ബാര്‍ കോഴയില്‍ കെഎം മാണിയെ ചോദ്യം ചെയ്യാന്‍ അനുമതി?
തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ ധനമന്ത്രി കെഎം മാണിയെ ചോദ്യം ചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. മാണിയെ ചോദ്യം ചെയ്യുന്നതിന് വിജിലന്‍സ് ഡയറക്ടര്‍ അന്വേഷണ ഉദ്യോഗസ്ഥന് അനുമതി നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍.
ബാര്‍ കോഴ വിവാദം ഉയര്‍ത്തിക്കൊണ്ടുവന്ന ബിജു രമേശിന്റേയും അദ്ദേഹത്തിന്റെ ഡ്രൈവറുടേയും മൊഴിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം വിജിലന്‍സ് ഉദ്യോഗസ്ഥര്‍ കെഎം മാണിയുടെ ഔദ്യോഗിക വസതിയില്‍ പരിശോധന നടത്തിയിരുന്നു. നിര്‍ണായക തെളിവ് ഈ പരിശോധനയില്‍ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.

ബിജു രമേശിന്റേയും ഡ്രൈവറുടേയും മൊഴി പ്രകാരം, ബിജു രമേശിന്റെ കാറിലാണ് ബാര്‍ ഉടമകളുടെ സംഘടന പ്രസിഡന്റ് രാജ്കുമാര്‍ ഉണ്ണി കെഎം മാണിയുടെ ഔദ്യോഗിക വസതിയില്‍ എത്തി പണം നല്‍കിയത്. ബിജു രമേശിന്റെ കാര്‍ ആ ദിവസം കെഎം മാണിയുടെ ഔദ്യോഗിക വസതിയില്‍ എത്തിയെന്നതിന് പരിശോധനയില്‍ തെളിവ് ലഭിച്ചുകഴിഞ്ഞു.
ഈ സാഹചര്യത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥനായ എസ്പിയ്ക്ക് ധനമന്ത്രിയെ ചോദ്യം ചെയ്യാന്‍ വിജിലന്‍സ് ഡയറക്ടര്‍ അനുമതി നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏഷ്യാനെറ്റ് ന്യൂസ് ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
തന്‍റെ വീട്ടില്‍ വിജിലന്‍സ് പരിശോധന നടത്തിയ കാര്യം കെഎം മാണി സ്ഥിരീകരിച്ചിട്ടുണ്ട്. വിഷയത്തില്‍ മാണി മുഖ്യമന്ത്രിയോട് ക്ഷോഭിച്ചിരുന്നു എന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ഇക്കാര്യം അദ്ദേഹം നിഷേധിച്ചു.












Click it and Unblock the Notifications