'ഗണേഷ് കുമാർ, മുകേഷ്'; ഇവരുടെയൊക്കെ പേര് പുറത്ത് വരുമെന്ന് കരുതുന്നുണ്ടോയെന്ന് ബൈജു കൊട്ടാരക്കര
മലയാള സിനിമയിലെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് 15 പേർ അടങ്ങുന്ന ഒരു ഗ്രൂപ്പാണെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വരുന്നതിന് മുമ്പ് തന്നെ ഞാന്‍ പറഞ്ഞിരുന്നുവെന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര. ഹേമ കമ്മിറ്റി റിപ്പോർട്ടിലുള്ള ആ 15 പേരുടെ പേര് വിവരങ്ങള്‍ പുറത്ത് വന്നാല്‍ കേരളത്തിലൂടെ തലയില്‍ മുണ്ടിട്ട് നടക്കേണ്ടി വരുമെന്നും ഞാന്‍ ഒരു ചാനല്‍ ചർച്ചയില്‍ പറഞ്ഞിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വരുന്നതിന് മുമ്പ് ഞാന്‍ എങ്ങനെയാണ് ഇതെല്ലാം അറിഞ്ഞത്. അപ്പോള്‍ അറിയേണ്ട ആളുകളൊക്കെ ഈ റിപ്പോർട്ട് കുറച്ച് നേരത്തെ തന്നെ അറിഞ്ഞു. സർക്കാറിന്റെ കീഴിലുള്ള ചില ആളുകള്‍, അതായത് പല ബോർഡുകളിലും മറ്റുമൊക്കെ ജോലി ചെയ്യുന്ന സിനിമക്കാരൊക്കെ ഉണ്ടല്ലോ? അവർ ഉള്‍പ്പെടെ ഈ സംഗതി നേരത്തെ കണ്ടിട്ടുണ്ടെന്നാണ് ചില ആളുകള്‍ പറയുന്നതെന്നും മീഡിയവണ്‍ ചാനലിന്റെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് ബൈജു കൊട്ടാരക്കര അഭിപ്രായപ്പെടുന്നു.

അങ്ങനെ പറഞ്ഞതുകൊണ്ടാണ് ഇത് ഒരു കാരണവശാലും വെളിച്ചം കാണരുതെന്ന് അവർ കരുതിയത്. കാട്ടുമാക്കാന്‍ എന്ന് പറയുന്ന ഒരു സിനിമയില്‍ അഭിനയിച്ച സജി പാറയില്‍ വന്നാണ് അദ്ദേഹത്തിന്റെ മാനത്തിന് പ്രശ്നം ഉണ്ടാകുമെന്ന് പറഞ്ഞ് റിപ്പോർട്ട് പുറത്ത് വരുന്നതിനെതിരെ ആദ്യം സ്റ്റേ വാങ്ങിക്കാന്‍ പോയത്. മലയാള സിനിമയില്‍ ആർക്കാണ് ഈ സജി പാറയിലിനെ അറിയാവുന്നത്.
അയാള്‍ പറയുന്നു ഞാന്‍ നിർമ്മാതാവാണെന്ന്. ശരിയാണ് അദ്ദേഹം തമ്പുരാട്ടി എന്ന് പറയുന്ന സിനിമ നിർമ്മിച്ചു, എന്നാല്‍ രണ്ട് ദിവസം പോലും തിയേറ്ററില്‍ ഓടിയില്ല. സജി പാറയിലിന് പിന്നാലെ രംഗത്ത് വന്നത് ചിത്രം പോലുള്ള സിനിമകളില്‍ അഭിനയിച്ച രഞ്ജിനിയാണ്. രഞ്ജിനിക്ക് എന്താണ് ഇതില്‍ കാര്യം. അവർ മൊഴി കൊടുത്തിട്ടുണ്ടെങ്കില്‍ അവർക്ക് കമ്മീഷന്റെ മുമ്പില്‍ പോയി താന്‍ പറഞ്ഞ മൊഴി എനിക്കൊന്ന് കേള്‍ക്കണം എന്ന് പറയാമായിരുന്നു. എന്നാല്‍ റിപ്പോർട്ട് തന്നെ പുറത്ത് വരുന്നത് മുടക്കാനായിരുന്നു ബൈജു കൊട്ടാരക്കര പറയുന്നു.
സർക്കാരുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന, ഇടതുപക്ഷ ബന്ധമുള്ള ഒരുപാട് പേർ സിനിമയിലുണ്ട്. എം എല്‍ എമാരും മന്ത്രിമാരൊക്കെയുണ്ട്. ആത്മയുടെ നേതാവെന്ന് ഈ റിപ്പോർട്ടില്‍ പറയുന്നുണ്ട്. ആരാണ് ആത്മയുടെ ആ നേതാവ്. അത് എന്റെ ക്ലാസ് മേറ്റ് കൂടിയായ ഗണേഷ് കുമാറാണ്. അദ്ദേഹത്തിന്റെ പേര് പുറത്ത് വരുമോ? മുകേഷ് എം എല്‍ എ. ഇവരുടെയൊക്കെ പേര് പുറത്ത് വരുമോ?
സർക്കാരുമായി ബന്ധപ്പെട്ട ആളുകളുടെ പേര് വിവരങ്ങള്‍ പുറത്ത് വരുന്നത് തങ്ങള്‍ക്ക് തന്നെ നാണക്കേട് ആകുമെന്ന തോന്നല്‍ സർക്കാറിനുണ്ട്. അവരെ സംരക്ഷിക്കാന്‍ വേണ്ടിയാണ് ഈ പണിയൊക്കെ കാണിക്കുന്നത്. ഒരു കോണ്‍ക്ലേവ് നടത്തിയതുകൊണ്ട് ഇത് പരിഹരിക്കപ്പെടുമോയെന്നും അദ്ദേഹം ചോദിക്കുന്നു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നത് മുതല്‍ തന്നെ 15 ഗ്രൂപ്പ് പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. അവരുടെ ഉച്ഛിഷ്ടം ഭക്ഷിക്കുന്ന ചില ആളുകള്‍ മലയാള സിനിമയിലുണ്ട്. അവർ പല ചാനലുകളില്‍ ഇരുന്ന് ന്യായീകരണം നടത്തുന്നു. ഇതുവരെയുള്ളതൊക്കെ പോട്ടെ, ഇനിയുള്ളതൊക്കെ നന്നാക്കാം എന്നതാണ് ഇവരുടെ വാദമെന്നും ബൈജു കൊട്ടാരക്കര കൂട്ടിച്ചേർക്കുന്നു.
സിനിമ മേഖലയില്‍ അലിഖിതമായ നിയമങ്ങള്‍ ഉണ്ടെന്ന് മാലാ പാർവതി പറഞ്ഞു. ശരിയാണ്. ഈ അലിഖിത നിയമങ്ങള്‍ എന്ന് പറയുന്നത് ഇതുപോലുള്ള ചൂഷകന്മാർക്ക് വേണ്ടിയുള്ള നിയമങ്ങളാണ്. ഞങ്ങള്‍ക്ക് എന്തും ആകാം, ഞങ്ങളെ ധിക്കരിച്ചാല്‍ നീ സിനിമയില്‍ ഉണ്ടാകില്ലെന്നതാണ് ചൂഷകന്മാരുടെ നിയമങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications