കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുഞ്ഞാപ്പ ആത്മവിശ്വാസത്തിലാണ്... വിറപ്പിക്കാന്‍ എല്‍ഡിഎഫിന്റെ 'കന്നി'ക്കാരന്‍

  • By Desk
Google Oneindia Malayalam News

മലപ്പുറം: ലീഗുകാരുടെ സ്വന്തം കുഞ്ഞാപ്പയായ കുഞ്ഞാലിക്കുട്ടി ഏറെ ആത്മവിശ്വാസത്തോടെ മത്സരിക്കുന്ന മണ്ഡലമാണ് വേങ്ങര. മുസ്ലിം ലീഗ് കോട്ടയായ ഈ മണ്ഡലത്തില്‍ എല്‍ഡിഎഫിന് വലിയ പ്രതീക്ഷകളൊന്നുമില്ല. കുഞ്ഞാപ്പയെ നേരിടാന്‍ എല്‍ഡിഎഫ് ഇത്തവണ ഇറക്കിയത് അഡ്വ പിപി ബഷീറിനെയാണ്. അറിയപ്പെടുന്ന വാഗ്മിയും അഭിഭാഷകനുമായ ബഷീറിന്റെ നിയമസഭയിലേക്കുള്ള കന്നിയങ്കമാണ്. വിജയിക്കാനായില്ലെങ്കിലും കുഞ്ഞാപ്പയെ കാര്യമായി ഒന്നു വിറപ്പിക്കാനെങ്കിലും ബഷീറിനെകൊണ്ടു സാധിക്കുമെന്നാണു എല്‍ഡിഎഫ് വിലയിരുത്തല്‍.

Kunjalikkutty

അതേ സമയം ഇരുമുന്നണികളേയും വിറപ്പിക്കാനായി ബിജെപി ഇറക്കിയത് മുസ്ലിം നോമിനിയെ തന്നെയാണ്. മലപ്പുറത്തെ ബാദുഷ തങ്ങള്‍ക്കു പുറമെ ബിജെപി സ്ഥാനാര്‍ഥി പട്ടികയില്‍ ഇടംപിടിച്ച ന്യൂനപക്ഷ വിഭാഗക്കാരനാണ് പിടി ആലിഹാജി. ന്യൂനപക്ഷ മോര്‍ച്ചയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയാണ് ഇദ്ദേഹം. ഇതിനു പുറമെ എസ്ഡിപിഐ സ്ഥാനാര്‍ഥിയായ കല്ലന്‍ അബൂബക്കറും വെല്‍ഫെയര്‍പാര്‍ട്ടി സ്ഥാനാര്‍ഥിയായ സുരേന്ദ്രന്‍ കരിപ്പുഴയും മത്സര രംഗത്തുണ്ട്.

കുഞ്ഞാലിക്കുട്ടി തന്റെ സിറ്റിംഗ് മണ്ഡലമായ വേങ്ങരയില്‍ നിന്ന് ഇത്തവണ മലപ്പുറത്തേക്കുമാറുമെന്ന അഭ്യൂഹങ്ങള്‍ പരന്നിരുന്നെങ്കിലും അവസാനം സ്വന്തം തട്ടകത്തില്‍തന്നെയാണ് കുഞ്ഞാലിക്കുട്ടി മത്സരിച്ചത്. ഇതിനു വിവിധ കാരണങ്ങളുണ്ട്. സംസ്ഥാനത്തു വെച്ചു തന്നെ ഏറ്റവും കൂടുതല്‍ പാലങ്ങളുടേയും റോഡുകളുടേയും വികസന പ്രവര്‍ത്തനങ്ങള്‍ നടന്നതു വേങ്ങര മണ്ഡലത്തിലാണെന്നാണ് ലീഗ് അവകാശപ്പെടുന്നത്. വേങ്ങര മണ്ഡലത്തിലെ ചെറിയ റോഡുകള്‍ പോലും നാട്ടുകാരുടേയും ലീഗുകാരുടേയും കുഞ്ഞാപ്പ റബ്ബറൈസ് ചെയ്തുകൊടുത്തു. ഇത്തരത്തിലുള്ള വന്‍ വികസനം മണ്ഡലത്തില്‍കൊണ്ടുവന്നെങ്കിലും ചിലമേഖലയില്‍ ലീഗും കോണ്‍ഗ്രസും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ പാര്‍ട്ടിക്ക് ദോഷംചെയ്യുമെന്നും വിലയിരുത്തലുണ്ടായിരുന്നു.

Muslim League

എന്നാല്‍ കുഞ്ഞാലിക്കുട്ടി മത്സരിച്ചാല്‍ ഈ പ്രശ്‌നത്തിനു പരിഹാരമാകുമെന്നും ഇടഞ്ഞു നില്‍ക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുഞ്ഞാലിക്കുട്ടിയോട് ചെറിയ രീതിയിലെങ്കിലും അനുഭാവമുള്ളവരാണെന്നതാണ് സത്യം. ഇതിനു പിന്നാലെ കഴിഞ്ഞ ദിവസങ്ങളിലായി നേതൃത്വം ഇടപെട്ടു നടത്തിയ ചര്‍ച്ചകളില്‍ വിവിധ മേഖലകളിലെ ലീഗ്-കോണ്‍ഗ്രസ് തര്‍ക്കങ്ങള്‍ പരിഹരിക്കുകയും ചെയ്തു. കഴിഞ്ഞ തവണ സംസ്ഥാനത്തു തന്നെ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷത്തിന് വിജയിച്ച മലപ്പുറം നിയോജക മണ്ഡലത്തില്‍ ലീഗിന്റെ മുഖമായ കുഞ്ഞാലിക്കുട്ടി മത്സരിക്കണമെന്ന് മണ്ഡലം മുസ്ലീം ലീഗ് കമ്മിറ്റിയും ആവശ്യപ്പെട്ടിരുന്നു.

44,509 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കഴിഞ്ഞ തവണ മലപ്പുറം മണ്ഡലത്തില്‍നിന്നും പി ഉബൈദുളള വിജയിച്ചത്. ലീഗ് തട്ടമായ മലപ്പുറം ജില്ലയുടെ ആസ്ഥാനത്ത് തന്നെ കുഞ്ഞാലിക്കുട്ടി മത്സരിക്കണമെന്ന പ്രവര്‍ത്തകരുടെ ആഗ്രഹമായിരുന്നു ഇത്തരമൊരു ആവശ്യപ്പെടലിനു പിന്നില്‍. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 38,237വോട്ടിന്റെ ഭൂരിപക്ഷത്തിനു കുഞ്ഞാലിക്കുട്ടി വേങ്ങരയില്‍ നിന്ന് വിജയിച്ചത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് മണ്ഡലത്തിലെ ആറു പഞ്ചായത്തുകളുടേയും ഭരണം യുഡിഎഫിനായിരുന്നെങ്കിലും ഇത്തവണ മൂന്നു പഞ്ചായത്തുകളില്‍ ലീഗും കോണ്‍ഗ്രസും വെവ്വേറെയാണു മത്സരിച്ചത്. ഇതില്‍ ലീഗിന് ഒരു പഞ്ചായത്ത് നഷ്ടപ്പെടുകയും മറ്റു രണ്ടുപഞ്ചായത്തുകളില്‍ തനിച്ചു ഭരണം നേടുകയും ചെയ്തു. കോണ്‍ഗ്രസ്-സിപിഎമ്മിനൊപ്പം മതേതരമുന്നണി രൂപീകരിച്ചാണ് ഇവിടങ്ങളില്‍ മത്സരിച്ചത്. ഇത്തവണ മണ്ഡലത്തിലെ പറപ്പൂര്‍ പഞ്ചായത്താണു സിപിഎം, കോണ്‍ഗ്രസ് പിന്തുണയോടെ മതേതര മുന്നണി പിടിച്ചെടുത്തത്.

എആര്‍ നഗര്‍, കണ്ണമംഗലം, വേങ്ങര, ഊരകം, പറപ്പൂര്‍, ഒതുക്കുങ്ങല്‍ എന്നീ പഞ്ചായത്തുകള്‍ ഉള്‍പ്പെട്ട വേങ്ങര നിയമസഭാ മണ്ഡലത്തില്‍ കണ്ണമംഗലത്തും വേങ്ങരയിലുമാണ് ലീഗും കോണ്‍ഗ്രസും ഇരുചേരികളിലായി ഏറ്റുമുട്ടിയത്. ഈ രണ്ടു പഞ്ചായത്തുകളിലും ലീഗ് തനിച്ചു ഭരണംനേടിയെങ്കിലും രണ്ടാംസ്ഥാനത്ത് കോണ്‍ഗ്രസാണ്. മലപ്പുറം ജില്ലയില്‍ കോണ്‍ഗ്രസിന് സ്വാധീനമുള്ള മണ്ഡലമാണ് വേങ്ങര.

കണ്ണമംഗലത്തു മതേതര മുന്നണി രൂപീകരിച്ച് ലീഗിനെ ഒതുക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും ശ്രമിച്ചെങ്കിലും ആകെയുള്ള 20സീറ്റില്‍ 11സീറ്റിലും വിജയിച്ച് ലീഗ് ഒറ്റയ്ക്കുഭരണം നേടി. മതേതരമുന്നണിക്കു ബാക്കി ഒമ്പതു സീറ്റും ലഭിച്ചു. ഒരുകുടക്കീഴില്‍ മത്സരിച്ച കോണ്‍ഗ്രസിന് അഞ്ചുസീറ്റും സിപിഎമ്മിനു രണ്ടും സിപിഐക്ക് ഒന്നും വെല്‍ഫെയര്‍പാര്‍ട്ടിക്ക് ഒരുസീറ്റുമാണു ലഭിച്ചത്. ഇവിടെ രണ്ടാംസ്ഥാനത്ത് കോണ്‍ഗ്രസാണ്. വേങ്ങരയില്‍ ആകെയുളള 23 സീറ്റില്‍ 19 സീറ്റും തനിച്ചുനേടിയാണ് ലീഗ് അധികാരത്തിലെത്തിയത്. ബാക്കിയുള്ള നാലുസീറ്റില്‍ രണ്ടെണ്ണം വീതം കോണ്‍ഗ്രസും സിപിഎമ്മും പങ്കിട്ടു.

പ്രദേശത്തു കോണ്‍ഗ്രസിനു കൂടുതല്‍ സീറ്റു നേടാനായതിനാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രദേശിക നേതൃത്വത്തെ കൂട്ടുപിടിക്കാന്‍ എല്‍ഡിഎഫ്. ശ്രമം നടന്നിരുന്നെങ്കിലും ഇത് വിജയിച്ചിട്ടില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടിക്കു സുഖ വിജയം ഒരുക്കാനായി എല്‍ഡിഎഫ് കരുത്തുകുറഞ്ഞ സ്ഥാനാര്‍ഥിയെയാണു മത്സരിപ്പിച്ചതെന്ന ആക്ഷേപമുണ്ടായിരുന്നു. എഎന്‍എല്‍ നേതാവ് കെപി ഇസ്മയിലായിരുന്നു അന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി.

2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മാത്രമാണു തെരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടി പരാജയം രുചിച്ചത്. കഴിഞ്ഞ തവണ ഐഎന്‍എല്ലിനു നല്‍കിയ സീറ്റില്‍ ഇത്തവണ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാണു മത്സരിക്കുന്നത്. ഐസ്‌ക്രീം കേസ് കത്തി നില്‍ക്കുന്ന സമയത്ത് കുറ്റിപ്പുറത്ത് കെടി ജലീലിനോടാണ് അന്ന് കുഞ്ഞാലിക്കുട്ടി പരാജയപ്പെട്ടത്.

കേരള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് അട്ടിമറികളിലൊന്നായിരുന്നു ഇത്. ലീഗില്‍ നിന്ന് എത്തി സിപിഎം സ്വതന്ത്രനായി മത്സരിച്ച ജലീല്‍ കുഞ്ഞാലിക്കുട്ടിയെ 8781വോട്ടിന് അന്നു പരാജയപ്പെടുത്തിയപ്പോള്‍ ഈ തോല്‍വി കുഞ്ഞാലിക്കുട്ടിയെ മാത്രമല്ല മുസ്ലിം ലീഗിനെയാകെ ഉലച്ചു. തുടര്‍ന്നു തോല്‍വിയുടെ ആഘാതത്തില്‍നിന്ന് കരകയറാന്‍ ലീഗും കുഞ്ഞാലിക്കുട്ടിയും കഠിനശ്രമം നടത്തി. ഇതര മുസ്ലിംസംഘടനകളെ അടക്കം ഒരു കുടക്കീഴില്‍ അണിനിരത്താനാണു അന്നു കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ ലീഗ് ശ്രമിച്ചത്.

അന്ന് ലോക്‌സഭാ, പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഈ തന്ത്രം താല്‍ക്കാലികമായി വിജയിച്ചു. കുഞ്ഞാലിക്കുട്ടി നിയമസഭയിലെത്തുന്നത്. 1982ലും 1987ലും മലപ്പുറത്തുനിന്നു തിരഞ്ഞെടുക്കപ്പെട്ടു. 1991, 1996, 2001 തിരഞ്ഞെടുപ്പുകളില്‍ കുറ്റിപ്പുറത്തേക്കു മാറി അനായാസ വിജയം നേടി. 2006ല്‍ അടിതെറ്റി. മണ്ഡലം പുനര്‍നിര്‍ണയത്തില്‍ കുറ്റിപ്പുറം ഇല്ലാതായി.

എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ പിപി ബഷീര്‍ തിരൂര്‍ ബാറിലെ അഭിഭാഷകനാണ്. കോഴിക്കോട് ലോ കോളജില്‍ നിന്ന് എല്‍എല്‍ബിയെടുത്തു. എആര്‍ നഗര്‍ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനായിരുന്നു. ഡിവൈഎഫ്‌ഐ തിരൂരങ്ങാടി ബ്ലോക്ക് പ്രസിഡന്റ്, മലപ്പുറം ജില്ലാ കമ്മിറ്റിയംഗം, അഖിലേന്ത്യാ ലോയേഴ്‌സ് യൂണിയന്‍ ജില്ലാ സെക്രട്ടറി എന്നി ചുമതലകള്‍ വഹിച്ചു. യൂണിയന്‍ സംസ്ഥാന കമ്മിറ്റിയംഗവും സിപിഎം തിരൂരങ്ങാടി ഏരിയാ കമ്മിറ്റിയംഗവുമാണ്. ബിജെപി സ്ഥാനാര്‍ഥിയായ പിടി ആലിഹാജി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരൂരില്‍ മത്സരിച്ചിരുന്നു. 1995ല്‍ ബ്ലോക്ക് പഞ്ചായത്തിലേക്കും 2010ല്‍ ജില്ലാ പഞ്ചായത്തിലേക്കും 2001, 2011 വര്‍ഷങ്ങളില്‍ നിയമസഭയിലേക്കും ജനവിധി തേടിയിട്ടുണ്ട്. മലപ്പുറം ജില്ലയിലെ താനൂര്‍ മണ്ഡലത്തിലെ താനാളൂര്‍ പെരൂളിതാലൂക്കാട്ടില്‍ കുടുംബാംഗമാണ്. 1978 മുതല്‍ 1992വരെ സൗദിയിലായിരുന്നു.

English summary
Assembly Election 2016: Vengara is Muslim League's sure seat.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X