ആഭ്യന്തര മന്ത്രി എന്ന നിലയിൽ പിണറായി വിജയൻ സമ്പൂർണ പരാജയം; രൂക്ഷവിമർശനവുമായി ചെന്നിത്തല
എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിൽ ഗർഭിണിയെ മർദിച്ച സംഭവത്തിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഗര്‍ഭണിയായ യുവതിയെ സിഐ കരണത്തടിക്കുന്ന ദൃശ്യം മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്നതാണെന്നും ഹിറ്റ്‌ലറുടെ കാലത്തെ കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകളെ അനുസ്മരിപ്പിക്കും വിധമാണ് പിണറായിഭരണത്തിലെ പോലീസ് സ്റ്റേഷനുകളെന്നും ചെന്നിത്തല പറഞ്ഞു.ജനങ്ങളെ പുഴുക്കളെപ്പോലെ ചവിട്ടിയരച്ച കൊളോണിയില്‍ പൊലീസിന്റെ പ്രേതങ്ങള്‍ കേരളാ പൊലീസിനെ ആവേശിച്ചിരിക്കുകയാണ്. ആഭ്യന്തര മന്ത്രിയെന്ന നിലയില്‍ കഴിഞ്ഞ പത്തുവര്‍ഷമായി പിണറായി വിജയന്‍ സമ്പൂര്‍ണ്ണ പരാജയമാണെന്നും അദ്ദേഹം വിമർശിച്ചു. ചെന്നിത്തലയുടെ പ്രതികരണം വായിക്കാം
'കണ്ണേ മടങ്ങുക...ഞെട്ടിപ്പിക്കുന്ന കാഴ്ചയാണ് എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ നിന്നും കാണാന്‍ കഴിയുന്നത്. പൊലീസ് പിടിച്ചുകൊണ്ടുവന്ന തന്റെ ഭര്‍ത്താവിനെ തേടി രണ്ടുകൈക്കുഞ്ഞുങ്ങളുമായി പൊലീസ് സ്റ്റേഷനിലെത്തിയ ഗര്‍ഭണിയായ യുവതിയെ സിഐ കരണത്തടിക്കുന്ന ദൃശ്യം മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കും. ഹിറ്റ്‌ലറുടെ കാലത്തെ കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകളെ അനുസ്മരിപ്പിക്കും വിധമാണ് പിണറായിഭരണത്തിലെ പൊലീസ് സ്റ്റേഷനുകള്‍. നിരപരാധികളായ മനുഷ്യര്‍ നിര്‍ദ്ദയം പീഡിപ്പിക്കപ്പെടുകയാണവിടെ.

തൃശൂരില്‍ കോണ്‍ഗ്രസിനെ പ്രവര്‍ത്തകനായ സുജിത്തിനെ പൊലീസ് സ്റ്റേഷനിലിട്ട് തല്ലിച്ചതക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നപ്പോള്‍ കേരളം നടുങ്ങിവിറച്ചതാണ്. ഇപ്പോള്‍ ഇതാ ഒരു നിരാലംബയായ, ഗര്‍ഭിണിയായ സ്ത്രീ നിര്‍ദാക്ഷണ്യം പൊലീസ് സ്റ്റേഷനില്‍ മര്‍ദ്ദിക്കപ്പെട്ടു. ഇതിന് ഉത്തരവാദിയായ സര്‍ക്കിള്‍ ഇന്‍സ്പക്ടറെ സസ്‌പെന്‍ഡ് ചെയ്യുകയും , കേസെടുത്ത് അറസ്റ്റ് ചെയ്യുകയും വേണം. പ്രാകൃതമായ സമൂഹങ്ങളില്‍ പോലും കാണാന്‍ കഴിയാത്ത നിഷ്ഠൂരതയാണ് പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. ' എന്തും ചെയ്യും, ആരും ചോദിക്കില്ല' ഇതാണ് പിണറായി ഭരണത്തിലെ പൊലീസിന്റെ മുദ്രാവാക്യം.
ജനങ്ങളെ പുഴുക്കളെപ്പോലെ ചവിട്ടിയരച്ച കൊളോണിയില്‍ പൊലീസിന്റെ പ്രേതങ്ങള്‍ കേരളാ പൊലീസിനെ ആവേശിച്ചിരിക്കുകയാണ്. ആഭ്യന്തര മന്ത്രിയെന്ന നിലയില്‍ കഴിഞ്ഞ പത്തുവര്‍ഷമായി പിണറായി വിജയന്‍ സമ്പൂര്‍ണ്ണ പരാജയമാണ്. പൂര്‍ണ്ണമായും മാര്‍ക്സ്റ്റിസ്റ്റുവല്‍ക്കരിക്കപ്പെട്ട പൊലീസ് സംവിധാനം ജനങ്ങളുടെ അന്തകരമായി മാറിക്കഴിഞ്ഞു. ലോക്കല്‍ കമ്മിറ്റികളും ഏരിയാ കമ്മിറ്റികളും ജില്ലാ കമ്മിറ്റികളുമായി പൊലീസിനെ ഭരിക്കുന്നത്. ക്രിമിനലുകളെ ക്രിമിനലുകള്‍ നയിക്കുന്ന അവസ്ഥയാണ് പൊലീസില്‍. ജനങ്ങള്‍ ശത്രുക്കളായാണ് പിണറായിയും സിപിഎമ്മും കാണുന്നത്.
കൈക്കുഞ്ഞുമായി എത്തുന്ന സ്ത്രീക്ക് പോലും പൊലീസ് സ്റ്റേഷനില്‍ രക്ഷയില്ലന്ന് വരുമ്പോള്‍ ഇനി എന്താണ് ഈ ഭരണത്തില്‍ നിന്നും പ്രതീക്ഷിക്കാനുള്ളത്. കേരളം അരാജകത്വത്തിലേക്ക് വഴുതിവീണിരിക്കുന്നു. ഉത്തരവാദി പിണറായി വിജയനാണ്. പിണറായി വിജയന്‍ മാത്രം.












Click it and Unblock the Notifications