ആറ്റിങ്ങലില്‍ യുഡിഎഫ് അല്‍പം വിയർക്കും: നിയമസഭയിലെ ഇടത് ഭൂരിപക്ഷം ലക്ഷത്തിലേറെ, അറിയാം മണ്ഡല ചരിത്രം
കേവലം മൂന്ന് ലോക്സഭ തിരഞ്ഞെടുപ്പിന്റെ ചരിത്രം പറയാനുള്ള കേരളത്തിലെ ചുരുക്കം ചില മണ്ഡലങ്ങളിലൊന്നാണ് ആറ്റിങ്ങല്‍. 2008 ലെ മണ്ഡലം പുനഃനിർണ്ണയത്തോടെയാണ് ആറ്റിങ്ങല്‍ മണ്ഡലം രൂപപ്പെടുന്നത്. നേരത്തെ ചിറയിന്‍കീഴ് ലോക്സഭ മണ്ഡലത്തിന്റെ ഭാഗമായിരുന്ന ഭൂരിപക്ഷം പ്രദേശങ്ങളും ഉള്‍പ്പെടുത്തിയാണ് ആറ്റിങ്ങല്‍ മണ്ഡലം രൂപീകരിച്ചത്. ഇതോടെ ചിറയിന്‍കീഴ് ലോക്സഭ മണ്ഡലം ഇല്ലാതാവുകയും ചെയ്തു.
പഴയ ചിറയിന്‍കീഴ്
1957 ലെ ആദ്യ ലോക്സഭ തിരഞ്ഞെടുപ്പ് മുതല്‍ തന്നെ കമ്യൂണിസ്റ്റ് പാർട്ടികള്‍ക്ക് വ്യക്തമായ സ്വാധീനമുണ്ടായിരുന്ന മണ്ഡലമായിരുന്നു ചിറയിന്‍കീഴ്. ആദ്യ രണ്ട് തിരഞ്ഞെടുപ്പുകളില്‍ സി പി ഐയിലെ എംകെ കുമാരനും 67 ല്‍ കെ അനിരുന്ദനും വിജയിച്ചു. 71 ലെ അഞ്ചാം തിരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസ് ആദ്യമായി ചിറയിന്‍കീഴില്‍ വിജയിക്കുന്നത്. വയലാർ രവിയായിരുന്നു വിജയി. 77 ലും അദ്ദേഹം വിജയം തുടർന്നു.

1980 ല്‍ എഎ റഹീം, 84, 89 തുടങ്ങിയ വർഷങ്ങളില്‍ തലേക്കുന്നില്‍ ബഷീർ കോണ്‍ഗ്രസിന് വേണ്ടി മണ്ഡലം നിലനിർത്തി. 91 ല്‍ സൂശീല ഗോപാലനിലൂടെ സി പി എം മണ്ഡലം തിരിച്ച് പിടിച്ചു. 96 ല്‍ സി പി എം സ്ഥാനാർത്ഥി എ സമ്പത്തും 98, 99, 2004 വർഷങ്ങളില്‍ ചിറയിന്‍കീഴില്‍ നിന്നും വർക്കല രാധാകൃഷ്ണന്‍ വിജയിച്ചു. ആറ്റിങ്ങല്‍ മണ്ഡലം രൂപം കൊണ്ടതിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പിലും രണ്ടാമത്തെ തിരഞ്ഞെടുപ്പിലും എ സമ്പത്ത് സി പി എമ്മിന് വേണ്ടി സീറ്റ് നിലനിർത്തി.
2019 ലെ മത്സരം
2019 ല്‍ അടൂർ പ്രകാശിനെ ഇറക്കിയുള്ള ശക്തി പ്രകടനത്തില്‍ 1991 ന് ശേഷം ആദ്യമായി മണ്ഡലത്തില്‍ കോണ്‍ഗ്രസ് വിജയിച്ചു. എ സമ്പത്തിനെ 38247 വോട്ടിനായിരുന്നു അടൂർ പ്രകാശ് പരാജയപ്പെടുത്തിയത്. യു ഡി എഫിന് 380,995 വോട്ട് കിട്ടിയപ്പോള്‍ സമ്പത്തിന് 3,42,748 വോട്ടും ലഭിച്ചു. 2,48,081 വോട്ടുമായി ബി ജെ പിയും ശക്തമായ പ്രകടനം കാഴ്ചവെച്ചു. ആറ്റിങ്ങലിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടായിരുന്നു ബി ജെ പിക്ക് ഇത്രയും അധികം വോട്ടുകള്‍ മണ്ഡലത്തില്‍ ലഭിക്കുന്നത്.
ഇത്തവണത്തെ സ്ഥാനാർത്ഥികള്‍
അടൂർ പ്രകാശ് തന്നെയാണ് ഇത്തവണയും മണ്ഡലത്തില്‍ യു ഡി എഫിന് വേണ്ടി മത്സരിക്കുന്നത്. ഏത് വിധേനയും മണ്ഡലം തിരിച്ചുപിടിക്കുകയെന്ന ഉദ്ദേശത്തോടെ വർക്കല നിയോജക മണ്ഡലത്തിലെ എം എല്‍ എയും പാർട്ടി തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുമായ വി ജോയിയൊയാണ് സി പി എം രംഗത്ത് ഇറക്കിയിരിക്കുന്നത്. ബി ജെ പിക്ക് വേണ്ടി കേന്ദ്രമന്ത്രി വി മുരളീധരനും മത്സരിക്കുന്നു. കഴിഞ്ഞ തവണത്തെ രണ്ടര ലക്ഷത്തിന് അടുത്ത വോട്ട് വിഹിതം ഉയർത്തി വിജയിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബി ജെ പി കേന്ദ്രമന്ത്രിയെ തന്നെ മത്സരിപ്പിക്കുന്നത്.
നിയമസഭ മണ്ഡലങ്ങള്‍
വർക്കല, ആറ്റിങ്ങല്‍, ചിറയിന്‍കീഴ്, നെടുമങ്ങാട്, വാമനപുരം, അരുവിക്കര, കാട്ടാക്കട എന്നിവയാണ് ചിറയിന്‍ കീഴ്ലോക്സഭ മണ്ഡലത്തിന് കീഴില്‍ വരുന്ന നിയമസഭ മണ്ഡലങ്ങള്‍. ഇതില്‍ എല്ലാമണ്ഡലത്തിലും 2021 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫാണ് വിജയിച്ചത്. വർക്കല - 17821, ആറ്റിങ്ങല്‍ - 31636 ചിറയിന്‍കീഴ് - 14017, നെടുമങ്ങാട് - 23309, വാമനപുരം - 9596 , അരുവിക്കര - 5046, കാട്ടാക്കട - 23231 എന്നിങ്ങനെയായിരുന്നു നിയമസഭ മണ്ഡലങ്ങളിലെ എല്‍ ഡി എഫ് ഭൂരിപക്ഷം.












Click it and Unblock the Notifications