'മാംഗോ' പേടിയില്‍ കോഴിക്കോട് ഓട്ടോ സമരം... കാലം മാറിയതൊന്നും നമ്മളറിഞ്ഞില്ലേ!!!
കോഴിക്കോട്: ദിവസങ്ങള്‍ക്ക് മുമ്പാണ് കോഴിക്കോട് ഓണ്‍ലൈന്‍ ടാക്‌സി സര്‍വ്വീസുമായി 'മാംഗോ കാബ്‌സ്' എത്തിയത്. അധികം കഴിഞ്ഞില്ല, കോഴിക്കോട്ടെ ഓട്ടോ-ടാക്‌സി തൊഴിലാളികള്‍ സമരവുമായി രംഗത്തെത്തി.
ജൂലായ് 16 ശനിയാഴ്ച രാവിലെ ആറ് മണി മുതല്‍ ഉച്ചയ്ക്ക് രണ്ട് മണിവരെ കോഴിക്കോട് നഗരത്തില്‍ ഓട്ടോ-ടാക്‌സി തൊഴിലാളികളുടെ പണിമുടക്കാണ്. അതിന് ശേഷം അവര്‍ മാംഗോ കാബ്‌സിന്റെ ഓഫീസിന് മുന്നില്‍ ധര്‍ണയും നടത്തുന്നുണ്ട്.
ഓണ്‍ലൈന്‍ ടാക്‌സിയുടെ മറവില്‍ കോഴിക്കോട് നഗരത്തില്‍ അനിധികൃത സര്‍വ്വീസ് നടത്താനാണ് മാംഗോ കാബ്‌സിന്റെ ശ്രമം എന്നാണ് തൊഴിലാളികളുടെ ആരോപണം. തങ്ങള്‍ക്ക് തൊഴില്‍ നഷ്ടം ഉണ്ടാകുമെന്നും ഇവര്‍ വാദിയ്ക്കുന്നു.

ഇന്ത്യയിലെ വമ്പന്‍ നഗരങ്ങളിലെല്ലാം ഉള്ള സംഗതിയാണ് ഓണ്‍ലൈന്‍ ടാക്‌സികള്‍. കേരത്തില്‍ തിരുവനന്തപുരത്തും കൊച്ചിയിലും തുടങ്ങിക്കഴിഞ്ഞു. കൊച്ചിയില്‍ ഇതിനെതിരെ തൊഴിലാളികള്‍ സമരം നടത്തിയെങ്കിലും തൊഴിലാളികളുടെ നേതൃത്വത്തില്‍ പുതിയ ഓണ്‍ലൈന്‍ ടാക്‌സി സര്‍വ്വീസ് തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ്.
അതിനിടെയാണ് കോഴിക്കോട്ടെ സമരം. രാജ്യത്തെ മിക്ക നഗരങ്ങളിലും ഓട്ടോ, ടാക്‌സി തൊഴിലാളികള്‍ നടത്തുന്നത് ശരിയ്ക്കും പകല്‍ കൊള്ളയാണ്. കോഴിക്കോട് നഗരത്തിലെ ഓട്ടോക്കാരെ കുറിച്ച് അങ്ങനെ ഒരു ചീത്തപ്പേര് ഇല്ല എന്നത് സത്യം തന്നെ. പക്ഷേ ഓണ്‍ലൈന്‍ ടാക്‌സികള്‍ വന്നതിന് ശേഷമാണ് വന്‍ നഗരങ്ങളിലെ ഓട്ടോ-ടാക്‌സി തൊഴിലാളികളുടെ പകല്‍ക്കൊള്ള അവസാനിച്ചത്.
ബെംഗളുരു നഗരം തന്നെ ഉദാഹരണമായി എടുക്കാം. ഓട്ടോ റിക്ഷയ്ക്ക് അവര്‍ പറയുന്ന പൈസ കൊടുക്കണം എന്ന സ്ഥിതി ഇപ്പോള്‍ മാറിയിരിക്കുന്നു. അവിടെ ഓട്ടോറിക്ഷകളുടെ കാര്യത്തിലും ഓണ്‍ലൈന്‍ സേവനം ഇപ്പോള്‍ ലഭ്യമാണ്. സാധാരണ വന്‍തുക ആവശ്യപ്പെടാറുള്ള ഓട്ടോ തൊഴിലാളികള്‍ പോലും ഓല, യൂബര്‍ എന്നിവയോട് മത്സരിയ്ക്കാന്‍ വേണ്ടി ചാര്‍ജ്ജ് കുറയ്ക്കാന്‍ തയ്യാറാകുന്നുണ്ട്.
തൊഴില്‍ നഷ്ടമാകും എന്ന വാദവും മറ്റ് നഗരങ്ങളിലെ സാഹചര്യങ്ങള്‍ പരിശോധിച്ചാല്‍ അംഗീകരിയ്ക്കാനാവില്ല. പലയിടത്തും നിലവിലെ ഓട്ടോറിക്ഷകളും ടാക്‌സികളും തന്നെയാണ് ഓണ്‍ലൈന്‍ കമ്പനികളും ഉപയോഗിക്കുന്നത്.
യാത്രക്കാരന് ഏറ്റവും സൗകര്യപ്രദമാണ് എന്നതാണ് ഓണ്‍ലൈന്‍ ടാക്‌സികളുടെ പ്രത്യേകത. ചാര്‍ജ്ജിന്റെ കാര്യത്തില്‍ ഒരു തര്‍ക്കത്തിനും ഓണ്‍ലൈന്‍ ടാക്‌സികള്‍ ഇടവരുത്താറും ഇല്ല.












Click it and Unblock the Notifications