ബിഡിജെഎസ് യുഡിഎഫിലേക്ക്? ചെന്നിത്തലയ്ക്ക് പിന്തുണ, 'ബിജെപിക്കൊപ്പം നിന്നാല്‍ പാര്‍ട്ടി വളരില്ല'
ആലപ്പുഴ: എന്‍ ഡി എയില്‍ ബി ഡി ജെ എസ് കടുത്ത അതൃപ്തിയിലെന്ന് റിപ്പോര്‍ട്ട്. മുന്നണി മാറ്റം പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ ആലോചിക്കുന്നുണ്ട് എന്നാണ് വിവരം. കേരളത്തിലെ എന്‍ ഡി എയിലെ രണ്ടാമത്തെ വലിയ കക്ഷിയാണെങ്കിലും ആ പരിഗണന ബി ജെ പിയില്‍ നിന്ന് ലഭിക്കുന്നില്ല എന്നതാണ് ബി ഡി ജെ എസിന്റെ പരാതി. എന്‍ ഡി എ വിട്ട് യു ഡി എഫിലേക്ക് പോകണം എന്നാണ് പാര്‍ട്ടിയിലെ മിക്ക നേതാക്കളുടേയും നിലപാട്.
കോണ്‍ഗ്രസ് നേതാക്കളുമായി ഇതുമായി ബന്ധപ്പെട്ട് ചില ബി ഡി ജെ എസ് നേതാക്കള്‍ അനൗദ്യോഗിക ചര്‍ച്ച പോലും നടത്തിയിട്ടുണ്ട് എന്നാണ് വിവരം. ബി ഡി ജെ എസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിക്ക് പോലും അര്‍ഹമായ പരിഗണന മുന്നണിയില്‍ ലഭിക്കുന്നില്ല എന്നതാണ് പാര്‍ട്ടിയുടെ മുഖ്യ ആരോപണം. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആലപ്പുഴ, ആറ്റിങ്ങല്‍, തൃശൂര്‍ എന്നിവിടങ്ങളിലെല്ലാം ബി ജെ പി സ്ഥാനാര്‍ത്ഥികള്‍ക്ക് ഗണ്യമായ അളവില്‍ വോട്ട് കൂടിയിരുന്നു.

ഇതിന് കാരണം എസ് എന്‍ ഡി പി യോഗം സ്വീകരിച്ച നിലപാടാണ് എന്നാണ് ബി ഡി ജെ എസ് അവകാശപ്പെടുന്നത്. എന്നാല്‍ ആ പരിഗണന ബി ജെ പി പാര്‍ട്ടിക്ക് തരുന്നില്ല എന്നതാണ് നേതാക്കളില്‍ ചിലരുടെ പരാതി. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ബി ഡി ജെ എസ് പ്രത്യേക സഹായമൊന്നും എന്‍ ഡി എ സ്ഥാനാര്‍ത്ഥിക്ക് വേണ്ടി ചെയ്തിരുന്നില്ല. അതിനാലാണ് സി പി എമ്മിന് വോട്ട് കുറയാതിരുന്നത് എന്നും നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നു.
സംസ്ഥാനത്ത് എന്‍ ഡി എ ദുര്‍ബലമാണ് എന്നും മുന്നണിയില്‍ നേതൃയോഗം പോലും നടക്കുന്നില്ല എന്നും ബി ഡി ജെ എസ് കുറ്റപ്പെടുത്തുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രാദേശികതലത്തില്‍ മുന്നൊരുക്കമൊന്നും നടക്കുന്നില്ല. ഇതെല്ലാം പാര്‍ട്ടിയെ മുന്നണി മാറ്റത്തിന് പ്രേരിപ്പിക്കുന്നുണ്ട്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ ഈഴവ വോട്ടുകള്‍ക്ക് മേല്‍ക്കൈയുള്ള സ്ഥലങ്ങളില്‍ ഒറ്റയ്ക്കു മത്സരിക്കുന്നതിനെ കുറിച്ച് പോലും പാര്‍ട്ടിക്കുള്ളില്‍ ആലോചനയുണ്ട്.
മറ്റു പാര്‍ട്ടികളില്‍ നിന്ന് ബി ഡി ജെ എസിലെത്തുന്നവര്‍ ക്രമേണ ബി ജെ പിക്കാരായി മാറുന്നു. പാര്‍ട്ടിക്ക് വളര്‍ച്ചയില്ലാത്തത് എന്‍ ഡി എയില്‍ നില്‍ക്കുന്നതു കൊണ്ടാണെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. അടുത്തിടെ ബി ഡി ജെ എസ് നേതൃയോഗം ചേര്‍ന്നിരുന്നു. ഇതിലാണ് മുന്നണി മാറ്റം വേണം എന്ന് ചില നേതാക്കള്‍ ആവശ്യം ഉയര്‍ത്തിയത്. എന്നാല്‍ ഈ യോഗത്തില്‍ സ്ഥലത്തില്ലാതിരുന്നതിനാല്‍ തുഷാര്‍ വെള്ളാപ്പള്ളി പങ്കെടുത്തിരുന്നില്ല.
മുന്നണി മാറ്റം സംബന്ധിച്ച അന്തിമ തീരുമാനം തുഷാര്‍ വെള്ളാപ്പള്ളിയുടേതായിരിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരുമായി തുഷാറിന് നല്ല വ്യക്തിബന്ധമുണ്ട്. അതിനാല്‍, മുന്നണിമാറ്റത്തില്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ നിലപാട് നിര്‍ണായകമാണ്. എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മുന്നണി മാറ്റത്തിന് പ്രത്യേകമായ എതിര്‍പ്പില്ല എന്നാണ് സൂചന.
അതേസമയം ബി ഡി ജെ എസ് മുന്നണിയിലേക്ക് വരുന്നതിനെ കോണ്‍ഗ്രസിലെ ചില നേതാക്കള്‍ക്കും താല്‍പ്പര്യമുണ്ട്. കേരള കോണ്‍ഗ്രസ് മാണി വിഭാഗം യു ഡി എഫ് വിട്ടതിനാല്‍ ബി ഡി ജെ എസ് ഒപ്പം വരുന്നത് മധ്യതിരുവിതാംകൂറില്‍ ഗുണം ചെയ്‌തേക്കും എന്നാണ് വിലയിരുത്തല്‍. രമേശ് ചെന്നിത്തലയാണ് കോണ്‍ഗ്രസിനെ നയിക്കുന്നതെങ്കില്‍ കൂടുതല്‍ സന്തോഷം എന്ന നിലയിലാണ് ചില ബി ഡി ജെ എസ് നേതാക്കളുടെ പ്രതികരണം.
അടുത്തിടെ വെള്ളാപ്പള്ളി നടേശനും രമേശ് ചെന്നിത്തലയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസില്‍ നിന്ന് മുഖ്യമന്ത്രിയാകാന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനേക്കാള്‍ യോഗ്യന്‍ രമേശ് ചെന്നിത്തലയാണ് എന്നായിരുന്നു കഴിഞ്ഞ ദിവസം വെള്ളാപ്പള്ളി പറഞ്ഞിരുന്നത്.












Click it and Unblock the Notifications