മാലിന്യം നീക്കല്ലേ സ്ഥാനാര്‍ത്ഥീ...ചട്ടലംഘനമാ കേട്ടോ!!!
ആലപ്പുഴ: കിഴക്കിന്റെ വെനീസില്‍ ഇപ്പോള്‍ വലിയ ഒരു യുദ്ധം തുടങ്ങിയിരിക്കുകയാണ്. മാലിന്യത്തെച്ചൊല്ലിയാണ് യുദ്ധം. എല്‍ഡിഎഫ് സ്ഥാനാര്‍ഥി തോമസ് ഐസക്ക് മണ്ഡലത്തിലെ മാലിന്യം തൂത്തുവാരി പ്രചാരണത്തിന് തുടക്കമിട്ടതോടെയാണ് പോരും തുടങ്ങിയത്.
പൊതുസ്ഥലങ്ങളിലെ മാലിന്യം നീക്കം ചെയ്യുന്നത് തിരഞ്ഞെടുപ്പ് ചട്ടത്തിന്‍റെ ലംഘനമാണെന്നാണ് ഡിസിസി പ്രസിഡന്റ് എഎ ഷുക്കൂറിന്റെ ആരോപണം. തോമസ് ഐസക്കിനെതിരെ ഷുക്കൂര്‍ പരസ്യ പ്രസ്തവാനവനയുമിറക്കി.

ജനകീയ മാലിന്യ സംസ്‌കരണ പരിപാടി ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് വോട്ടു തട്ടിയെടുക്കാനുള്ള മാര്‍ഗമാണെന്നാണ് ഷുക്കൂറും കോണ്‍ഗ്രസുകാരും പറയുന്നത്. പക്ഷേ, മാലിന്യം നീക്കം ചെയ്യുന്നത് എങ്ങനെ ചട്ടലംഘനമാകുമെന്നാണ് സഖാക്കളുടെ ചിരിച്ചുകൊണ്ടുള്ള ചോദ്യം. നഗരം ചീഞ്ഞുനാറുമ്പോള്‍ ആര് മാലിന്യം നീക്കം ചെയ്തു ശുചിയാക്കിയാലും ഒരു തിരഞ്ഞെടുപ്പ് കമ്മീഷനും അതിനെ കുറ്റം പറയില്ലത്രേ. കാരണം, മൂക്കുപൊത്താതെ അവര്‍ക്കും നടക്കണമല്ലോ? തിരഞ്ഞെടുപ്പല്ലേ വരുന്നത്.
ആലപ്പുഴയില്‍ തോമസ് ഐസക്ക് തുടങ്ങി വച്ച വ്യത്യസ്തമായ തിരഞ്ഞെടുപ്പ് പ്രചാരണം സംസ്ഥാനമൊട്ടാകെ ശ്രദ്ധ നേടിയിരുന്നു. സംസ്ഥാനത്താകമാനം മാലിന്യ നിര്‍മാര്‍ജ്ജനത്തിന് മാതൃകയായതായിരുന്നു ആലപ്പുഴയില്‍ ഐസക് നടപ്പിലാക്കിയ പദ്ധതികള്‍.












Click it and Unblock the Notifications