ എ ആയ ഖുര്‍ഷിദ് അഹമ്മദ് ഷെയ്ഖ് ഇതേ ആവശ്യമുന്നയിച്ചുള്ള ബാനർ ഉയർത്തിപ്പിടിച്ച് പ്രതിഷേധിച്ചു. ഇതോടെ ബി ജെ പി അംഗങ്ങൾ ബാനർ തട്ടിപ്പറിക്കുകയും കീറുകയും ചെയ്തു. ഇതേസമയം പീപ്പിൾസ് കോൺഫറൻസ് എം എൽ എ സജാദ് ലോൺ ഖുർഷീദിനെ പിന്തുണച്ചെത്തിയത് സംഘർഷത്തിലേക്ക് നയിച്ചു. തുടർന്ന് 15 മിനിറ്റോളമാണ് സഭ നിർത്തിവെച്ചത്.
ഇതിന് ശേഷം സഭ ചേർന്നപ്പോഴും ബി ജെ പി നേതാക്കൾ പ്രതിഷേധം തീർത്തു. തുടർന്ന് സ്പീക്കർ നേതാക്കൾക്ക് മുന്നറിയിപ്പ് നൽകി. എന്നാൽ ഭാരതീയ ജനസംഘം സ്ഥാപകൻ ശ്യാമ പ്രസാദ് മുഖർജിയെ പരാമർശിച്ചുകൊണ്ട് ബി ജെ പി നേതാക്കൾ മുദ്രാവാക്യം വിളിച്ചു. ജമ്മു കശ്മീരിൻ്റെ സ്വയംഭരണത്തിനായി നടത്തിയ ചരിത്രപരമായ ത്യാഗത്തെക്കുറിച്ച് സംസാരിച്ചുകൊണ്ടായിരുന്നു നാഷ്ണൽ കോൺഫറൻസ് നേതാക്കളുടെ പ്രതിഷേധം.
പ്രമേയം തള്ളണമെന്ന് ബി ജെ പി നേതാക്കൾ ആവർത്തിച്ച് ആവശ്യപ്പെട്ടു. എന്നാൽ സ്പീക്കർ അബ്ദുൾ റഹീം ആവശ്യം തള്ളി. സഭയ്ക്കാണ് പ്രമേയം പൻവലിക്കാനുളള അവകാശം എന്നായിരുന്നു സ്പീക്കർ വ്യക്തമാക്കിയത്. ബി ജെ പി നേതാക്കൾ പ്രതിഷേധം തുടർന്നതോടെ ഇവരിൽ ചിലരെ പുറത്താക്കാൻ സ്പീക്കർ ഉത്തരവിടുകയും ചെയ്തു. ഇതോടെ സഭ കൂടുതൽ പ്രക്ഷുബ്ദമായി. ഒടുവിൽ 3 പേരെ സ്പീക്കർ പുറത്താക്കുകയും ചെയ്തു.












Click it and Unblock the Notifications