കലാപമുണ്ടാക്കുന്നത് തെമ്മാടി വിജയനും 20 കള്ളന്മാരും, മുഖ്യമന്ത്രിയെ അസഭ്യം പറഞ്ഞ് ബി ഗോപാലകൃഷ്ണൻ
കായംകുളം: ശബരിമലയില്‍ സ്ത്രീ പ്രവേശനമാകാം എന്ന സുപ്രീം കോടതി വിധിയെ അനുകൂലിക്കുന്ന നിലപാടെടുക്കുകയും വിധി നടപ്പിലാക്കുകയും ചെയ്ത മുഖ്യമന്ത്രി പിണറായി വിജയനെ വ്യക്തിപരമായി ആക്രമിക്കുന്നതിലേക്ക് കടന്നിരിക്കുകയാണ് ബിജെപി നേതാക്കളും അണികളും. ജാതി പറഞ്ഞടക്കമാണ് സോഷ്യല്‍ മീഡിയയിലും പുറത്തും മുഖ്യമന്ത്രി അധിക്ഷേപിക്കപ്പെടുന്നത്.
മുഖ്യമന്ത്രിയെ കേട്ടാല്‍ അറയ്ക്കുന്ന ഭാഷയില്‍ തെറി പറയുകയും വിവാദമാകുമ്പോള്‍ മദ്യലഹരിയില്‍ ആയിരുന്ന ന്യായീകരണത്തോടെ മാപ്പ് പറയുന്നതും സ്ഥിരമായിക്കൊണ്ടിരിക്കുന്നു. ബിജെപി നേതാക്കളും മുഖ്യമന്ത്രിയെ അധിക്ഷേപിക്കാന്‍ മത്സരിക്കുകയാണ്.

മുഖ്യമന്ത്രിക്ക് അധിക്ഷേപം
ബിജെപി നേതാക്കളായ ശോഭാ സുരേന്ദ്രനും എഎന്‍ രാധാകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിക്കാന്‍ മുന്നിലുളളവരാണ്. ബിജെപി സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണനും ഒട്ടും പിറകിലല്ല. കായംകുളത്ത് ബിജെപി നടത്തിയ പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ചില്‍ പ്രസംഗിക്കവേയാണ് മുഖ്യമന്ത്രിയെ ഗോപാലകൃഷ്ണന്‍ അസഭ്യം പറഞ്ഞത്. ചെറ്റയെന്നാണ് പിണറായിയെ തന്റെ പ്രസംഗത്തില്‍ ഗോപാലകൃഷ്ണന്‍ വിശേഷിപ്പിച്ചത്.

തെമ്മാടി വിജയൻ
പിണറായി എന്ന തെമ്മാടിക്ക് എന്ത് പറ്റിയെന്നാണ് നാട്ടുകാര്‍ ഇപ്പോള്‍ ചോദിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന് ചിത്തഭ്രമം പിടിച്ചോയെന്ന് നാട്ടുകാര്‍ സംശയിക്കുന്നു. ആലിബാബയും 41 കളളന്മാരും എന്ന് നമ്മള്‍ കേട്ടിട്ടുണ്ട്. അതുപോലെ തെമ്മാടി വിജയനും 20 കള്ളന്മാരുമാണ് ഇന്ന് കേരളം ഭരിക്കുന്നത്. അതുകൊണ്ടാണ് കേരളത്തില്‍ കലാപമുണ്ടാകുന്നത് എന്നും ബി ഗോപാലകൃഷ്ണന്‍ പ്രസംഗിച്ചു.

വിരട്ടാന്‍ ശ്രമിക്കേണ്ട
പത്ത് പോലീസുകാരേയും പതിമൂന്ന് ലാത്തിയും കണ്ടാല്‍ ഭയക്കുന്നവരല്ല ബിജെപിക്കാര്‍. സംഘപരിവാര്‍ പ്രവര്‍ത്തകരെ വിരട്ടാന്‍ ശ്രമിക്കേണ്ട. പിണറായിക്കെതിരെ ആരെങ്കിലും പറഞ്ഞാലോ ഫേസ്ബുക്കില്‍ എഴുതിയാലോ കേസെടുക്കുകയാണ്. ബിജെപിയുടെ ജനറല്‍ സെക്രട്ടറി എന്ന പേരില്‍ തനിക്കെതിരെ കേസെടുക്കാനും ഗോപാലകൃഷ്ണന്‍ വെല്ലുവിളിച്ചു.

ശിഖണ്ഡികളെ നിർത്തി പോരാട്ടം
ഒന്നല്ല, പത്ത് വട്ടം പിണറായി വിജയനെന്ന തെമ്മാടിയാണ് കേരളം ഭരിക്കുന്നത് എന്ന് പറയുമെന്ന് ഗോപാലകൃഷ്ണന്‍ ആവര്‍ത്തിച്ചു. നേരിട്ട് ഏറ്റുമുട്ടാന്‍ സിപിഎമ്മിന് ഭയമാണെന്നും ശിഖണ്ഡികളെ മുന്‍ നിര്‍ത്തിയാണ് പോരാടുന്നതെന്നും ബിജെപി നേതാവ് പരിഹസിച്ചു. സിപിഎമ്മിന്റെ ശിഖണ്ഡികളായി എസ്ഡിപിഐക്കാര്‍ വരുന്നുവെന്നും ബി ഗോപാലകൃഷ്ണന്‍ ആരോപിച്ചു.

പിണറായി കൊലയാളി
ഒരു പേരാമ്പ്ര സൃഷ്ടിക്കാനാണ് പിണറായി വിജയന്‍ ശ്രമിക്കുന്നത്. അത് കേരളത്തിലെ മുസ്ലീംകള്‍ ഓര്‍ക്കണം. ചോര കുടിച്ച് മനുഷ്യനെ കൊന്ന ഈദി അമീന്റെ കേരളീയ രൂപവും ഭാവവും ആണ് പിണറായി വിജയന്. അക്രമത്തെക്കുറിച്ച് പറയാന്‍ എന്ത് മാന്യതയാണ് പിണറായി വിജയനുളളതെന്നും ഗോപാലകൃഷ്ണന്‍ ചോദിച്ചു. പിണറായി തന്നെ ഒരു കൊലയാളിയാണ്.

ഇപ്പോഴും പാർട്ടി സെക്രട്ടറി
തയ്യല്‍ തൊഴിലാളിയായ വാടിക്കല്‍ രാമകൃഷ്ണനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് തെമ്മാടി വിജയനെന്നും ബിജെപി നേതാവ് അധിക്ഷേപിച്ചു. കോടിയേരി ബാലകൃഷ്ണനാണ് രണ്ടാമത്തെ തെമ്മാടി. പിണറായി വിജയന്‍ ഇപ്പോഴും പാര്‍ട്ടി സെക്രട്ടറി മാത്രമാണെന്നും പാര്‍ട്ടി സെക്രട്ടറിയില്‍ നിന്ന് മുഖ്യമന്ത്രിയായി ഉയര്‍ന്നിട്ടില്ലെന്നും ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു.












Click it and Unblock the Notifications