സുധാകരനെതിരെ അമ്പലപ്പുഴയില്‍ ലഘുലേഖ; പിന്നില്‍ മുന്‍ വനിതാ ബ്രാഞ്ച് സെക്രട്ടറി
അമ്പലപ്പുഴ: അമ്പലപ്പുഴയില്‍ ജി സുധാകരന് ഒന്നിന് പിറകെ ഒന്നായി പണികിട്ടിക്കൊണ്ടിരിക്കുകയാണ്. ഒഴിഞ്ഞുപോയെന്ന് കരുതിയ പല പ്രശ്‌നങ്ങളും വീണ്ടും സുധാകരനെത്തേടിയെത്തുന്നു. മണ്ഡലത്തില്‍ വ്യാപകമായി സുധാകരനെതിരെ ലഘുലേഖ പ്രചരിക്കുകയാണിപ്പോള്‍. സുധാകരന്‍ പരസ്യമായി അപമാനിച്ചതിന്റെ പേരില്‍ പാര്‍ട്ടി വിട്ട മുന്‍ വനിതാ ബ്രാഞ്ച് സെക്രട്ടറിയും പേഴ്‌സണല്‍ സ്റ്റാഫംഗവുമായിരുന്ന ഉഷാസാലിയാണ് ലഘുലേഖയ്ക്ക് പിന്നില്‍. സ്വന്തം പേര് വെളിപ്പെടുത്തിക്കൊണ്ടുതന്നെയാണ് അവര്‍ സുധാകരനെതിരെ ആഞ്ഞടിക്കുന്നത്.
പാര്‍ട്ടിക്കുവേണ്ടി ജീവന്‍ പണയം വെച്ചുപോലും പ്രവര്‍ത്തിച്ച തന്നെയും തന്റെ ഭര്‍ത്താവ് സാലിയെയും സുധാകരന്‍ അപമാനിച്ചെന്നും ചിവിട്ടിത്താഴ്ത്തിയെന്നുമാണ് ലഘുലേഖയില്‍ പറയുന്നത്. സുധാകരനേക്കാള്‍ ആത്മാര്‍ത്ഥമായി പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിച്ചത് തന്റെ ഭര്‍ത്താവാണെന്നും അവര്‍ ലഘുലേഖയില്‍ പറയുന്നുണ്ട്.

ഒരുമാസം മുന്‍പ് കെട്ടടങ്ങിയ സംഭവം വീണ്ടും ലഘുലേഖയായി പുറത്തിറങ്ങിയത് സുധാകരന് തിരിച്ചടിയാണ്. നേരത്തെ സുധാകരന്റെ തിരഞ്ഞെടുപ്പ് പ്രചാരണം പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ബഹിഷ്‌കരിച്ചിരുന്നു. ഇതിന്റെ ക്ഷീണം തീര്‍ക്കാന്‍ കോടിയേരി ബാലകൃഷ്ണനുള്‍പ്പെടെയുള്ള മറ്റു നേതാക്കളെ എത്തിച്ച് പ്രചാരണം കൊഴുപ്പിച്ചുകൊണ്ടിരിക്കുമ്പോഴാണ് ലഘുലേഖ പ്രചരിക്കുന്നത്.
ബിജെപിയുമായി ചേര്‍ന്ന് തനിക്കെതിരെ പ്രവര്‍ത്തിക്കുകയാണെന്നാരോപിച്ച് സുധാകരന്‍ ഉഷാസാലിയെ പരസ്യമായി അധിക്ഷേപിച്ചതായിരുന്നു സംഭവങ്ങളുടെ തുടക്കം. ഇതേ തുടര്‍ന്ന് പാര്‍ട്ടി വിടുന്നതായി പ്രഖ്യാപിച്ച് സുധാകരനെതിരെ അവര്‍ പത്രസമ്മേളനം നടത്തി. പിന്നീട് സ്ത്രീത്വത്തെ അപമാനിച്ചെന്നാരോപിച്ച് സുധാകരനെതിരെ പോലീസില്‍ പരാതിയും നല്‍കി. ഒരുമാസം മുന്‍പാണ് ഈ സംഭവങ്ങള്‍. ഇതിനുശേഷം ഉഷാസലിയെ പുറത്താക്കി സിപിഎമ്മും രംഗത്തുവന്നു. തുടര്‍ന്ന് ഉഷാസാലിയുടെ ഭര്‍ത്താവും ലോക്കല്‍ കമ്മിറ്റിയംഗവുമായ എംഎം സാലിയെയും പാര്‍ട്ടി പുറത്താക്കി. പിന്നീട് വിവാദങ്ങള്‍ ഏറെക്കുറെ അവസാനിച്ചിരിക്കുമ്പോഴാണ് ലഘുലേഖ എത്തിയത്.












Click it and Unblock the Notifications