ആം ആദ്മിയെന്നൊരു പാര്‍ട്ടിയുണ്ടോ...? മത്സരിക്കേണ്ടെന്ന് നേതൃത്വം; മത്സരിക്കാനുറച്ച് നേതാക്കള്‍
മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുറച്ച് മലപ്പുറത്തെ ഒരു വിഭാഗം ആം ആദ്മി പ്രവര്‍ത്തകര്‍ രംഗത്ത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്ന സംസ്ഥാന ഘടകത്തിന്റെ തീരുമാനം കാറ്റില്‍ പറത്തിയാണു മലപ്പുറം ജില്ലയിലെ ചില മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ ആം ആദ്മി പാര്‍ട്ടിയിലെ ചിലര്‍ ശ്രമിക്കുന്നത്.
ഇതോടെ ജില്ലയിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ രണ്ടു തട്ടിലായി. യാതൊരു മുന്നൊരുക്കവും ഇല്ലാതെ തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ പാര്‍ട്ടിക്ക് നിലവിലുള്ള പേരും നഷ്ടപ്പെടുമെന്നതിനാലാണു ഇപ്രാവശ്യം തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ നേതൃത്വം തീരുമാനിച്ചത്. എന്നാല്‍ ജയവും പരാജയവും അല്ല തങ്ങളുടെ നിലപാടുകള്‍ ജനങ്ങളിലെത്തിക്കുക എന്നത് മാത്രമാണു മത്സരിക്കുന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നാണു മറുവിഭാഗത്തിന്‍റെ അവകാശ വാദം.

ആം ആദ്മി പാര്‍ട്ടി ഒറ്റക്കോ ഏതെങ്കിലും മുന്നണിയുമായോ കൂട്ട് ചേര്‍ന്ന് കേരളത്തില്‍ എവിടേയും മത്സരിക്കുന്നില്ല. ഒരു സ്ഥാനാര്‍ഥിക്കും പിന്തുണ നല്‍കാനും തീരുമാനിച്ചിട്ടില്ല. കേരളത്തിന്റെ ചുമതലയുള്ള സോംനാഥ് ഭാരതി എംഎല്‍എയുടെ അധ്യക്ഷതയില്‍ കഴിഞ്ഞ 13ന് ചേര്‍ന്ന സംസ്ഥാന സമിതിയില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്നാണ് തീരുമാനിച്ചത്.
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനും 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിനും ഒരുങ്ങാനാണു പാര്‍ട്ടി തീരുമാനം എന്നാണ് ആം ആദ്മി പാര്‍ട്ടി ജില്ലാ കണ്‍വീനര്‍ അഡ്വ കെപിഎം ഷാഫി പറയുന്നത്.തീരുമാനങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications