'എഐ' തുറക്കുന്നത് വലിയ തൊഴില്‍ സാധ്യത: പരമാവധി പ്രയോജനപ്പെടുത്തണം: മുഖ്യമന്ത്രി
തിരുവനന്തപുരം: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തൊഴിൽ മേഖലയിലടക്കം തുറക്കുന്ന സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നd മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ പ്രതിവാര ടെലിവിഷൻ സംവാദ പരിപാടിയായ 'നാം മുന്നോട്ട്'-ന്റെ പുതിയ എപ്പിസോഡിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൊഴിൽ രംഗത്തടക്കം വലിയ സാധ്യതകൾ നൽകുന്ന മേഖലയാണ് എ ഐയുടെതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ലോകത്തു വരുന്ന മാറ്റങ്ങൾക്കൊപ്പം സമൂഹം വികസിക്കുമ്പോൾ നമ്മളും അതുമായി പൊരുത്തപ്പെടേണ്ടത് അനിവാര്യമാണ്. അല്ലെങ്കിൽ ദശാബ്ദങ്ങൾ പിന്തള്ളപ്പെട്ടു പോകും. ഭാവി തലമുറയോടു ചെയ്യുന്ന ഏറ്റവും വലിയ കുറ്റവുമാകും അതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജോൺ ബ്രിട്ടാസ് എംപിയാണ് 'നാം മുന്നോട്ടി'ന്റെ അവതാരകൻ. കേരള നോളജ് ഇക്കോണമി മിഷൻ കോർ ഗ്രൂപ്പ് മെമ്പർ ഡോ. അരുൺ സുരേന്ദ്രൻ, മഹാരാജാസ് കോളജ് ഇക്കണോമിക്‌സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ സന്തോഷ് ടി. വർഗീസ്, മുതിർന്ന മാധ്യമ പ്രവർത്തക സരിത വർമ, തളിക്കുളം പഞ്ചായത്ത് പ്രസിഡന്റ് പി ഐ സജിത, നടൻ പ്രശാന്ത് അലക്‌സാണ്ടർ എന്നിവർ പാനലിസ്റ്റുകളായി പങ്കെടുക്കുന്നു.
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലെ പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഫൈസറിന്റെ മേധാവികളുമായി കൂടിക്കാഴ്ച നടത്തി. ലോക കേരള സഭാ സമ്മേളനം നടക്കുന്ന ന്യൂയോർക്കിലെ മാരിയറ്റ് മർക്വേ ഹോട്ടലിലായിരുന്നു കൂടിക്കാഴ്ച. ഫൈസറിന്റെ ഭാഗത്തു നിന്ന് സീനിയർ വൈസ് പ്രസിഡന്റുമാരായ ഡോ. രാജാ മൻജിപുടി, ഡോ. കണ്ണൻ നടരാജൻ, ഡോ. സന്ദീപ് മേനോൻ എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്.
ചെന്നൈയിലുള്ള ഫൈസറിന്റെ ഗവേഷണ കേന്ദ്രത്തിന്റെ ശാഖ കേരളത്തിൽ തുടങ്ങുന്നതുമായി ബന്ധപ്പെട്ട പ്രാരംഭ ചർച്ചകൾ നടന്നു. പ്രീ ക്ലിനിക്കൽ ഗവേഷണ രംഗത്ത് കേരളത്തിന് നൽകാവുന്ന സംഭാവനകളെ പറ്റി ഫൈസർ ചോദിച്ചു മനസിലാക്കി. ബയോടെക്‌നോളജി, ബയോ ഇൻഫോമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, അപ്ലൈഡ് മാത്തമാറ്റിക്‌സ് മേഖലയിലെ കേരളത്തിലെ ഗവേഷണ സമ്പത്ത് ഫലപ്രദമായി എങ്ങനെ ഉപയോഗിക്കാമെന്നും സംഘം ചർച്ച ചെയ്തു.
ആരോഗ്യ രംഗത്തെ കേരളത്തിന്റെ നേട്ടങ്ങൾ യോഗത്തിൽ സർക്കാരിന്റെ ഭാഗത്തു നിന്ന് ഉദ്യോഗസ്ഥർ വിശദീകരിച്ചു. അടുത്തിടെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ഡിജിറ്റൽ സയൻസ് പാർക്കുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാനുള്ള താൽപര്യവും ഫൈസർ പ്രതിനിധികൾ പങ്കുവെച്ചു. അടുത്തപടിയായി സെപ്തംബറിനകം ഫൈസറിന്റെ ഉന്നത ഉദ്യോഗസ്ഥരുടെ പ്രതിനിധി സംഘം സംസ്ഥാനം സന്ദർശിക്കും.
നാം മുന്നോട്ട് സംപ്രേക്ഷണ സമയം
ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് നിർമിക്കുന്ന 'നാം മുന്നോട്ട്' പരിപാടിയുടെ പുതിയ എപ്പിസോഡ് ഞായറാഴ്ച (ജൂൺ 11) മുതൽ വിവിധ ടെലിവിഷൻ ചാനലുകൾ സംപ്രേഷണം ചെയ്യും. ഏഷ്യാനെറ്റ് ന്യൂസ് - ഞായർ വൈകീട്ട് 6:30, മാതൃഭൂമി ന്യൂസ് ഞായർ വൈകീട്ട് 8.30, കൈരളി ടിവി ശനിയാഴ്ച പുലർച്ചെ 12.30 (പുനഃസംപ്രേഷണം - ശനിയാഴ്ച രാവിലെ 6:30), കൈരളി ന്യൂസ് - ഞായറാഴ്ച രാത്രി 9:30 (പുനഃസംപ്രേഷണം ബുധനാഴ്ച വൈകീട്ട് 3:30), മീഡിയ വൺ ഞായറാഴ്ച രാത്രി 7:30, കൗമുദി ടിവി - ശനിയാഴ്ച രാത്രി 8:00, 24 ന്യൂസ് - ഞായറാഴ്ച വൈകീട്ട് 5.30 (പുനഃസംപ്രഷണം പുലർച്ചെ ഒരു മണി), ജീവൻ ടിവി - ഞായറാഴ്ച വൈകീട്ട് 7:00, ജയ്ഹിന്ദ് ടിവി - ബുധനാഴ്ച വൈകീട്ട് 7:00, റിപ്പോർട്ടർ ടിവി - ഞായറാഴ്ച വൈകീട്ട് 6:30, ദൂരദർശൻ - ഞായറാഴ്ച രാത്രി 7:30, ന്യൂസ് 18 - ഞായറാഴ്ച രാത്രി 8:30.












Click it and Unblock the Notifications