പോരടിയ്ക്കാം, വാക്കുകള്‍ കൊണ്ട്... ഇനി നേതാക്കളുടെ വാക് പോരിന്റെ കാലം
തൃശ്ശൂര്‍: നിയമസഭ മണ്ഡലങ്ങളില്‍ മുന്നണി നേതാക്കള്‍ പ്രചാരണ സമ്മേളനങ്ങളും കണ്‍വെന്‍ഷനുകളും ഉദ്ഘാടനം ചെയ്ത് വാക് പോര് നടത്തി മുന്നേറുകയാണ്. യുഡിഎഫിന് വേണ്ടി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ എന്നിവരും എല്‍ഡിഎഫിന് വേണ്ടി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമാണ് രംഗത്തിറങ്ങിയത്.

ഓരോ മണ്ഡലങ്ങളിലെയും സ്ഥാനാര്‍ഥികളെ വാനോളം പുകഴ്ത്തിയാണ് നേതാക്കളുടെ പ്രസംഗം. ഇരുമുന്നണികളും പരസ്പരം ആരോപണങ്ങളും കുറ്റപ്പെടുത്തലുകളും ഉയര്‍ത്തുന്നുണ്ട്. വികസനങ്ങള്‍ കൊണ്ടുവരുന്നതില്‍ ഇരിങ്ങാലക്കുടയാണ് ഏവര്‍ക്കും മാതൃകയെന്നാണ് ഇരിങ്ങാലക്കുടയില്‍ ചെന്നപ്പോള്‍ രമേശ് ചെന്നത്തലയുടെ കമന്റ്. ഇവിടെ കേരള കോണ്‍ഗ്രസ് എമ്മിലെ തോമസ് ഉണ്ണിയാടനാണ് മത്സരിക്കുന്നത്. എല്ലാ വകുപ്പുകളില്‍ നിന്ന് പദ്ധതികള്‍ നേടിയെടുക്കാന്‍ ഉണ്ണിയാടന് കഴിഞ്ഞെന്നും പുകഴ്ത്തലുണ്ടായി. എല്‍ഡിഎഫിന്റെ വികസന വിരുദ്ധ സമീപനങ്ങളെ കുറിച്ചാണ് പുതുക്കാട് പ്രസംഗിച്ചത്. ഒല്ലൂരിലെത്തിയപ്പോള്‍ കൊലപാതക രാഷ്ട്രീയം കൊണ്ട് നടക്കുന്നവരാണെന്ന ആരോപണമാണ് ഉന്നയിച്ചത്.

സുധീരനും കുറ്റപ്പെടുത്തലുകള്‍ക്ക് കുറവൊന്നും വരുത്തിയില്ല. സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയവും യുഡിഎഫിന്റെ മദ്യവിരുദ്ധ നിലപാടുകളുമാണ് പ്രചാരണ വേദിയിലെ ആയുധങ്ങള്‍. ജനങ്ങളുടെ സമാധാനം തകര്‍ക്കുന്നവരാണ് ബിജെപിയും സിപിഎമ്മുമെന്നും കുറ്റപ്പെടുത്തി.
ഇതിന് മറുപടിയായാണ് സിപിഎം സംസ്ഥാന സെക്രട്ടറി വിവിധ മണ്ഡലങ്ങളില്‍ പ്രചാരണ സമ്മേളനങ്ങള്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിച്ചത്. എല്‍ഡിഎഫ് നൂറ് സീറ്റിലധികം നേടുമെന്നാണ് പ്രഖ്യാപനം. എല്‍ഡിഎഫ് വരുന്നതോടെ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരമാകും. പറയുന്നതിന് വിപരീതമായാണ് യുഡിഎഫ് പ്രവര്‍ത്തിക്കുന്നത്. ബിജെപിയും ബിഡിജെഎസുമായി കൂട്ടുചേര്‍ന്ന് എല്‍ഡിഎഫിന്റെ വോട്ടുകള്‍ ചോര്‍ത്തുന്നതിനുള്ള ശ്രമമാണ് നടത്തുന്നത്. മദ്യ നിരോധനത്തിന്റെ പേരില്‍ യുഡിഎഫ് ജനങ്ങളെ വഞ്ചിക്കുകയാണെന്നും കുറ്റപ്പെടുത്തി.
ഇനി നേതാക്കള്‍ പറന്നിറങ്ങുന്ന കാലമാണ്. വിഎസും പിണറായിയുമെല്ലാം പ്രചാരണത്തിന്റെ ഭാഗമായി ജില്ലയിലേക്ക് എത്തുന്നുണ്ട്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കൂടി എത്തുന്നതോടെ ഭരണ പരാജയങ്ങളും വികസന മുന്നേറ്റങ്ങളുമായി രംഗം വീണ്ടും കൊഴുക്കും.












Click it and Unblock the Notifications