ഇടുക്കിയില്‍ ഫ്രാന്‍സിസ് ജോര്‍ജ്ജ് തന്നെ... ഇനി ജീവന്‍മരണ പോരാട്ടം
ഇടുക്കി: ഫ്രാന്‍സിസ് ജോര്‍ജ് ഇടതുമുന്നണി സ്ഥാനാര്‍ഥിയാകുമെന്ന് ഉറപ്പായതോടെ കേരളം ഉറ്റുനോക്കുന്ന പോരാട്ടത്തിന് ഇടുക്കി നിയോജക മണ്ഡലം വേദിയാകും. നാലാമൂഴത്തിന് ഇറങ്ങിക്കഴിഞ്ഞ, റോഷി അഗസ്റ്റിനെ കീഴ്‌പ്പെടുത്തി ഇടുക്കി പിടിച്ചെടുക്കുക എന്നത് ഫ്രാന്‍സീസ് ജോര്‍ജിന് കേവലമൊരു ലക്ഷ്യം മാത്രമല്ല, രാഷ്ട്രീയ ഭാവി കൂടിയാണ്.
കേരള കോണ്‍ഗ്രസ് എം പിളര്‍ത്തി രൂപം കൊടുത്ത ജനാധിപത്യ കേരള കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ അതിജീവനവും ഈ തിരഞ്ഞെടുപ്പായിരിയ്ക്കും നിര്‍ണയിക്കുക. ലോക്സഭ -പഞ്ചായത്ത് തിരഞ്ഞെടുപ്പുകളില്‍ ഇടതുമുന്നണിക്ക് ലഭിച്ച കത്തോലിക്കാ സഭയുടെയും സഭാ സൃഷ്ടിയായ ഹൈറേഞ്ച് സംരക്ഷണ സമിതിയുടെയും പിന്തുണ ഉറപ്പാക്കിക്കൊണ്ടു മാത്രമേ ഇടുക്കിയില്‍ നിന്നും കരകയറാന്‍ ഫ്രാന്‍സിസ് ജോര്‍ജിന് കഴിയൂ.

ലോക്സഭ-പഞ്ചായത്ത് തിരഞ്ഞെടുപ്പുകളില്‍ കത്തി നിന്ന കസ്തൂരിരംഗന്‍- പട്ടയ പ്രശ്‌നങ്ങള്‍ ഇപ്പോഴും സജീവമാണെങ്കിലും സഭയും സമിതിയും ഇതുവരെ നിയമസഭാ തെരഞ്ഞെടുപ്പിലെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ലോക്സഭ തിരഞ്ഞെടുപ്പില്‍ പള്ളികള്‍ കേന്ദ്രീകരിച്ച് നിര്‍ദേശം നല്‍കിയും സ്‌ക്വാഡ് രൂപീകരിച്ചുമാണ് സമിതി നിയമോപദേശകന്‍ കൂടിയായ എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ ജോയ്‌സ് ജോര്‍ജ്ജ് വിജയിച്ചത്.
50,542 വോട്ടിന്‍റെ ഭൂരിപക്ഷമാണ് ജോയ്സ് ജോര്‍ജ്ജിന് ലഭിച്ചത്. ഇതില്‍ 24,227 വോട്ടും ഇടുക്കി അസംബ്ലി മണ്ഡലത്തിന്റെ സംഭാവനയായിരുന്നു. ഇടുക്കി ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ കണക്കെടുത്താല്‍ മണ്ഡലത്തിലെ മൂന്നു ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ രണ്ടിലും ഹൈറേഞ്ച് സംരക്ഷണ സമിതി വിജയിച്ചിരുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ കണക്കനുസരിച്ച് ഇടുക്കി നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫിനാണ് മേല്‍ക്കൈ. ഈ കണക്കിലാണ് ഫ്രാന്‍സിസ് ജോര്‍ജ് ആശ്വാസം കൊളളുന്നതും. മാത്രമല്ല അഞ്ച് വട്ടം ഇടുക്കി ലോകസഭാ മണ്ഡലത്തില്‍ മല്‍സരിച്ച ഫ്രാന്‍സീസ് ജോര്‍ജ് രണ്ടു വട്ടം വിജയിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനൊക്കെ പുറമേ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ നിന്ന് തനിക്ക് അനുകൂലമായ ഒഴുക്കുണ്ടാകുമെന്നും ഫ്രാന്‍സിസ് ജോര്‍ജ് പ്രതീക്ഷിയ്ക്കുന്നുണ്ട്.
എന്നാല്‍ വികസന വിളംബര ജാഥ നടത്തി തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഒന്നാം ഘട്ടം പൂര്‍ത്തിയാക്കിയ റോഷി അഗസ്റ്റിന് വേറേ കണക്കുകളുടെ ബലം കൂട്ടിനുണ്ട്. ഇടുക്കിയില്‍ ഇതുവരെ നടന്ന ഒമ്പത് തെരഞ്ഞെടുപ്പുകളില്‍ എട്ടുതവണയും വിജയിച്ചത് യുഡിഎഫ് ആണ്. 2001ല്‍ 13714 വോട്ടിന് മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എംഎസ് ജോസഫിനെ(ജനതാദള്‍)തോല്‍പ്പിച്ചാണ് റോഷി ഇടുക്കിയില്‍ ജൈത്രയാത്ര ആരംഭിക്കുന്നത്. 2006ല്‍ സീറ്റ് സിപിഎം ഏറ്റെടുത്തു. സിവി വര്‍ഗീസായിരുന്നു റോഷിയുടെ എതിരാളി.16340 വോട്ടിനായിരുന്നു റോഷിയുടെ വിജയം. 2011ലും ഇവര്‍തന്നെയാണ് ഏറ്റുമുട്ടിയത്. റോഷിയുടെ ഭൂരിപക്ഷം 15806 ആയി കുറഞ്ഞെന്നുമാത്രം.
മണ്ഡലത്തിലെ എട്ടു പഞ്ചായത്തില്‍ ആറും കട്ടപ്പന നഗരസഭയും യുഡിഎഫ് ഭരണത്തിലാണ്. അറക്കുളം, ഇടുക്കി-കഞ്ഞിക്കുഴി, കുടയത്തൂര്‍, കാമാക്ഷി, കൊന്നത്തടി, വാത്തിക്കുടി പഞ്ചായത്തുകള്‍ യുഡിഎഫും കാഞ്ചിയാര്‍, മരിയാപുരം എല്‍ഡിഎഫും ഭരിക്കുന്നു. ഈ കണക്കുകളും അടിയൊഴുക്കുകളും കൂടിച്ചേര്‍ന്നാകും ഏത് കേരള കോണ്‍ഗ്രസിനെ കരകയറ്റണമെന്ന് ഇടുക്കി തീരുമാനിക്കുക.












Click it and Unblock the Notifications