മധുവിനെ തല്ലിക്കൊന്ന 16 പ്രതികളെയും കോടതിയിൽ ഹാജരാക്കി! ജനരോഷം ഭയന്ന് തെളിവെടുപ്പില്ല...
കൊലപാതകത്തിന് പുറമേ, വനത്തിൽ അതിക്രമിച്ച് കടക്കൽ, എസ്ടി എസ് സി ആക്ട്, ഐടി ആക്ട് എന്നീ വകുപ്പുകൾ ചേർത്താണ് പ്രതികൾക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.
പാലക്കാട്: ആദിവാസി യുവാവ് മധുവിനെ തല്ലിക്കൊന്ന കേസിൽ അറസ്റ്റിലായ 16 പ്രതികളെയും മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി. വൈദ്യപരിശോധന പൂർത്തിയാക്കിയ ശേഷം ഞായറാഴ്ച രാവിലെയാണ് മുഴുവൻ പ്രതികളെയും മണ്ണാർക്കാട് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്.
കൊലപാതകത്തിന് പുറമേ, വനത്തിൽ അതിക്രമിച്ച് കടക്കൽ, എസ്ടി എസ് സി ആക്ട്, ഐടി ആക്ട് എന്നീ വകുപ്പുകൾ ചേർത്താണ് പ്രതികൾക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ ഞായറാഴ്ച തന്നെ മജിസ്ട്രേറ്റിന് അപേക്ഷ നൽകും. അതേസമയം, പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടിയാലും ഉടൻ തെളിവെടുപ്പിന് കൊണ്ടുപോകില്ലെന്നാണ് സൂചന.

പ്രതികൾക്ക് നേരെ ആക്രമണ സാദ്ധ്യത നിലനിൽക്കുന്നതിനാൽ രണ്ട് ദിവസം കഴിഞ്ഞ് തെളിവെടുപ്പ് നടത്തിയാൽ മതിയെന്നാണ് പോലീസിന്റെ തീരുമാനം. ഈ ദിവസങ്ങളിൽ പോലീസ് പ്രതികളെ വിശദമായി ചോദ്യം ചെയ്യും. കൊല്ലപ്പെട്ട മധു നൽകിയ മൊഴിയുടെയും ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ കഴിഞ്ഞദിവസമാണ് മുഴുവൻ പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തത്.
ഫെബ്രുവരി 22 വ്യാഴാഴ്ച ഉച്ചയോടെ ചിണ്ടക്കിയിലെ തേക്ക് കൂപ്പിൽ നിന്നാണ് മധുവിനെ അക്രമികൾ പിടികൂടിയത്. അരിയും മറ്റു സാധനങ്ങളും മോഷ്ടിച്ചെന്ന് ആരോപിച്ച് അക്രമിസംഘം മധുവിനെ ക്രൂരമായി മർദ്ദിച്ചു. തുടർന്ന് മധുവിനെ കൈകൾ കെട്ടിയിട്ട് മുക്കാലി കവല വരെ ഉന്തിത്തള്ളി നടത്തിച്ചു. ഇതിനുപിന്നാലെ പോലീസ് ജീപ്പിൽ കയറ്റിയപ്പോഴാണ് മധു മരണപ്പെട്ടത്. ആക്രമണത്തിന്റെ ദൃശ്യങ്ങളും പ്രതികൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഈ ദൃശ്യങ്ങളും കേസ് അന്വേഷണത്തിൽ പോലീസിനെ സഹായിച്ചു.












Click it and Unblock the Notifications