ഏതു മണ്ഡലത്തിലാണ് മത്സരിക്കുന്നതെന്ന് പലരും ചോദിക്കുന്നുണ്ട്; പിഷാരടി നിന്നാല്‍ ഓളമുണ്ടാകും
കേരളത്തില്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളായി ഇതിനോടകം തന്നെ പല പ്രമുഖ സിനിമാ താരങ്ങളുടെയും പേരുകള്‍ ഉയര്‍ന്നു വന്നിരുന്നു. ഉണ്ണി മുകുന്ദന്‍, രമേശ് പിഷാരടി, മേജര്‍ രവി, ആസിഫ് അലി തുടങ്ങിയ പേരുകളാണ് സജീവമായി ഉയര്‍ന്നുവന്നത്. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഒന്നും ഉണ്ടായിട്ടില്ല. ഇവരില്‍ പലരും തങ്ങളുടെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. രാഷ്ട്രീയ ചായ്വ് ഉണ്ടെങ്കിലും നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആരും മുന്നോട്ടു വന്നിട്ടില്ല.
ഇപ്പോഴിതാ നടന്‍ ഇര്‍ഷാദ് അലി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തന്റെ നിലപാട് വ്യക്തമാക്കിയിക്കുകയാണ്. മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അതിമുഖത്തിലാണ് ഇര്‍ഷാദ് നിലപാട് വ്യക്തമാക്കിയത്. വ്യക്തമായി ഇടതുപക്ഷ ചായ്‌വ് പുലര്‍ത്തുന്ന താരമാണ് ഇര്‍ഷാദ്.
ഇര്‍ഷാദിന്റെ വാക്കുകള്‍: ഞാന്‍ ഏതു മണ്ഡലത്തിലാണ് മത്സരിക്കുന്നത് എന്ന് ആളുകള്‍ ചോദിച്ചു തുടങ്ങി. ഞാന്‍ എന്തായാലും മത്സരിക്കാന്‍ ഒന്നുമില്ല. ചില ആലോചനകളൊക്കെ എവിടെയൊക്കെയോ നടക്കുന്നുണ്ടായിരുന്നു. പക്ഷേ മത്സരിക്കാനില്ല.

തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് ഇടിവ് സംഭവിച്ച പശ്ചാത്തലത്തില്‍ കുറച്ചുകൂടി ജാഗ്രതയോടു കൂടി പ്രവര്‍ത്തിക്കണം. കുറച്ചുകൂടി പണിയെടുത്താലേ ഭരണം കിട്ടുകയുള്ളൂ. ഇടതുപക്ഷം ഒരുപാട് വികസന പ്രവര്‍ത്തനങ്ങള്‍ ചെയ്തു. വ്യക്തിപരമായി നമുക്ക് അനുഭവപ്പെടുന്ന രീതിയിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ ഇടതുപക്ഷം ചെയ്തിട്ടുണ്ട്. എണ്ണിപ്പറഞ്ഞാല്‍ ഭരണത്തിലേക്കു വീണ്ടും വരാന്‍ കഴിയുന്ന പ്രവര്‍ത്തനങ്ങള്‍ ചെയ്തിട്ടുണ്ട്. അതല്ലെങ്കില്‍ കോണ്‍ഗ്രസ് വരും. ചെയ്തു വെച്ച കാര്യങ്ങള്‍ക്ക് ഒരു തുടര്‍ച്ച ഉണ്ടാകാന്‍ ഇടതുപക്ഷ സര്‍ക്കാര്‍ തന്നെ വരുന്നതാണ് നല്ലതെന്ന് ഞാന്‍ വ്യക്തിപരമായി വിശ്വസിക്കുന്നു. രാഷ്ട്രീയമായി ഇടതുപക്ഷത്തിനൊപ്പം സഞ്ചരിക്കുന്ന ഒരാളെന്ന രീതിയില്‍ മാത്രമല്ല, വ്യക്തിപരമായും എന്റെ ബോധ്യങ്ങള്‍ അങ്ങനെയാണ്.
ഞാന്‍ രാഷ്ട്രീയം നിരീക്ഷിക്കുന്ന ഒരാളാണ്. അതിന്റെ കൂടെ സഞ്ചരിക്കുന്ന ഒരാളാണ്. പക്ഷേ ആത്യന്തികമായി ഞാന്‍ സിനിമാക്കാരനാണ്. സിനിമയാണ് എന്റെ ശ്വാസം. താരപ്പകിട്ട് കേരളത്തില്‍ വിലപ്പോകില്ല. തൃശൂരില്‍ സുരേഷ് ഗോപി വിജയിച്ചതിന് പിന്നില്‍ ഒരുപാട് കാരണങ്ങളുണ്ട്. തൃപ്പൂണിത്തറയില്‍ രമേഷ് പിഷാരടി വന്നാല്‍ ഓളം ഉണ്ടാകും. തൃപ്പൂണിത്തറ യുഡിഎഫ് മണ്ഡലമാണ്. എന്നാല്‍ മട്ടന്നൂരില്‍ പിഷാരടിയെ നിര്‍ത്തിയാല്‍ ജയിക്കുമോ? കൃത്യമായ രാഷ്ട്രീയമുള്ളവരാണ് ഇവിടെയുള്ളവര്‍.
നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രചാരണത്തിന് ഇറങ്ങാറുണ്ട്. ഭാവിയില്‍ മുഴുവന്‍ സമയ രാഷ്ട്രീക്കാരനാകുമോ എന്ന് ഇപ്പോള്‍ പറയാന്‍ പറ്റില്ല - ഇര്‍ഷാദ് കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications